യുക്രൈനൊപ്പമെന്ന് യൂറോപ്യൻ യൂണിയൻ തെളിയിക്കണം; പോരാട്ടം അം​ഗത്വത്തിനുമെന്ന് സെലൻസ്കി

സെലൻസ്കി

സെലൻസ്കി

യുക്രൈനൊപ്പമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ തെളിയിക്കണമെന്ന് വൊളോഡിമർ സെലൻസ്കി. യൂറോപ്യൻ യൂണിയൻ അം​ഗമാകാനാണ് ഞങ്ങൾ പോരാടുന്നത്. നിങ്ങൾ യൂറോപ്യൻകാരാണെന്ന് തെളിയിക്കണം, അങ്ങനെയെങ്കിൽ ജീവിതം മരണത്തെ വിജയിക്കും, വെളിച്ചം ഇരുട്ടിനെയും. യൂറോപ്യൻ യൂണിയനിൽ അം​ഗമാകാനുള്ള അപേക്ഷയിൽ ഒപ്പുവെച്ചതിന് ശേഷമാണ് സെലസ്കി വീണ്ടും സമ്മർദ്ദം ശക്തമാക്കിയത്.

യുക്രൈനൊപ്പം യൂറോപ്യൻ യൂണിയൻ കുറേ കൂടി കരുത്തുറ്റതായിരിക്കുമെന്നും സെലൻസ്കി. യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ യുക്രൈനെ യൂറോപ്യൻ യൂണിയനിൽ എടുക്കാനുള്ള സമ്മർദ്ദം ശക്തമാണ്.

പാർലമെന്റിൽ മറ്റ് അം​ഗങ്ങൾ എത്തിയത് സ്റ്റാൻഡ് വിത്ത് യുക്രൈൻ ടീഷർട്ട് ധരിച്ച്

വൈകാരികമായി സ്റ്റാൻഡ് വിത്ത് യുക്രൈൻ ടീ ഷർട്ട് ധരിച്ചും, പ്ലക്കാർഡുകൾ ഉയർത്തിയുമാണ് യൂറോപ്യൻ യൂണിയൻ സാമാജികർ പാർലമെന്റിൽ എത്തിയത്. സെലൻസ്കിയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വാ​ഗതം ചെയ്തത്. യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് മാറോസ് സെഫ്കോവിക് ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ മനോഹരമായ രാജ്യം പുനർനിർമ്മിക്കാൻ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കത്തെഴുതി എട്ട് രാജ്യങ്ങൾ

നേരത്തെ എട്ട് രാജ്യങ്ങളുടെ പ്രസിഡന്റുമാരും യുക്രൈനെ യൂറോപ്യൻ യൂണിയനിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. റിപ്പബ്ലിക് ഓഫ് ബൾ​ഗേറിയ, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ലാറ്റീവ, ലിതുയാനിയ, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, സ്ലൊളൊവേനിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് കത്തെഴുതിയത്. യുക്രൈന് അടിയന്തരമായി യൂറോപ്യൻ യൂണിയൻ അം​ഗത്വം നൽകണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.

പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ ചീഫ് എക്സിക്യൂട്ടീവ്

യുക്രൈൻ യൂറോപ്യൻ യൂണിയൻ അം​ഗമാകുന്നതിൽ പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ ചീഫ് എക്സിക്യൂട്ടീവ് വോൺ ഡെർ ലെയ്ൻ രം​ഗത്തെത്തിയിരുന്നു. റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനെ നമ്മളിൽ ഒരാൾ എന്ന് വിളിച്ചുകൊണ്ടായിരുന്നു പിന്തുണ.

27 രാഷ്ട്രങ്ങളുള്ള യൂറോപ്യൻ യൂണിയൻ ചരിത്രത്തിൽ ആദ്യമായി യുദ്ധം നടക്കുന്ന ഒരു രാജ്യത്തിന് ആയുധ വിതരണം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഉർസുല വോൺ ഡെർ ലെയ്ൻ യുക്രൈൻ യൂറോപ്യൻ യൂണിയനിൽ അം​ഗമാകുന്നതിന് പിന്തുണ പ്രഖ്യാപിച്ചത്. യൂറോ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പരാമർശം.

450 മില്ല്യൺ യൂറോ വിലവരുന്ന ആയുധങ്ങളായിരിക്കും യൂറോപ്യൻ യൂണിയൻ യുക്രൈനിലേക്ക് അയക്കുക.

കുറച്ചു കാലം കഴിയുമ്പാൾ യുക്രൈൻ ഞങ്ങളോടൊപ്പം ആയിരിക്കും. അവർ ഞങ്ങളിൽ ഒരാളാണ്. ഞ​ങ്ങൾക്ക് അവരെ വേണം. വോൺ ഡെർ യൂറോ ന്യൂസിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in