അങ്ങനെയൊരു വിമാനദുരന്തം ദുബായില്‍ ഉണ്ടായിട്ടില്ല; വ്യാജപ്രചരണത്തില്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് 

അങ്ങനെയൊരു വിമാനദുരന്തം ദുബായില്‍ ഉണ്ടായിട്ടില്ല; വ്യാജപ്രചരണത്തില്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് 

ചൊവ്വാഴ്ച ദുബായില്‍ വിമാനാപകടമുണ്ടായെന്ന പ്രചരണം തള്ളി വ്യോമയാന മന്ത്രാലയം. വിമാനദുരന്തമുണ്ടായെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണമുണ്ടായതോടെയാണ് വിശദീകരണവുമായി വകുപ്പ് രംഗത്തെത്തിയത്. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ WAM ആണ് വ്യോമയാന അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വിമാനഗതാഗതം പതിവുപോലെ പുരോഗമിക്കുകയാണെന്നും കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ കൊളംബോയില്‍ നിന്നുള്ള ഒരു വിമാനം റദ്ദായിട്ടുണ്ട്. ഇവിടേക്കെത്തേണ്ട നാല് സര്‍വീസുകള്‍ വൈകിയിട്ടുമുണ്ട്. എന്നാല്‍ ദുബായില്‍ നിന്ന് പുറത്തേക്കുള്ള വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജിസിഎഎ അറിയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച യുകെ യില്‍ നിന്നുള്ള ഫോര്‍ സീറ്റര്‍ വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ചില വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തു.

അന്ന് വിമാനത്താവളം ഒരു മണിക്കൂര്‍ അടച്ചിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെയാണ് പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ്, ചൊവ്വാഴ്ച വിമാനാപകടമുണ്ടായെന്ന തരത്തില്‍ പ്രചരണമുണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹം പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in