ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ;കരഞ്ഞ് കൈകൂപ്പി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ;കരഞ്ഞ് കൈകൂപ്പി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

ജോലിയെടുത്ത് ജീവിക്കാനും അനുവദിക്കുകയില്ലേയെന്ന് ചോദിച്ച് കൈകൂപ്പി കരയുന്നു ട്രാന്‍സ്‌ജെന്‍ഡറായ സജ്‌ന. ബിരിയാണി കച്ചവടം ചെയ്യുന്നതിനിടെ ആണും പെണ്ണും കെട്ടതെന്ന് അധിക്ഷേപിച്ച് കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ സജ്‌ന പറയുന്നു. പരാതിയില്‍ പരിഹാരമുണ്ടാക്കുമെന്ന് സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ സജ്‌നയ്ക്ക് ഉറപ്പ് നല്‍കി.

കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വില്‍പ്പന നടത്തുന്നത്. സമീപത്തായി കച്ചവടം നടത്തുന്നവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളുമായി ബഹളം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനേത്രിയായ സജ്‌ന കൊവിഡ് കാലത്താണ് ബിരിയാണി കച്ചവടം ആരംഭിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സ്വരുക്കൂട്ടിവച്ചിരുന്ന തുകയും സ്വര്‍ണം വിറ്റുകിട്ടിയ കാശും ഉപയോഗിച്ചായിരുന്നു കച്ചവടം തുടങ്ങിയത്. സജ്‌നയുടെ അതിജീവന ശ്രമം ശ്രദ്ധ നേടിയിരുന്നു.

വില്‍പ്പനയ്ക്ക് കൊണ്ടുപോയ മുഴുവന്‍ ബിരിയാണിയും തിരിച്ചു കൊണ്ടുവരേണ്ടി വന്ന സങ്കടമാണ് സജ്‌ന ഫേസ്ബുക്ക് ലൈവില്‍ പങ്കുവെയ്ക്കുന്നത്. 150 ബിരിയാണിയും 20 ഊണുമാണ് വില്‍പ്പനയ്ക്ക് കൊണ്ടുപോയത്. 20 ബിരിയാണി മാത്രമാണ് വിറ്റുപോയത്. ജീവിക്കാന്‍ സമൂഹം അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ പറയൂ. നല്ല രീതിയില്‍ കച്ചവടം മുന്നോട്ട് പോയതായിരുന്നു.കുറച്ച് ദിവസമായി ശല്യപ്പെടുത്തുകയാണ് മറുഭാഗത്ത് നില്‍ക്കുന്നവര്‍. കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല. നാളെ സാധനങ്ങള്‍ വാങ്ങാന്‍ പോലും പൈസയില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റും പെറുക്കിയും, കുടുക്ക വരെ പൊട്ടിച്ചാണ് ബിരിയാണി കച്ചവടം തുടങ്ങിയത്.

ബാക്കി വന്ന ബിരിയാണിയും ഊണുകളും യുവതി വീഡിയോയില്‍ കാണിക്കുന്നു. ആരോടും പോയി പറയാനില്ല. ആരും അഭിപ്രായം കേള്‍ക്കാനുമില്ല. ഞങ്ങള്‍ ഇങ്ങനെയായിപ്പോയത് ഞങ്ങളുടെ കുറ്റം കൊണ്ടല്ലല്ലോ. സമൂഹത്തില്‍ അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യും. രാത്രിയില്‍ തെരുവിലും ട്രെയിനിലും ഭിക്ഷയെടുക്കാനല്ലേ പറ്റുകയുള്ളു. നിങ്ങളൊക്കെ ചോദിക്കില്ലേ ജോലിയെടുത്ത് ജീവിച്ചൂടെയെന്ന്.

ഒത്തിരി സങ്കടമുണ്ട്. നാളെ മുതല്‍ കച്ചവടത്തിന് ഇറങ്ങാനാവില്ല. രണ്ട് ദിവസമായി പൊലീസ് സ്റ്റേഷനില്‍ പോകുന്നു. ബിരിയാണി വിറ്റുതരാന്‍ ഞങ്ങള്‍ക്ക് പറ്റുമോയെന്നാണ് എസ് ഐ ചോദിച്ചത്. ഫുഡ് ഇന്‍സെപെക്ടറാണെന്നും പറഞ്ഞ് ഒരാളെത്തി ഭീഷണിപ്പെടുത്തി. ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നത്. അധികാരകളില്‍ ഈ വിഷയം എത്തിക്കണമെന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു. രാവിലെ മുതല്‍ ഭക്ഷണം പോലും കഴിക്കാതെ പൊലീസ് സ്റ്റേഷനില്‍ പോയി ഇരിക്കുകയായിരുന്നു. സഹായിക്കാന്‍ സാറിന്റെ കാല് പിടിച്ച് പറഞ്ഞു. വണ്ടിയുടെ അപ്പുറവും ഇപ്പുറവും നിന്ന് ആണും പെണ്ണും കെട്ടതാണെന്നും പറഞ്ഞ് പരിഹസിക്കുകയാണ്. അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവിക്കുന്നത് ഈ വരുമാനത്തിലാണെന്നും യുവതി പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in