കവിത, തീ കൊണ്ടെഴുതുന്ന വാക്കുകൾ

കവിത, തീ കൊണ്ടെഴുതുന്ന വാക്കുകൾ
ADMIN
Summary

കവിതയുടെ ജീവിതകഥ ഖബർലാഹിരിയ എന്ന ഒരു പത്രത്തിൻ്റെ ആത്മകഥ കൂടിയാണ്,

രാജ്യാന്തര ശ്രദ്ധ നേടിയ റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ആധാരമായ കവിത ബുന്ദേല്‍ഖണ്ഡിയെക്കുറിച്ച് ഷിജു ആര്‍ എഴുതുന്നു

ഇത് കവിത ബുന്ദേൽഖണ്ഡി. സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് വിവാഹത്തിലേക്കും ചാണക വറളികൾക്കൊപ്പം അടുപ്പുകല്ലിൽ വെന്തെരിയുന്ന ജീവിതത്തിലേക്കും ഇറക്കിവിടപ്പെടുന്ന ഗ്രാമീണ ദലിത് സ്ത്രീ ജീവിതങ്ങളിലൊന്ന്. ലക്ഷക്കണക്കിലൊരുവൾ. പക്ഷേ കാലം അവൾക്ക് കരുതിവച്ചത് മറ്റൊരു ജീവിതമായിരുന്നു. ആഗോള മാദ്ധ്യമ സെമിനാറുകളിലും സമ്മേളനങ്ങളിലും ഇതേ വേഷത്തിൽ കയറിച്ചെന്ന് ആത്മവിശ്വാസത്തോടെ കയറിച്ചെന്ന് ബുന്ദേലിയെന്ന നാട്ടു മൊഴിച്ചുവയുള്ള ഹിന്ദിയിൽ പ്രസംഗിക്കുന്ന, നിരവധി പുരസ്കാരങ്ങളേറ്റു വാങ്ങിയ മാദ്ധ്യമ പ്രവർത്തകയാണ് കവിത.

അതെ ! കവിതയുടെ ജീവിതകഥ ഖബർലാഹിരിയ എന്ന ഒരു പത്രത്തിൻ്റെ ആത്മകഥ കൂടിയാണ്.

ഗർഭപാത്രത്തിൻ്റെ ദുർബലതയാൽ ഗർഭം ധരിക്കാൻ ശേഷിയില്ലാത്തതിൻ്റെ പേരിൽ വലിയ ഭർത്തൃ / കുടുംബ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത സ്ത്രീയാണ് കവിത. പീഡനംഅസഹ്യമായ അന്തരീക്ഷത്തോട് വിവാഹമോചനത്തിലൂടെ വിടപറഞ്ഞ കവിത നിരന്തർ എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടു. ഗ്രാമീണ മേഖലയിലെ ദലിത് സ്ത്രീകളുടെ ഇടയിൽ സാക്ഷരതാ പ്രവർത്തനമടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകി. സാക്ഷരതാ ക്ലാസിലെ ഒരു പ്രവർത്തനമായിരുന്നു അനുഭവമെഴുത്ത്. ദലിത് സ്ത്രീ ജീവിതങ്ങൾ സാക്ഷരതാ ക്ലാസുകളിൽ എഴുതി വായിച്ച അശിക്ഷിതമായ അനുഭവകഥനങ്ങളിൽ നിന്നാണ് ഖബർ ലാഹാരിയ പിറവിയെടുക്കുന്നത്.

റിൻ്റു തോമസ് / സുഷ്മിത് ഘോഷ്
റിൻ്റു തോമസ് / സുഷ്മിത് ഘോഷ്

കഴിഞ്ഞ ഒരു ദശകത്തിലേറെയായി സമാന്തര ഹ്രസ്വ / ഡോക്യുമെൻ്ററി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരും ജീവിത പങ്കാളികളുമാണ്. 2012 ൽ ആന്ധ്രയിലെ ബദൽ ജീവിതാന്വേഷണ മാതൃകയായ തിംബക്തു പ്രസ്ഥാനത്തെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിക്ക് ഇവർക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു

ഖബർലാഹരിയ എന്ന പത്രത്തെക്കുറിച്ച് അവർ തയ്യാറാക്കിയ ഡോക്യുമെൻ്ററി ചിത്രമാണ് "റൈറ്റിംഗ് വിത്ത് ഫയർ."

