'അടച്ചുറപ്പുള്ള ഒരുവീടുണ്ടായിരുന്നെങ്കില്‍'; ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിന്നീടുള്ള ജീവിതം ഇങ്ങനെയാണ്

'അടച്ചുറപ്പുള്ള ഒരുവീടുണ്ടായിരുന്നെങ്കില്‍'; ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിന്നീടുള്ള ജീവിതം ഇങ്ങനെയാണ്

ബലാത്സംഗം ചെയ്യപ്പെട്ട ഒരു കൗമാരക്കാരിയുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും. നിരന്തരമുള്ള വേട്ടയാടലുകള്‍, നാട് വിട്ടോടേണ്ടി വരുന്നവര്‍, നിരന്തരം അതിക്രമത്തിന് വിധേയവരാവുന്നവര്‍, എല്ലാം അവളുടെ കുറ്റംകൊണ്ടെന്ന പഴി കേള്‍ക്കേണ്ടി വരുന്നവര്‍. കേരളത്തിലെ ഒരു വിദൂരഗ്രാമത്തിലെ ഈ പെണ്‍കുട്ടി പറഞ്ഞു തരും അത്തരമൊരുവളുടെ ജീവിതം. കൗമാരത്തിലേക്ക് കടക്കും മുമ്പേ ഒറ്റപ്പെട്ടു പോയവള്‍. പിന്നെയങ്ങോട്ടുള്ള ജീവിതത്തിലെ ദുരിതങ്ങള്‍ക്കെല്ലാം കാരണക്കാരാവുന്നവര്‍ നാട്ടില്‍ സാധാരണ ജീവിതം നയിക്കുമ്പോള്‍ അവള്‍ അഭയം തേടി പല നാടുകളിലായി സഞ്ചരിക്കുകയാണ്.

ഇനി അവള്‍ പറയട്ടെ

പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അതിക്രമം നടന്നത്. കുഞ്ഞുനാള്‍ മുതല്‍ അടുത്ത ബന്ധമുള്ള വീടായിരുന്നു അയാളുടേത്. ഒരു ദിവസം വിളിച്ച് പനിയാണെന്നും കഞ്ഞിവെച്ച് കൊടുക്കാമോയെന്നും ചോദിച്ചു. കുട്ടിക്കാലം മുതല്‍ പോകുന്ന വീടായതിനാല്‍ മടി കാണിച്ചില്ല. അപ്പോഴാണ് അത് സംഭവിച്ചത്. അന്ന് തന്നെ കേസാക്കി. പതിനഞ്ച് വയസ്സായിരുന്നു. അഞ്ച് വര്‍ഷം നിര്‍ഭയ ഹോമില്‍ താമസിച്ചു. അയാളിപ്പോഴും വീട്ടിലുണ്ട്. ആ സംഭവത്തോടെ ഞാനും അമ്മയും നാടുവിട്ടു.

അവധിക്ക് നിര്‍ഭയ ഹോമില്‍ നിന്നും വീട്ടിലേക്ക് അയക്കും കുട്ടികളെ. അയാള്‍ അടുത്ത വീട്ടില്‍ തന്നെയായതിനാല്‍ എനിക്ക് നാട്ടിലേക്ക് വരാന്‍ ഭയമായിരുന്നു. അങ്ങനെ അമ്മ ആ പ്രദേശം വിട്ടു. ആദ്യം വാടക വീട്ടിലായിരുന്നു. ഇപ്പോള്‍ ഷെഡ് കെട്ടി. വാടക കൊടുത്ത് തീര്‍ത്തിട്ടില്ല.

ഇപ്പോള്‍ താമസിക്കുന്ന സ്ഥലവും സുരക്ഷിതമല്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരാണ് ചുറ്റും. അവരില്‍ നിന്നൊക്കെ ശല്യമുണ്ട്. അമ്മ ജോലിക്ക് പോയാല്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പറ്റില്ല. നിര്‍ഭയ ഹോസ്റ്റലിലായിരുന്നു എന്നൊക്കെ അവിടെയുള്ളവര്‍ക്ക് അറിയാം. ഞാന്‍ സ്വയം തെറ്റിലേക്ക് പോയെന്നാണ് അവരൊക്കെ പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ നടന്ന സംഭവം ഇപ്പോള്‍ താമസിക്കുന്ന ഇടത്ത് എങ്ങനെ അറിഞ്ഞെന്നാണ് മനസിലാകാത്തത്. പുറത്ത് ഇറങ്ങിയാല്‍ ആ രീതിയിലാണ് ആളുകള്‍ എന്നെ നോക്കുന്നതും സംസാരിക്കുന്നതും ശല്യപ്പെടുത്തുന്നതും. ഇതിന്റെ പേരില്‍ അമ്മ അവരുമായി എന്നും വഴക്കിടും.

അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കില്‍ പേടിക്കേണ്ടായിരുന്നു. അമ്മ രാത്രിയാകും ജോലി കഴിഞ്ഞെത്താന്‍. വാതിലില്ല. ഓല കൊണ്ട് അമ്മ തന്നെ കെട്ടിയുണ്ടാക്കിയ വാതിലാണ്. അത് കയറു കൊണ്ട് കെട്ടിയിരിക്കുകയാണ്. പുറത്ത് നിന്ന് ഒന്ന് ചെറുതായി തള്ളിയാല്‍ മതി തുറക്കാന്‍. ഞാന്‍ ഹോസ്റ്റലിലായപ്പോള്‍ അമ്മ ഒറ്റയ്ക്കായി. അമ്മ രണ്ടാമതും വിവാഹം കഴിച്ചു. അയാള്‍ക്ക് എല്ലാം അറിയാമായിരുന്നു. നിര്‍ഭയ ഹോമില്‍ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോള്‍ അവിടെ സുരക്ഷിതയല്ലെന്ന് മനസിലായി. അമ്മയില്ലാത്ത നേരത്ത് രണ്ടാനച്ഛന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. റൂമിന്റെ വാതിലിന് ഒറ്റ കൊളുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാള്‍ ഉപദ്രവിക്കാന്‍ വരികയാണെന്ന് മനസിലായപ്പോള്‍ എങ്ങനെയോ വാതിലിന്റെ കൊളുത്തിട്ടു. ജനലിന് അഴികളുണ്ടായിരുന്നില്ല. അതിലൂടെ പുറത്ത് ചാടി. ജീവനും കൊണ്ട് രക്ഷപ്പെട്ടു. കൂട്ടുകാരികളുടെ വീടുകളില്‍ പോയി താമസിച്ചു. വേറെ വഴിയില്ലായിരുന്നു. ഒറ്റ പൈസ കയ്യിലില്ല. ഹോസ്റ്റലില്‍ നില്‍ക്കാന്‍ പണം വേണ്ടേ?. നിര്‍ഭയ ഹോമില്‍ നിന്നും പരിചയപ്പെട്ടവരായിരുന്നു കൂട്ടുകാരികള്‍. ഒറ്റ വീട്ടിലും രക്ഷയില്ലായിരുന്നു. എവിടെയും പോകാനില്ലെന്ന വെപ്രാളത്തില്‍ കയറി ചെന്നതാണ് ആ വീടുകളില്‍. അവരുടെ സഹോദരന്‍മാര്‍ ആദ്യമൊക്കെ സഹോദരിയെ പോലെ കണ്ടു. പിന്നീട് സംസാരവും പെരുമാറ്റവുമൊക്കെ വേറെ രീതിയിലായി. അവിടെ നിന്നും വേറെ വീട്ടിലേക്ക് പോയി. ആ ദിവസങ്ങളില്‍ ഭക്ഷണം കിട്ടിയില്ല. സമാധാനത്തോടെ ഉറങ്ങാന്‍ പോലും ഒരു സ്ഥലമില്ല.

രണ്ടാനച്ഛന്‍ മരിച്ചതിന് ശേഷമാണ് വീട്ടിലേക്ക് വന്നത്. ആറ് വര്‍ഷമായി കേസുമായി നടക്കുന്നു. കേസുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് ഇപ്പോഴും അറിയില്ല. അയല്‍വാസികളായതിനാല്‍ അയാളും വീട്ടുകാരും എന്റെ ബന്ധുക്കളെ ഉപദ്രവിക്കുമോയെന്ന് പേടിയുണ്ട്. ഞങ്ങളുടെ ബന്ധുക്കളുമായി നിരന്തരം വഴക്കാണ് ആ വീട്ടുകാര്‍. കേസ് എങ്ങുമെത്താതിരിക്കുന്നത് കൊണ്ട് അവരും അടങ്ങിയിരിക്കുകയാണ്. വിചാരണ തുടങ്ങിയാല്‍ ഞങ്ങളെ ശല്യപ്പെടുത്തും. അതാണ് പേടി. ഇപ്പോള്‍ കൂട്ടുകാരിയുടെ കൂടെയാണ് താമസം. ഇനിയെന്തെങ്കിലും ജോലി നോക്കണം. ഇനി ഒരു ജോലി വേണം. വീടു വെയ്ക്കണം. സ്വന്തം കാലില്‍ നിന്നും ജീവിക്കണം.

The Cue
www.thecue.in