ട്രാന്‍സ്‌ജെന്‍ഡറുകളോട് ഇനിയെങ്കിലും നീതി കാട്ടുമോ കേരളാ പോലീസ്?

ട്രാന്‍സ്‌ജെന്‍ഡറുകളോട് ഇനിയെങ്കിലും നീതി കാട്ടുമോ കേരളാ പോലീസ്?

'പത്ത് പോലീസുകാരുടെ കൂടെ അതേ യൂണിഫോമിട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമാണ്'.

സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ നീക്കം എന്ന വാര്‍ത്തയറിഞ്ഞ് വിളിച്ചപ്പോള്‍ കോഴിക്കോട്ടെ ട്രാന്‍സ്‌ജെന്‍ഡറായ സുസ്മിതയുടെ പ്രതികരണമാണിത്. സമാധാനം എന്ന വാക്ക് സുസ്മിത എന്തുകൊണ്ട് ഉച്ചരിച്ചു എന്നതിന് വലിയ വിശകലനമൊന്നും വേണ്ടി വരില്ല. സുസ്മിത തന്നെ അത് വിശദമാക്കുന്നു.

'പുറത്തിറങ്ങുമ്പോള്‍ പോലീസുകാരുടെ മുന്നില്‍ എത്തിപ്പെടുന്നത് ആലോചിച്ചായിരുന്നു ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത്. പോലീസില്‍ നിന്നായിരുന്നു നേരത്തെ ഏറ്റവും കൂടുതല്‍ ചൂഷണമുണ്ടായിരുന്നത്. പോലീസിലേക്ക് ഞങ്ങളുടെ ഇടയിലുള്ളവര്‍ എത്തുമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷവും സമാധാനവും തോന്നുന്നു. ഞങ്ങളെ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പോലീസില്‍ വലിയ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ'.

ട്രാന്‍സ്‌ജെന്‍ഡറുകളോട് പോലീസിന്റെ അതിക്രമത്തിന്റെ ഇരയാണ് സുസ്മിത. 25 വര്‍ഷമായി സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്ന ട്രാന്‍സ്‌ജെന്ഡറാണ്. 2017 ഡിസംബറില്‍ സുസ്മിതയേയും കൂട്ടുകാരി ജാസ്മിനെയും കോഴിക്കോട് കസബ പോലീസ് മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. പ്രകോപനമൊന്നുമില്ലാതെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അന്ന് സുസ്മിതയും ജാസ്മിനും പറഞ്ഞിരുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് എസ്.എം സ്ട്രീറ്റിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പോലീസിനെ കൊണ്ട് പരാതിയില്‍ അന്വേഷണം നടത്തിച്ചത്. പോലീസിനെതിരെ കേസുമായി മുന്നോട്ട് പോകുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് തന്നെ ദോഷമാകുമെന്ന ഭയമുണ്ടായി. സെക്‌സ് വര്‍ക്ക് ഉള്‍പ്പെടെ ചെയ്ത് ജീവിക്കുന്നവരാണ്. പോലീസിന്റെ ഭാഗത്ത് നിന്നും ഇനി ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് അന്ന് ലഭിച്ചു.

സുസ്മിത

സുസ്മിത

സുസ്മിതയുടെ വാക്കുകള്‍ മാത്രമല്ല, ഈ കണക്കുകളും ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി പോലീസില്‍ നിന്നും നേരിടുന്നത് എത്ര ഭീകരമായ അതിക്രമമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 52 ശതമാനം ട്രാന്‍സ്‌ജെന്‍ഡറുകള്‍ പോലീസില്‍ നിന്നും പീഡനം നേരിടുന്നുവെന്നും 70.3 ശതമാനം പേര്‍ക്കും പോലീസിനെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമില്ലെന്നും പറയുന്നത് സര്‍ക്കാര്‍ തന്നെയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2017ല്‍ സാമൂഹ്യനീതി വകുപ്പ് പുറത്ത് വിട്ടതാണിത്.