ഈ ചിത്രം ഈ വർഷത്തെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പുരസ്കാരവും പ്രേക്ഷകരുടെ പുരസ്കാരവും കരസ്ഥമാക്കിയിരിക്കുന്നു. അതോടെ ഈ ചിത്രവും ഖബർ ലാഹരിയ എന്ന മാദ്ധ്യമ പ്രസ്ഥാനവും അതിനു പിറകിലെ സമർപ്പിത സന്നദ്ധതയും ചർച്ചാ വിഷയമാവുകയാണ്.

കയ്യിൽ സ്മാർട്ട്ഫോണുമായി ഗ്രാമങ്ങളിലെത്തുന്ന അഭ്യസ്ത വിദ്യരോ വിദ്യാർത്ഥിനികളോ ആയ നിരവധി റിപ്പോർട്ടർമാരാണ് ഖബർ ലാഹരിയയുടെ കരുത്ത്

2002 മുതൽ ആരംഭിച്ച ഖബർ ലാഹരിയ 2013 ഫിബ്രവരിയില്‍ ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചു. ഇന്ന് ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും 600 ഗ്രാമങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ എട്ടുപേജ് പത്രം എത്തുന്നു. 2002 മെയ് 30-ന് ഉത്തര്‍പ്രദേശിലെ ചിത്രകൂടിലെ കര്‍വി എന്ന ചെറുപട്ടണത്തില്‍ നിന്ന് ബുന്ദേൽ ഭാഷയില്‍ ഖബര്‍ ലഹരിയ പുറത്തിറങ്ങി. ബുന്ദേൽ ഭാഷയിലെ ആദ്യ പത്രമാണിത്. ബുന്ദേലിക്ക് പുറമേ ബജ്ജിക, അവധി, ഭോജ്പൂരി എന്നീ ഭാഷകളിൽ കൂടി പുറത്തിറങ്ങുന്നുണ്ട് ഈ പത്രം. (ദലിത് വിമോചനത്തിൻ്റെയും നവസാമൂഹ്യ മുന്നേറ്റങ്ങളുടേയും ഭാഷ ഇംഗ്ലീഷാണെന്നും മാതൃഭാഷയല്ലെന്നും സിദ്ധാന്തം ചമയ്ക്കുന്നവർക്ക് ഈ മുന്നേറ്റം സമർപ്പിക്കുന്നു.) ഒട്ടും എളുപ്പമായിരുന്നില്ല ഖബർലാഹരിയയുടെ രണ്ടു പതിറ്റാണ്ടു വരുന്ന ജീവിതവഴികൾ. ജാതിമേധാവിത്തത്തോടും സ്വ കുടുംബത്തിലെ പുരുഷാധിപത്യത്തോടും പൊരുതിയാണ് ഖബർലാഹിരയുടെ ഒരോ പ്രവർത്തകയും പിടിച്ചു നിൽക്കുന്നത്. ഇതിനോടകം ചമേലി ജെയിന്‍ പുരസ്‌കാരം, യുനെസ്‌കോയുടെ കിങ് സെജോങ് ലിറ്ററസി പ്രൈസ്, അമേസിങ് ഇന്ത്യാ അവാര്‍ഡ്, കൈഫി ആസ്മി അവാര്‍ഡ്, ജര്‍മ്മന്‍ മാധ്യമസ്ഥാപനമായ ഡോയ്‌ചെ വെലെയുടെ ഗ്ലോബല്‍ മീഡിയഫോറം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഖബർ ലാഹരിയക്ക് പിറകിലെ സമർപ്പിത സന്നദ്ധതയെ തേടിയെത്തി. ഏറെ ശ്രമകരവും ത്യാഗപൂർണ്ണവുമായ വഴികളിലൂടെ ഖബർ ലാഹരിയയെ വഴി നടത്തിയവരിൽ എടുത്തു പറയേണ്ട മറ്റൊരു പേരാണ് എഡിറ്റർ മീരാദേവി

