ഇനിയൊരു അനന്യയുണ്ടാകരുത്, ലിംഗമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സംവിധാനം വേണം; മെഡിക്കല്‍ കോളജുകളില്‍ സൗകര്യമൊരുക്കണം

ഇനിയൊരു അനന്യയുണ്ടാകരുത്, ലിംഗമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സംവിധാനം വേണം; മെഡിക്കല്‍ കോളജുകളില്‍ സൗകര്യമൊരുക്കണം

സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ക്കോ, ഇവന്റുകള്‍ക്കോ അപ്പുറം ആരോഗ്യനയത്തിലും സാമൂഹിക നീതിയുടെ കാര്യത്തിലും ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനയിലേക്ക് കൂടിയാണ് അനന്യയുടെ മരണം വിരല്‍ചൂണ്ടുന്നത്.

സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഫലപ്രദമായ സര്‍ക്കാര്‍ സംവിധാനത്തിന്റെ ആവശ്യകത ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ അടിയന്തര പരിഗണനയാകേണ്ടതുണ്ടെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവും ആവശ്യപ്പെടുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് അനന്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്ന് അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റശസ്ത്രക്രിയയില്‍ വിദഗ്ധരായ ഡോക്ടര്‍മാരോ, പരിശോധനാസംവിധാനങ്ങളോ ഇല്ലെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്താനാഗ്രഹിക്കുന്നവര്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്യുയറിഥം പ്രസിഡന്റ് പ്രിജിത് പി.കെ ദ ക്യുവിനോട് പറഞ്ഞു.

പലപ്പോഴും കൃത്യമായ പ്രോട്ടോകോളുകള്‍ പാലിക്കാതെ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകള്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നുവെന്നും പ്രിജിത്ത് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ലിംഗമാറ്റശസ്ത്രക്രിയകള്‍ ആരംഭിക്കണമെന്ന് ക്വിയറിഥം പ്രസിഡന്റ് പ്രിജിത് കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കാനും, അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും, ഒരുപാട് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലിംഗമാറ്റശസ്ത്രക്രിയകള്‍ക്ക് നിലവില്‍ സാമൂഹികനീതി വകുപ്പില്‍നിന്നും ധനസഹായം നല്‍കുന്നുണ്ട്. പക്ഷെ റീഇമ്പേഴ്‌സ്‌മെന്റ് രീതിയിലാണ് ധനസഹായമെന്നതിനാല്‍ പലര്‍ക്കും ശസ്ത്രക്രിയക്കുള്ള വലിയ തുകകള്‍ മുന്‍കൂട്ടി കണ്ടെത്താനാകുന്നില്ല.

ഹോര്‍മോണ്‍ ചികിത്സ, ശസ്ത്രക്രിയ, കൗണ്‍സിലിങ്ങ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തുടങ്ങണമെന്ന് ജനകീയാരോഗ്യവിദഗ്ധന്‍ ഡോ.കെ.പി.അരവിന്ദന്‍ പറഞ്ഞു.

അതിനു വേണ്ട പരിശീലനത്തിന് ആവശ്യമെങ്കില്‍ ഡോക്ടര്‍മാരെ അയക്കണം. രണ്ടു മെഡിക്കല്‍ കോളേജുകളിലെങ്കിലും അത്തരം ചികിത്സ തുടങ്ങണമെന്ന് സംസ്ഥാന ആരോഗ്യനയത്തില്‍ നിര്‍ദേശമുണ്ട്. ആരോഗ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ഡോ.അരവിന്ദന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രികളില്‍ എത്രയും പെട്ടെന്ന് ലിംഗമാറ്റശസ്ത്രക്രിയകള്‍ക്കുള്ള നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ സര്‍ക്കാരിന്റെ നിയമസഭാ ഉപസമിതിയെ ക്വിയറിഥം സമീപിച്ചിരുന്നു. പലര്‍ക്കും സ്വകാര്യ ആശുപത്രികളിലെ ചെലവ് താങ്ങാനാകുന്നില്ല.

സര്‍ക്കാര്‍ സംവിധാനത്തിലേക്കുംകൂടി അവയെ പറിച്ചുനട്ട്, സൗജന്യമായി ശസ്ത്രക്രിയകള്‍ നടത്തിയാല്‍ ഒരുപരിധി വരെ അത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ആശ്വാസമാകും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസ്യതയുള്ളതുകൊണ്ടാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രിജിത്ത് പറഞ്ഞു.

നിലവില്‍, ലിംഗമാറ്റശസ്ത്രക്രിയകള്‍ക്ക് നയപരമായ ഒരു മാര്‍ഗരേഖ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും ഇത്തരമൊരു മാര്‍ഗരേഖയെക്കുറിച്ച് ആലോചനയില്‍ വന്നിട്ടുണ്ടെങ്കിലും, കൃത്യമായി അവ വിജയിച്ചിട്ടില്ല എന്നതാണ് വസ്തുത.

ഇപ്പോള്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന ഒരു പഠനം നടക്കുന്നുണ്ടെന്നും, അത് എത്രയും വേഗം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹികനീതി വകുപ്പ് എറണാകുളം ജില്ലാ ഓഫീസര്‍ കെ.കെ സുബൈര്‍ ദ ക്യുവിനോട് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന സഹായതുക സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതോടെ സ്വകാര്യ ആശുപത്രികളും ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന തുക വര്‍ദ്ധിപ്പിച്ചിരുന്നു. അതിനാല്‍ മുന്‍പത്തേക്കാളും വലിയ ചിലവാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. എന്നിട്ടും പലരുടെയും ജീവന്‍ അപകടത്തിലാകുന്നത് ആശങ്കാജനകമാണെന്നും പ്രിജിത്ത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കാനും, അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും, ഒരുപാട് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലിംഗമാറ്റശസ്ത്രക്രിയകള്‍ക്ക് നിലവില്‍ സാമൂഹികനീതി വകുപ്പില്‍നിന്നും ധനസഹായം നല്‍കുന്നുണ്ട്. പക്ഷെ റീഇമ്പേഴ്‌സ്‌മെന്റ് രീതിയിലാണ് ധനസഹായമെന്നതിനാല്‍ പലര്‍ക്കും ശസ്ത്രക്രിയക്കുള്ള വലിയ തുകകള്‍ മുന്‍കൂട്ടി കണ്ടെത്താനാകുന്നില്ല.

ശസ്ത്രക്രിയക്ക് ശേഷവും, ആരോഗ്യപരിശോധനകള്‍ക്കും, കൗണ്‍സിലിംഗിനും മറ്റുമായി കൂടുതല്‍ തുക ആവശ്യമായിവരുന്നതിനാല്‍ ഒരു കൊല്ലത്തേക്ക് പ്രത്യേക പെന്‍ഷനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അവരുടെ പുനരധിവാസത്തിനായി പ്രത്യേക നൈപുണ്യവികസനപദ്ധതികളും സ്വയംതൊഴില്‍ സഹായങ്ങളും നിലവിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in