തൊഴിലിടങ്ങളിലെ അതിക്രമം: നിയമപരിരക്ഷ നല്‍കാന്‍ പത്ത് വര്‍ഷമായി കേരളത്തിന് കഴിഞ്ഞില്ലെന്ന് പി.സതീദേവി

തൊഴിലിടങ്ങളിലെ അതിക്രമം: നിയമപരിരക്ഷ നല്‍കാന്‍ പത്ത് വര്‍ഷമായി കേരളത്തിന് കഴിഞ്ഞില്ലെന്ന് പി.സതീദേവി

പത്ത് വര്‍ഷമായി നിലനില്‍ക്കുന്ന നിയമങ്ങളുടെ പരിരക്ഷ കേരളം പോലൊരു സംസ്ഥാനത്ത് ഉറപ്പുവരുത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്ന വിധിയില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു പി.സതീദേവി. ഹൈക്കോടതി ഉത്തരവിലൂടെയെങ്കിലും നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നത് സ്വാഗതാര്‍ഹമാണ്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ബാധകമായ ഉത്തരവാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

വനിതാ കമ്മീഷന്‍ ഡബ്യൂ.സി.സിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. 2018ലാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കഴിഞ്ഞ ഫെബ്രുവരി 16നാണ് വനിതാ കമ്മീഷന് പരാതി ലഭിക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയിലെ കാര്യങ്ങള്‍ പഠിച്ച് ഫെബ്രുവരി മാസത്തില്‍ തന്നെ വനിതാ കമ്മീഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരുകയായിരുന്നു. സിനിമ മേഖലയില്‍ പോഷ് ആക്ടിന്റെ (Prevention of Sexual Harassment) പ്രയോജനം ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാടും ഹര്‍ജിക്കൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം സാംസ്‌കാരിക വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അത് ലഭ്യമാകുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിക്ക് മുമ്പാകെ കമ്മീഷന്‍ നിലപാട് അറിയിച്ചിരുന്നു. ഇന്നത്തെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. എല്ലാ തൊഴില്‍ മേഖലകളിലും നിലനില്‍ക്കുന്ന നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാകുമെന്ന ഉറപ്പ് വരുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ തൊഴിലിടങ്ങളിലും ഇത് ബാധകമാണെന്ന സന്ദേശം കൊടുക്കേണ്ടതുണ്ടെന്നും പി.സതീദേവി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in