ബലാത്സംഗ കേസുകളില്‍ വിധി ഇങ്ങനെയെങ്കില്‍ കേരളത്തിലെ സ്ത്രീകള്‍ എന്ത് ചെയ്യും- കെ. അജിത

ബലാത്സംഗ കേസുകളില്‍ വിധി ഇങ്ങനെയെങ്കില്‍ കേരളത്തിലെ സ്ത്രീകള്‍ എന്ത് ചെയ്യും- കെ. അജിത

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് വളരെ മോശപ്പെട്ട വിധിയാണെന്ന് കെ.അജിത ദ ക്യുവിനോട് പ്രതികരിച്ചു. കേസിന്റെ വിചാരണ നടപടികള്‍ പുറത്ത് വരാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എങ്കിലും ഫ്രാങ്കോ എന്ന ബിഷപ്പിന് റോമിന്റെ ഉള്‍പ്പെടെ പിന്തുണ ലഭിച്ചിട്ടുണ്ട്. പോലീസും കോടതിയും രാഷ്ട്രീയക്കാരും ഫ്രാങ്കോയെ രക്ഷപ്പെടുത്താന്‍ കളിച്ചിട്ടുണ്ട്. എളുപ്പത്തിലൊന്നും ഫ്രാങ്കോ രക്ഷപ്പെടില്ല. കന്യാസ്ത്രീ തന്റെ വാക്കില്‍ ഉറച്ചു നിന്നിട്ടുണ്ട്. അവരുടെ കുടുംബത്തെ വരെ ദ്രോഹിച്ചു.

ചങ്ങല പൊട്ടിച്ച് കന്യാസ്ത്രീ പുറത്ത് വന്നു എന്നത് അത്ര എളുപ്പത്തില്‍ സാധ്യമായതല്ല. വലിയ അധികാര കേന്ദ്രമാണ് പള്ളികള്‍. ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുന്നത് പോലെ എളുപ്പമല്ല അത്. ജീവിതം മൊത്തമായി അവിടെ പണയപ്പെടുത്തി ജീവിക്കുന്നവരാണ് കന്യാസ്ത്രീകള്‍. അത്തരമൊരാളാണ് ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പുറത്ത് വന്നത്. ഇനിയും തനിക്ക് നേരെ നടക്കുന്ന അതിക്രമം വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് ഉറപ്പിച്ച് ജീവിതം അല്ലെങ്കില്‍ മരണം എന്ന് രീതിയിലാണ് ആ കന്യാസ്ത്രീ ഇറങ്ങിയത്. അവരെ പിന്തുണച്ച് അഞ്ച് പേരെത്തി. അവരുടെ സമരത്തെ കേരളം പിന്തുണച്ചു. പിന്തുണയുമായി കക്ഷി രാഷ്ട്രീയമില്ലാതെ, ജാതിമത ഭേദമന്യേ ജനങ്ങള്‍ ദിവസങ്ങളോളം സമരം ചെയ്തിട്ടാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത്. എന്നിട്ടും കോടതി വിധി ഇങ്ങനെ വന്നിരിക്കുന്നു.

കന്യാസ്ത്രീ മഠങ്ങളില്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാം. ഒരുപാട് കണക്കുകള്‍ നമുക്ക് നിരത്താന്‍ പറ്റും. അഭയ മുതലുള്ള ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ജീവിതം കൊണ്ട് പന്താടുകയാണ് പുരോഹിത വര്‍ഗ്ഗം. അതിനെ പിന്തുണയ്ക്കുകയാണ് റോം.

<div class="paragraphs"><p>ലൂസി കളപ്പുര</p></div>

ലൂസി കളപ്പുര

കേരളത്തിലെ മൊത്തം സമൂഹവും ഈ കോടതി വിധിയെ തള്ളിപ്പറയണം. ഇത്തരം പ്രവണതകള്‍ വെച്ച് പൊറുപ്പിക്കാനാവില്ല. അപ്പീലൊക്കെ പോകാമായിരിക്കും. ബലാത്സംഗ കേസുകളില്‍ വിധി ഇങ്ങനെ വരുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ഇനി എന്ത് ചെയ്യണം. കന്യാസ്ത്രീകളുടെ അവസ്ഥ എന്താകും. പോരാട്ടത്തിനിറങ്ങിയവരുടെ സ്ഥിതി എന്തായിരിക്കും. ജീവനും പിടിച്ച് കൊണ്ടാണ് ലൂസി കളപ്പുര ഉള്‍പ്പെടെയുള്ളവര്‍ മഠത്തിനോട് പോരാടുന്നത്. പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ഇനി ആരും മുന്നോട്ട് വന്നുകൂടാ എന്ന സന്ദേശമല്ലേ ഇതിലൂടെ ലഭിക്കുന്നത്. വിധിയെ അപലപിക്കുന്നുവെന്നും കെ.അജിത വ്യക്തമാക്കി.

The Cue
www.thecue.in