ഇപ്പോഴും പോലീസില്‍ നിന്നും അതിക്രമം നേരിടേണ്ടി വരുന്നുവെന്ന് സുസ്മിത പറയുന്നു. ഇതര സംസ്ഥാനത്ത് നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ നാല് പേര്‍ മക്കളായി കൂടെയുണ്ട്. ജീവിക്കാന്‍ വേണ്ടി സെക്‌സ് വര്‍ക്കിന് പോകുന്നവരാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് ഉള്‍പ്പെടെ കഴിഞ്ഞവരാണ്. സര്‍ജറി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരുമാസം മുമ്പ് ഇവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. രാമനാട്ടുകര പോലീസ് സ്റ്റേഷനില്‍ പോയി ഇതൊക്കെ ചോദിക്കേണ്ടി വന്നു. എല്ലാവരും ഉറങ്ങുമ്പോഴും ഞങ്ങളിങ്ങനെ തെരുവില്‍ നില്‍ക്കുന്നത് കാണുന്നവരാണ് പോലീസുകാര്‍. ജീവിക്കാന്‍ വേണ്ടിയല്ലേ. പിന്നാലെ വന്ന് ഞങ്ങളെ ശല്യപ്പെടുത്തുന്നത് എന്തിനാണ്. കള്ളന്‍മാരും കൊലപാതകം നടത്തുന്നവരും മയക്കുമരുന്ന് കടത്തുകാരും പിടിക്കപ്പെടാതെ അതൊക്കെ ചെയ്യുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ഈ തൊഴിലെടുക്കുന്ന ഞങ്ങളുടെ പുറകേ എന്തിനാണ് പോലീസ് വരുന്നത്. ചില പോലീസുകാര്‍ക്ക് ഇപ്പോഴും പുച്ഛമാണ്. അവര്‍ മാറുമെന്ന് തോന്നുന്നില്ല.

പോലീസില്‍ എന്തുകൊണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വേണമെന്നതിന് സുസ്മിതയുടെ വാക്കുകള്‍ തന്നെ കേള്‍ക്കാം

'ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി എന്താണെന്ന് പോലും അറിയാത്ത പോലീസ് ഉദ്യോഗസ്ഥരുണ്ട്. വര്‍ഷ പൂജയുടെ ഭാഗമായുള്ള പരിപാടിക്ക് അനുമതി തേടി മാറാട് സ്റ്റേഷനില്‍ അടുത്തിടെ പോയപ്പോള്‍ ഒരെണ്ണത്തിന് പോലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരാണെന്ന് അറിയില്ലായിരുന്നു. സര്‍ജറി ചെയ്തവും ചെയ്യാത്തവരും ഉണ്ടെന്നൊന്നും അവര്‍ കേട്ടിട്ട് പോലുമില്ല. അവര്‍ക്ക് ബോധവത്കരണം ഉണ്ടാകാന്‍ പോലീസിലേക്ക് ഞങ്ങളുടെ കൂട്ടത്തിലുള്ളവരെ ചേര്‍ക്കുമ്പോള്‍ സാധിക്കും. സെക്‌സ് വര്‍ക്ക് ചെയ്ത് മാത്രം ജീവിക്കേണ്ടവരല്ല ഞങ്ങള്‍. എല്ലാ തൊഴില്‍ മേഖലകളിലും ഞങ്ങളുടെ സാന്നിധ്യം ഉണ്ടാകണം. പഠിപ്പും കഴിവുമുള്ളവര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. സമൂഹത്തിന് ഞങ്ങളോട് കാണിക്കുന്ന സമീപനം മാറണം'.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് സേനയുടെ ഭാഗമാക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ഇതില്‍ തേടും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എങ്ങനെ ഉള്‍പ്പെടുത്തും, റിക്രൂട്ട്‌മെന്റ് രീതി, പരിശീലനം എന്നിവയെക്കുറിച്ചാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിലപാട് അറിയിക്കേണ്ടത്. ഇതുകൂടി പരിഗണിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരിക്കും പോലീസിന്റെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കുക.

ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയതിന് ശേഷവും കേരളത്തില്‍ പോലീസ് സംവിധാനങ്ങള്‍ പോലും ആ വിഭാഗത്തോട് കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ലെന്ന് സാമൂഹ്യനീതി വകുപ്പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസര്‍ ശ്യാമ. എസ്. പ്രഭ പറയുന്നു.

പോളിസി ഉണ്ടായിട്ടും പല പോലീസുകാരുടെയും സമീപനം പഴയത് പോലെ തന്നെയാണ്. അതിലൊന്നും വലിയ വ്യത്യാസമില്ല. വളരെ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന എത്രയോ പോലീസുകാരുണ്ട്.
ശ്യാമ. എസ്. പ്രഭ

ശ്യാമ. എസ്. പ്രഭ

ശ്യാമ. എസ്. പ്രഭ

ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിഭാഗത്തിലേക്കാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കയറി ചെല്ലാന്‍ പോകുന്നതെന്ന് ക്വിയര്‍ഥം ട്രഷറര്‍ അനുരാധ കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. തുടരെ തുടരെ കള്ളക്കേസുകള്‍ എടുത്തു. അതിനെതിരെ സെക്രട്ടറിയേറ്റിലേക്ക് വരെ സമരം ചെയ്യേണ്ടി വന്നു. പോലീസുകാര്‍ എത്രത്തോളം ഈ വിഷയത്തില്‍ ബോധവത്കരിക്കപ്പെട്ടു എന്നതില്‍ സംശയമുണ്ട്. പരാതി പറയാന്‍ പോകുന്നവരോട് പോലീസ് വളരെ മോശമായാണ് പെരുമാറുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളാണ് കുറ്റക്കാരെന്ന മുന്‍വിധിയോടെയാണ് അവരുടെ പരാതികളില്‍ പോലും പോലീസ് സ്വീകരിക്കുന്ന സമീപനം.

പോലീസ് സ്റ്റേഷനിലെത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ ശരീരത്തെ ലൈംഗിക വസ്തുവായി കണ്ട് സംസാരിക്കുന്നവരുണ്ട്. ട്രാന്‍സ് സ്ത്രീകളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാറുണ്ടോ, സുഖം കിട്ടുമോയെന്നൊക്കെ മോശമായ ഭാഷയില്‍ ചോദിക്കും. ആ വ്യക്തിയുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് പോലീസുകാര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ല. അത്തരമൊരു സ്ഥലത്തേക്ക് ജോലി ചെയ്യാന്‍ പോകുമ്പോള്‍ എത്രത്തോളം സുരക്ഷിതരായിരിക്കും എന്നതിലാണ് എനിക്ക് ആശങ്ക. ശരീരത്തിന് മേലേക്കുള്ള കടന്നുകയറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അനുരാധ കൃഷ്ണന്‍, ക്വിയര്‍ഥം

അനുരാധ കൃഷ്ണന്‍

അനുരാധ കൃഷ്ണന്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പോലീസിനെതിരെ നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നു. ആദം ഹാരി സെക്‌സ് വര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പണം പിരിക്കുന്ന പോലീസുകാരുണ്ടെന്ന് ആദം ഹാരി ആരോപിക്കുന്നു. എറണാകുളത്തും കോഴിക്കോടുമാണ് പണപ്പിരിവ് നടക്കുന്നത്. പോലീസില്‍ പരാതി പറയാന്‍ പോകാന്‍ പോലും ഭയമാണ്. ട്രാന്‍സ് ആയതു കൊണ്ട് നീതി നിഷേധിക്കപ്പെടുന്നുണ്ട്. പരാതികള്‍ പരിഗണിക്കപ്പെടാതിരുന്നിട്ടുണ്ട്. പ്രതികളായാണ് കാണുന്നത്. ഇത്ര വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ളത് പോലീസാണെന്നും ആദം ഹാരി പറയുന്നു.

