യുദ്ധമൊഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും,ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും സൗദി 

യുദ്ധമൊഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും,ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും സൗദി 

യുദ്ധമൊഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സൗദി അറേബ്യ. മേഖലയില്‍ സമാധാനമുറപ്പാക്കാനാണ് എല്ലായ്‌പോഴും ശ്രമിക്കുന്നതെന്നും ഭരണകൂടം വ്യക്തമാക്കി. ആഴ്ചയിലൊരിക്കലുള്ള മന്ത്രിസഭാ യോഗ ശേഷം വാര്‍ത്താക്കുറിപ്പിലൂടെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്. കിങ് സല്‍മാന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. എണ്ണ വിപണിയില്‍ സ്ഥിരത നിലനിര്‍ത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. യെമനില്‍ നിന്നുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇറാന്റെ ഒത്താശയിലാണ് ആക്രമണങ്ങളെന്നാണ് സൗദിയുടെ ആരോപണം.

കുഴപ്പങ്ങളുണ്ടാക്കി ഗള്‍ഫ് മേഖലയെ അസ്ഥിരമാക്കാനാണ് ഇറാന്റെ ശ്രമമെന്ന് സൗദി വ്യക്തമാക്കുന്നു. മേഖലയ്ക്ക് വിനാശകരമായ നടപടികള്‍ സ്വീകരിക്കുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സൗദി അഭ്യര്‍ത്ഥിച്ചു. സൗദിയിലെ എണ്ണ സംഭരണകേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. കൂടാതെ മെക്ക ലക്ഷ്യമിട്ട് ഹൂതി മിസൈലുകള്‍ എത്തുകയും ചെയ്തു. ഇവ തകര്‍ത്തെന്ന് അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സൗദി ഭരണാധികാരി കിങ് സല്‍മാന്‍ മെയ് 30 ന് അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in