6 മലയാളികളടക്കം 12 ഇന്ത്യക്കാര്‍ മരണപ്പെട്ട അപകടമുണ്ടായത്‌  ബസ് ദിശാബോര്‍ഡിലേക്ക് ഇടിച്ചുകയറി 
Global Malayali

6 മലയാളികളടക്കം 12 ഇന്ത്യക്കാര്‍ മരണപ്പെട്ട അപകടമുണ്ടായത്‌ ബസ് ദിശാബോര്‍ഡിലേക്ക് ഇടിച്ചുകയറി 

ജസിത സഞ്ജിത്ത്

ദുബായ് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 12 ആയി. 6 മലയാളികളടക്കം 17 പേരാണ് അപകടത്തില്‍ മരിച്ചത്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ധീന്‍,തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തിലകന്‍, വാസുദേവന്‍, തലശേരി സ്വദേശികളായ,ഉമര്‍, മകന്‍ നബീല്‍ ഉമര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഒമാനിലെ മസ്‌കറ്റില്‍ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്.

വ്യാഴാഴ്ച വൈകീട്ടോടെ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലാണ് അപകടമുണ്ടായത്. റാഷിദിയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിറ്റിലെ ദിശ ബോര്‍ഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.മരിച്ച ദീപക് കുമാറിന്റെ ഭാര്യയും മകനും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.ബസില്‍ 31 പേരുണ്ടായിരുന്നു. 3 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലും ഒപ്പം സാമൂഹ്യ പ്രവര്‍ത്തകരുമാണ്, ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരു ഒമാന്‍ സ്വദേശിയും,ഒരു ഐറിഷ് സ്വദേശിയും,രണ്ട് പാകിസ്ഥാനി സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

The Cue
www.thecue.in