ഉപദ്രവവും പ്രശ്‌നങ്ങളും നേരിടുന്ന ഇടത്തേക്ക് ഞങ്ങള്‍ എത്തുമ്പോള്‍ ഇനി നീതി കിട്ടുമെന്ന് കരുതുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് മാത്രമേ പറ്റുകയുള്ളു. മറ്റുള്ളവര്‍ക്ക് പറ്റാത്തത് കൊണ്ടാണ് ഇത് പറയുന്നത്. മറ്റ് പല സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്വം വെളിപ്പെടുത്താന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ പോലീസ് സേനയിലുണ്ട്. അവര്‍ക്ക് കൂടി സ്വത്വം വെളിപ്പെടുത്താന്‍ കൂടിയുള്ള അവസരമാണിത്.
ആദം ഹാരി

ആദം ഹാരി

ആദം ഹാരി

297433973592101

പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചിരുന്നു. പോലീസ് അകാരണമായി ഉപദ്രവിക്കുന്നു, അസഭ്യം പറയുന്നു എന്നതായിരുന്നു പരാതി. ചില നിര്‍ദ്ദേശങ്ങളും സാമൂഹ്യനീതി വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ചെയ്ത കുറ്റങ്ങളുടെ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രത്യേകം സൂക്ഷിക്കണം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന കേസുകളില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍/ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം. പോലീസുകാര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍മാരെക്കുറിച്ച് ബോധവ്തക്കരണം നല്‍കണമെന്നും വനിതാ പോലീസ് ടീം ഉള്‍പ്പെടെ അക്കാദമി മുഖേന പരിശീലനം നല്‍കി ജില്ലാതലത്തില്‍ പുനര്‍വിന്യസിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശങ്ങള്‍.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് തന്നെ പോലീസില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നുവെന്ന് ശ്യാമ. എസ്. പ്രഭ വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയും ജില്ലാ ജസ്റ്റിസ് കമ്മിറ്റികളും ശുപാര്‍ശ ചെയ്തിരുന്നു.

സമൂഹത്തിന് സന്ദേശം കൊടുക്കാന്‍ ഇതിലൂടെ കഴിയും. ഇപ്പോഴും കുടുംബങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുണ്ട്. കുടുംബങ്ങളില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ വലിയ ഉയരങ്ങളിലെത്താന്‍ കഴിയുന്ന എത്രയോ പേരുണ്ട്. അത് സമൂഹത്തിലേക്ക് എത്തിക്കാന്‍ കഴിയും.
ശ്യാമ. എസ്. പ്രഭ

പോലീസ് സ്റ്റേഷനുകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദമാക്കാന്‍ പരിശീലനം നല്‍കണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഹെല്‍പ്‌ഡെസ്‌ക്, പോലീസ് ആക്ടില്‍ ഭേദഗതി, എല്ലാ ജയിലുകളിലും പ്രത്യേക ബ്ലോക്ക് എന്നിവ അനുവദിക്കണം, യോഗ്യതയുള്ളവരെ അധ്യാപകരാക്കണം, ജോലി നല്‍കാന്‍ തൊഴിലുടമകള്‍ വിസമ്മതിക്കുന്നതിനാല്‍ സര്‍ക്കാര്‍ ജോലിക്ക് പരിശീലനക്ലാസ് നല്‍കണം, പ്രത്യേക ജോബ് പോര്‍ട്ടല്‍ വേണം, തൊഴില്‍മേള നടത്തണം, ഇവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കണം എന്നിവയും ശുപാര്‍ശകളുടെ കൂട്ടത്തിലുണ്ടായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകളെ പുനരധിവസിപ്പിക്കുകയും ജോലി നല്‍കുകയും ചെയ്യുന്നതിനൊപ്പം സമൂഹത്തിന് അവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതിനും ശ്രമം തുടരണമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷയായിരുന്നു അയിഷ പോറ്റി പറയുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് അവരില്‍ ആത്മവിശ്വാസമുണ്ടാക്കും. ജീവിക്കാന്‍ വഴിയില്ലാതെ ലൈംഗിക തൊഴിലിലേക്ക് പോകേണ്ടി വരുന്ന സാഹചര്യമുണ്ട്. ആത്മഹത്യ ചെയ്തവരുണ്ട്. ആത്മഹത്യയുടെ വക്കില്‍ ജീവിക്കുന്നവരുണ്ട്. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മനസിലാക്കുന്നതോടെ വീട്ടുകാര്‍ ഇറക്കി വിടുന്നു. ഇവര്‍ക്ക് വിഷമങ്ങളും പ്രശ്‌നങ്ങളും പങ്കുവെയ്ക്കാന്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇവരെ കണ്ടാല്‍ ആളുകള്‍ അധിക്ഷേപിക്കുന്നു. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലി നല്‍കണം.

