പുറത്തിറങ്ങണമെങ്കില്‍ മുഖം മറയ്ക്കണം; പ്രതിക്ക് സുഖവാസവും; പോക്‌സോ കേസിലെ പെണ്‍കുട്ടികളുടെ അവസ്ഥ ഇതാണ്

പുറത്തിറങ്ങണമെങ്കില്‍ മുഖം മറയ്ക്കണം; പ്രതിക്ക് സുഖവാസവും; പോക്‌സോ കേസിലെ പെണ്‍കുട്ടികളുടെ അവസ്ഥ ഇതാണ്

സംസ്ഥാനത്ത് പോക്‌സോ കേസിലെ പരാതിക്കാരായ പെണ്‍കുട്ടികളുടെ തുടര്‍ജീവിതം വഴിമുട്ടുന്നു. അതിവേഗ കോടതികള്‍ സ്ഥാപിച്ചിട്ടും കേസുകള്‍ കെട്ടിക്കിടക്കുകയാണ്. പ്രതികളുടെ ഭീഷണിക്ക് വഴങ്ങി കേസില്‍ നിന്നും പിന്‍മാറുന്നതും അവരെ തന്നെ വിവാഹം കഴിക്കേണ്ടി വരുന്നതും പതിവാകുകയാണ്. ബന്ധുക്കള്‍ പോലും കൈയ്യൊഴിഞ്ഞ പെണ്‍കുട്ടികളെ താല്‍ക്കാലിക ജോലിക്ക് പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഒരു പരാതിക്കാരിയുടെ അനുഭവം

സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ മറ്റൊരു ജില്ലയില്‍ ബന്ധുക്കളുടെ കൂടെയാണ് ഇപ്പോള്‍ താമസം. പതിനാല് വയസ്സിലാണ് ബന്ധു പീഡിപ്പിച്ചത്. വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്തിയപ്പോള്‍ നിര്‍ഭയ ഹോമിലേക്ക് മാറ്റി. രണ്ട് വര്‍ഷത്തിന് ശേഷം പരാതി നല്‍കി. പിന്നാലെ സമ്മര്‍ദ്ദവും ഭീഷണിയും.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. എട്ട് വര്‍ഷമായിട്ടും കേസ് എവിടെയും എത്തിയില്ല. കുടുംബത്തിന്റെ പിന്തുണയുമില്ല. ആറുമാസം മുന്‍പ് പൊലീസ് സ്റ്റേഷനിലെത്തി കേസിന്റെ കാര്യം സംസാരിച്ചു. എന്നിട്ടും ഒന്നുമായില്ല. പ്രതി പുറത്തിറങ്ങി സുഖമായി ജീവിക്കുന്നു. തിരുവനന്തപുരത്ത് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. കുറെ കുട്ടികളുണ്ട് എന്നെ പോലെ കേസ് തീരാതെ ബുദ്ധിമുട്ടുന്നവര്‍.

ബികെ പാസ്സായതിന് ശേഷം ഞാന്‍ തന്നെ കണ്ടെത്തിയ ജോലിയുണ്ടായിരുന്നു. അവിടെയും നില്‍ക്കാന്‍ പറ്റാതായി. പ്രതി ഭീഷണിപ്പെടുത്തി. മുഖം മറച്ച് നടക്കണം. കേസ് തീരുമെന്ന് തോന്നുന്നില്ല. ഇത്ര വര്‍ഷമായിട്ടും ഒരു അനക്കവുമില്ല. വീടൊന്നും വേണ്ട. ഒരു ജോലി സര്‍ക്കാര്‍ തന്നാല്‍ എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു.
പരാതിക്കാരിയായ പെണ്‍കുട്ടി

