‘ട്രംപ് കോട്ടിട്ട ഭീകരന്‍’, സൈനിക ഏറ്റുമുട്ടലിന് അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാന്‍;  പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്ക
Global

‘ട്രംപ് കോട്ടിട്ട ഭീകരന്‍’, സൈനിക ഏറ്റുമുട്ടലിന് അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാന്‍; പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്ക

THE CUE

THE CUE

ഒരു സൈനിക ഏറ്റുമുട്ടലിന് അമേരിക്കയക്ക് ധൈര്യമില്ലെന്ന് ഇറാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍റഹിം മൗസാവി. ഇറാന്‍ തങ്ങള്‍ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ അവരുടെ തന്ത്രപരമായ 52 കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായിട്ടാണ് ഇറാന്‍ സൈനിക മേധാവിയുടെ പ്രതികരണം.

ട്രംപ് കോട്ട് ധരിച്ച ഭീകരനാണെന്നും ഇറാനം പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫും പ്രതികരിച്ചു. ചരിത്രം ട്രംപ് ഉടന്‍ പഠിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിയെ ലക്ഷ്യം വച്ച് മിസൈല്‍ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപ് ഭീഷണി ഉയര്‍ത്തിയത്. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. ഇറാനെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായും അല്ലാതെയും പ്രാധാന്യമുള്ള ഇടങ്ങളാണ് ഇവയെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. 1979ല്‍ ഇറാന്‍ ബന്ദികളാക്കിയ യുഎസ് പൗരന്മാരുടെ എണ്ണം 52 ആണെന്നതാണ് ഈ അക്കത്തിന്റെ പ്രാധാന്യമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ലോകത്തെ ഏറ്റവും വലിയ, മികച്ച സൈന്യമാണ് ഞങ്ങളുടേത്. ആയുധങ്ങള്‍ക്ക് വേണ്ടി മാത്രം ഞങ്ങള്‍ ചെലവഴിച്ചത് രണ്ട് ട്രില്യണ്‍ ഡോളറാണ്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ ഒരു പുതിയ മനോഹരമായൊരു ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കും. അതില്‍ ഒരു സംശയവും വേണ്ട  

ഡൊണാള്‍ഡ് ട്രംപ്

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലടക്കമുള്ള അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

The Cue
www.thecue.in