ഭരണകൂടത്തിൻ്റെയും കോർപ്പറേറ്റുകളുടെയും വാഴ്ത്തുപാട്ടുകൾ മാത്രമാവുന്ന കോർപ്പറേറ്റ് /ദേശീയ മാദ്ധ്യമങ്ങൾ മാത്രമല്ല, പ്രാദേശിക മാദ്ധ്യമങ്ങൾ പോലും അവഗണിക്കുകയാണ് ദലിതരുടെ ഇന്ത്യ നേരിടുന്ന ക്രൂരതകൾ. അത്തരത്തിൽ നാവു നഷ്ടപ്പെട്ട, അവഗണിക്കപ്പെടുന്ന സർവ്വ മനുഷ്യരുടേയും നാവാണ് ഖബർലാഹിരിയ. നീതി നിഷേധം , അമ്മമാരുടെയും കുഞ്ഞുങ്ങളുടേയും പോഷകാഹാരക്കുറവ്, പലതരം അവകാശ നിഷേധങ്ങൾ , പുരുഷാധിപത്യം എന്നിങ്ങനെ ഗ്രാമജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി റിപ്പോർട്ടുകളും ഫീച്ചറുകളുമാണ് തന്നെയാണ് ഖബർ ലാഹരിയയിലുള്ളത്. ഇന്നിപ്പോൾ കയ്യിൽ സ്മാർട്ട്ഫോണുമായി ഗ്രാമങ്ങളിലെത്തുന്ന അഭ്യസ്ത വിദ്യരോ വിദ്യാർത്ഥിനികളോ ആയ നിരവധി റിപ്പോർട്ടർമാരാണ് ഖബർ ലാഹരിയയുടെ കരുത്ത്. പലതരം സാമൂഹ്യവിവേചനങ്ങളുടെ ഇരകൾ ആ മൊബൈൽ ക്യാമറകളിലൂടെ ഈ ലോകത്തോട് സംസാരിക്കുന്നു. ഖബർലാഹരിയയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അത് ലക്ഷക്കണക്കിന് മനുഷ്യരിലെത്തിക്കുന്നു.

ലോകമെമ്പാടുമുള്ള തദ്ദേശീയ സംസ്കൃതികളെയും പാരിസ്ഥിതിക മുന്നേറ്റങ്ങളെയും ബദൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തിൽ ലാഭരഹിതമായി, അമേരിക്കൻ ഐക്യനാടുകളിലെ ഗോത്രവർഗ്ഗ മേഖലയായ Utah ൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൺ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് . ഡോക്യുമെൻ്ററികളും ചെറുസിനിമകളും കേന്ദ്രീകരിച്ച് അവർ നടത്തുന്ന ചലച്ചിത്ര മേള ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാണ്.

അമേരിക്കയുടെയും കാനഡയുടെയും മണ്ണിൽ തീർത്ഥാടക പിതാക്കളെന്ന് വിളിക്കപ്പെട്ട യൂറോപ്പിൻ്റെ അധിനിവേശങ്ങളുടെ ചരിത്രം തുടങ്ങും മുൻപ് തദ്ദേശീയ ട്രൈബൽ ജനതകളുടെ വൈവിദ്ധ്യവും സമ്പന്നവുമായ സംസ്കൃതികൾ നിലനിന്നിരുന്നുവെന്ന് നമുക്കറിയാം. കാടു ചുട്ടെരിച്ച് പ്ലാൻ്റേഷനുകളും താഴ്ന്ന നിലങ്ങളിൽ നാഗരികതകൾ നിർമ്മിച്ചും യൂറോപ്യൻ അധിനിവേശങ്ങൾ വ്യാപിച്ചതോടെ അവ തകർക്കപ്പെടുകയാണുണ്ടായതെന്നും നാം വായിച്ചിട്ടുണ്ട്. ബലാൽക്കാരങ്ങൾ, അടിമകളാക്കൽ, വംശഹത്യകൾ തുടങ്ങിയ പ്രത്യക്ഷാക്രമണങ്ങൾ മാത്രമല്ല , പാഗനിസമെന്ന പേരിലും അധമമെന്ന നിലയിലും തദ്ദേശ സംസ്കൃതിയിലെ ആത്മീയവും സൗന്ദര്യാത്മകവുമായ സംസ്കാരിക പ്രകടനങ്ങളെ ചിത്രീകരിക്കലും പള്ളിമതം അടിച്ചേല്പിക്കലുമെല്ലാം ഈ അധിനിവേശത്തിൻ്റെ ഭാഗമായിരുന്നു. പ്രത്യക്ഷാധിനിവേശത്തോട് വിയോജിക്കുന്നവരുടെ ജനാധിപത്യ ബോധത്തിനും സാംസ്കാരികവും മൂല്യപരവുമായ ഈ പരോക്ഷാധിനിവേശം തിരിച്ചറിയാനോ ഗൗരവത്തിൽ കാണാനോ കഴിഞ്ഞിട്ടില്ല. ജനസംഖ്യ കുത്തനെ കുറഞ്ഞു പോവുന്ന ഒരു നിശ്ശബ്ദ വംശഹത്യയിലേക്കാണ് പതുക്കെ ഈ പ്രതിസന്ധികൾ തദ്ദേശ ഗോത്ര സംസ്കൃതികളെ നയിച്ചത്.