അയിഷ പോറ്റി

അയിഷ പോറ്റി

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് പഠനം പൂര്‍ത്തിയായി പുറത്തിറങ്ങിയാല്‍ ജോലി ചെയ്യാന്‍ സമൂഹം അനുവദിക്കില്ലെന്ന് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി സിറ്റിംഗിനിടെ ഞങ്ങളോട് പറഞ്ഞു. ഒരു തൊഴില്‍ സുരക്ഷയുണ്ടായാല്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ, സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയും. ശുപാര്‍ശ ചെയ്ത പല കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കൂടുതല്‍ സഹായം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി നല്‍കണം.
അയിഷാ പോറ്റി

സംസ്ഥാനത്ത് 25,000 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ 3916 ട്രാന്‍സ്‌ജെന്‍ഡറുകളായിരുന്നു നേരിട്ട് പങ്കെടുത്തിരുന്നത്. ഇപ്പോള്‍ സര്‍വേ വീണ്ടും നടക്കുന്നു. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സ്വത്വം വെളിപ്പെടുത്തുമെന്നാണ് ഇവര്‍ക്കിടയിലെ സംഘടനകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ട്രാന്‍സ്‌ജെന്‍ഡറുകളെ നിയമിക്കുന്നത് പോലീസ് സേനയിലേക്ക് മാത്രമായി ചുരുക്കരുതെന്നും സംഘടനകളും ആവശ്യപ്പെടുന്നു.

പി.എസ്.സി നിയമനത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിനായി ഒരു കോളം കൊണ്ടുവന്നപ്പോഴും പല വകുപ്പുകളിലേക്കുമുള്ള നിയമനത്തില്‍ പുരുഷന്‍/ സ്ത്രീ എന്നീ വിഭാഗങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലേക്ക് ട്രാന്‍സ്‌മെന്‍ സുഹൃത്ത് കഴിഞ്ഞ ദിവസം അപേക്ഷിച്ചപ്പോള്‍ തള്ളിപ്പോയി. പി.എസ്.സിയെ സമീപിച്ചപ്പോള്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. പല തവണ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അനുരാധ കൃഷ്ണന്‍, ക്വിയര്‍ഥം

കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്ഡറുകള്‍ തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സൗഹാര്‍ദ്ദപരമല്ലെന്ന് ആരോപിച്ചിരുന്നു. തൊഴില്‍ നല്‍കുമ്പോള്‍ ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഒരുക്കേണ്ടതുണ്ട്. ജീവിത പ്രശ്‌നങ്ങളെ നേരിടാനാവാതെ 2021ല്‍ മാത്രം ആറ് ട്രാന്‍സ്‌ജെന്‍ഡറുകളാണ് ആത്മഹത്യ ചെയ്തത്. അവര്‍ കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളാണ് ഇത് വ്യക്തമാക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് 2014ലെ നെല്‍സ വിധിയിലുണ്ട. നിയമനങ്ങള്‍ നടത്തുമ്പോള്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണം. നിയമനത്തിനുള്ള പ്രായപരിധി കഴിയാറായവരുണ്ട്. അവരെ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ ജോലിയിലേക്ക് കൂടുതല്‍ പേര്‍ എത്തിയെങ്കില്‍ മാത്രമേ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ മോചിപ്പിക്കപ്പെടുകയുള്ളു.

The Cue
www.thecue.in