പരാതി പരിഹാര സമിതി വേണ്ടെന്ന് പറഞ്ഞവര്‍ മറുപടി പറയണം: ദീദി ദാമോദരന്‍

പരാതി പരിഹാര സമിതി വേണ്ടെന്ന് പറഞ്ഞവര്‍ മറുപടി പറയണം: ദീദി ദാമോദരന്‍

മലയാള സിനിമയ്ക്ക്കത്ത് പരാതി പരിഹാര സമിതി വേണ്ടെന്ന ധാര്‍ഷ്ട്യത്തിന് കിട്ടിയ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് ഡബ്ലൂ.സി.സി സ്ഥാപക അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമായിട്ടും വേണമെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കേണ്ടി വന്നു. നിലവിലുള്ള നിയമം ആണെന്നിരിക്കെയാണ് നടപ്പിലാക്കാന്‍ കോടതിയെ സമീപിക്കേണ്ടി വന്നത്. നിയമം ഉണ്ടെങ്കിലും അതില്‍ വെള്ളം ചേര്‍ക്കേണ്ടതെങ്ങനെയാണെന്നൊക്കെ അറിയാമായിരിക്കും. ഈ കോടതി വിധി അവസാനവാക്കാണെന്ന് കരുതുന്നില്ല. വലിയ ആശ്വാസവും സന്തോഷവും നല്‍കുന്നതാണ് ഹൈക്കോടതി വിധിയെന്നും ദീദി പറഞ്ഞു.

സിനിമ സെറ്റുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ പരാതി പറയാന്‍ സ്ഥലമില്ലാതിരിക്കുകയും എല്ലാത്തിനും പോലീസ് സ്‌റ്റേഷനില്‍ പോകേണ്ടി വരുന്ന സാഹചര്യമായിരുന്നു. ജോലി സ്ഥലത്ത് തന്നെ പരാതി പറയാനുള്ള സംവിധാനം ഉണ്ടാവണം. അതിക്രമങ്ങള്‍ തടയുക എന്നതും പ്രധാനമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമം സിനിമ മേഖലയില്‍ വേണ്ടതില്ലെന്ന് പറയുന്നതില്‍ വലിയ തെറ്റുണ്ടായിരുന്നു. എല്ലാ തൊഴില്‍ മേഖലയിലും ഈ നിയമം ബാധകമാകുകയും സിനിമ മേഖലയില്‍ മാത്രം വേണ്ടെന്ന് പറയുകയും ചെയ്തത് തെറ്റായിരുന്നു. സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന് പറഞ്ഞവര്‍ ആ തെറ്റിന് ഉത്തരം പറയണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരാത്തത് എന്തുകൊണ്ടാണെന്നത് ഡബ്ലൂസിസിയുടെ മാത്രം തലവേദനയല്ല. ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നതും പൊതുസമൂഹത്തിന്റെ പ്രശ്‌നമായിട്ടായിരുന്നു മാറേണ്ടിയിരുന്നത്. ഡബ്ലൂസിസി തന്നെ എല്ലാത്തിനും ഉത്തരം പറയേണ്ട സാഹചര്യം മാറണം. എല്ലാവരും പ്രതികരിക്കണം. സാംസ്‌കാരിക നായകന്‍മാരോ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുന്നവരോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരാത്തതിനെക്കുറിച്ച് ശബ്ദിക്കുന്നില്ല. നിയമലംഘനത്തെക്കുറിച്ചും പ്രതികരിക്കുന്നില്ലെന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ദീദി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in