ഉഗ്രമായ പ്രകൃതിചൂഷണത്തിലൂന്നിയ വികസന മാതൃകകൾക്കേറ്റ തിരിച്ചടികളും തൊഴിലാളി വർഗ്ഗത്തിൻ്റെയും ഇതര സാമൂഹ്യ വിഭാഗങ്ങളുടെ വിമോചന പോരാട്ടങ്ങളും പകർന്ന വീണ്ടുവിചാരത്തിൻ്റെ മാതൃകകൾ പിൽക്കാലത്ത് കാണാം. അധിനിവേശകരുടെ കുമ്പസാരങ്ങളും പ്രായശ്ചിത്തങ്ങളും ഗോത്രസംസ്കാരങ്ങളുടെ സംരക്ഷണ നിയമങ്ങളായും , അവരോടുള്ള വിനിമയം സാദ്ധ്യമാക്കുന്ന സാംസ്കാരിക പദ്ധതികളായും പലതരം സർക്കാരേതര സന്നദ്ധ പ്രവർത്തനങ്ങളായും വികസിക്കുന്നുണ്ട്.

'റിൻറുവും സുഷ്മിതും ഞങ്ങളോടു കാണിച്ച സ്നേഹത്തിനും അവരുടെ കഠിനാദ്ധ്വാനത്തിനും ലഭിച്ച അംഗീകാരമാണ് ഇത്. ഞങ്ങളും കൂടുതൽ മനുഷ്യരിലേക്ക് എത്തുന്നു. അത് ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.
കവിത ബുന്ദേൽഖണ്ഡി

വൈവിദ്ധ്യപൂർണ്ണമായ സാംസ്കാരിക സവിശേഷതകളുള്ള അമേരിക്കൻ - കനേഡിയൻ ഗോത്രവിഭാഗങ്ങൾ പൊതുവിൽ പങ്കിടുന്നൊരു പാരമ്പര്യമാണത്രേ ഈ സൂര്യനൃത്തോത്സവം. ലോക പൈതൃകകലകളിൽ സവിശേഷസ്ഥാനമുള്ള ഈ നൃത്തോത്സവ വേദികൾ ആഗോള ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്. ഗോത്ര ജനവിഭാഗങ്ങളോടും അവരുടെ സാംസ്കാരിക പാരമ്പര്യത്തോടുമുള്ള ആദരസൂചകമായാണ് സംഘാടകർ ഈ ഇൻസ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രോത്സവത്തിനും സൺഡാൻസ് എന്നു പേര് നൽകിയിരിക്കുന്നത്. പേരിടലിൽ മാത്രം അവസാനിക്കുന്നതല്ല ആ ആദരം. കേവലമായ ആദരവുമല്ല അത്. പരിസ്ഥിതി , ആദിവാസി, ലിംഗനീതി , പ്രാന്തവൽകൃത സമൂഹങ്ങളുടെ അതിജീവനം തുടങ്ങിയ മണ്ഡലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ചെറു / ഡോക്യുമെൻ്ററി ചലച്ചിത്രങ്ങളുടെ മേളയാണത്. അത്തരം പ്രമേയങ്ങളിൽ സിനിമയെടുക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ സ്വതന്ത്ര സംഗമവും സംവാദങ്ങളും മേളയെ സർഗ്ഗദീപ്തമാക്കുന്നു.

റൈറ്റിംഗ് വിത്ത് ഫയർ' എന്ന തങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററി നേടിയ രാജ്യാന്തര അംഗീകാരങ്ങളിൽ ഖബർ ലാഹരിയയുടെ പ്രവർത്തകർ വലിയ ആഹ്ലാദത്തിലാണ്. ''റിൻറുവും സുഷ്മിതും ഞങ്ങളോടു കാണിച്ച സ്നേഹത്തിനും അവരുടെ കഠിനാദ്ധ്വാനത്തിനും ലഭിച്ച അംഗീകാരമാണ് ഇത്. ഞങ്ങളും കൂടുതൽ മനുഷ്യരിലേക്ക് എത്തുന്നു. അത് ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. " കവിത ബുന്ദേൽഖണ്ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.

"റൈറ്റിംഗ് വിത്ത് ഫയർ " ഇതുവരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തിട്ടില്ല.

"പലരും അന്വേഷിക്കുന്നു. അല്പം സമയം കൂടി കാത്തിരിക്കൂ " എന്ന് ചിത്രത്തിൻ്റെ ഒഫീഷ്യൽ പേജിൽ കുറിച്ചിട്ടുണ്ട്. നമുക്ക് കാത്തിരിക്കാം, അഗ്നിപഥങ്ങളിലെ സഞ്ചാരമാവിഷ്കരിച്ച ഈ ചിത്രം. കണിശമായ കാഴ്ചയ്ക്കും നിശിതമായ വിശകലനത്തിനും.

Related Stories

No stories found.
logo
The Cue
www.thecue.in