11 വര്‍ഷമായിട്ടും കേസ് തീരാതെ നിര്‍ഭയ ഹോമില്‍ തുടരുന്ന മറ്റൊരു പെണ്‍കുട്ടിയുണ്ട്. ചെറിയ ശബളത്തിലൊരു ജോലി ലഭിച്ചാല്‍ ഹോമില്‍ നിന്നും മാറി താമസിക്കാന്‍ കഴിയും. ഇത്ര വര്‍ഷം അതിനുള്ളില്‍ തന്നെ ജീവിക്കേണ്ടി വരുന്ന പെണ്‍കുട്ടി.സര്‍ക്കാര്‍ പ്രൊജക്ടുകളിലേക്ക് അപേക്ഷിച്ച് ഇന്റര്‍വ്യുവില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചാലും പിന്തള്ളപ്പെടുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. സ്വന്തക്കാരെ നിയമിക്കുന്നതിനായി ഈ പെണ്‍കുട്ടികളെ തഴയുകയാണെന്നാണ് ആരോപണം. എല്ലാ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും ഇവര്‍ അകറ്റപ്പെടുകയാണ്. പ്രത്യേക പരിഗണന നല്‍കിയാല്‍ ആ രീതിയില്‍ കുട്ടികളെ കാണുമെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്ത് മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലെ 11 എണ്ണം ഉള്‍പ്പെടെ 14 ഹോമുകളാണ് ഉള്ളത്.

പീഡിപ്പിച്ച പെണ്‍കുട്ടിയുടെ വിവാഹം കഴിക്കുന്ന പ്രതികളുണ്ട്. മുന്‍പ് വിവാഹിതനാണെങ്കിലും ഇതിന് തടസ്സമുണ്ടാകുന്നില്ല. നിര്‍ഭയ ഹോമിലെ 22 വയസ്സുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതിനായി എത്തിയ വരന് പ്രായം 40 വയസ്സ്. ചെറിയ കുട്ടിയായിരുന്നപ്പോളാണ് പീഡിപ്പിക്കപ്പെട്ടത്. കേസ് തുടരുന്നതിനിടെയായിരുന്നു പ്രതിയുടെ വിവാഹഭ്യര്‍ത്ഥന. പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി ഇത് പെണ്‍കുട്ടി നിരസിച്ചപ്പോള്‍, 'നിന്നെ പിന്നെ ആരാണ് കെട്ടുകയെന്ന്' പിതാവ് ചോദിച്ചു. ജോലി ചെയ്ത് ജീവിക്കാമെന്നതായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. കേസ് ഇല്ലാതാക്കുക മാത്രമാണ് ഇത്തരം വിവാഹാലോചനകളുടെ ലക്ഷ്യമെന്ന് പി ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു.

പരാതിക്കാരായ പെണ്‍കുട്ടികളുടെ ഭാവിയെന്താണെന്ന് ആരും ചിന്തിക്കുന്നില്ല. അവര്‍ക്ക് എന്താണ് ഉറപ്പ് കൊടുക്കുന്നത്. കല്യാണം അന്വേഷിക്കുമ്പോള്‍ ആര്‍ക്കും താല്‍പര്യമില്ല. വീട്ടുകാര്‍ വഴിയാണ് പല കല്യാണം ആലോചിക്കുന്നത്. കല്യാണം കഴിച്ചു വിടുകയെന്നത് മാത്രമാണ് വഴിയെന്ന് രക്ഷിതാക്കള്‍ കരുതുന്നു.
പി ഇ ഉഷ

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ പുനരധിവാസം

പോക്‌സോ കേസുകളിലെ പരാതിക്കാരായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പദ്ധതികളില്ലെന്നതാണ് പ്രതികളെ തന്നെ കല്യാണം കഴിക്കേണ്ട അവസ്ഥയിലേക്ക് പെണ്‍കുട്ടികളെത്തുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. സമ്മര്‍ദ്ദം ചെലുത്തി കുട്ടിയുടെ സമ്മതപത്രം വാങ്ങിയാണ് വിവാഹത്തിന് അപേക്ഷ നല്‍കുക. കുഞ്ഞുണ്ടെങ്കില്‍ മറ്റൊരു കല്യാണത്തിന് ആരും തയ്യാറാകില്ലെന്നും പെണ്‍കുട്ടികള്‍ കരുതുന്നു. ശരീരത്തിലെ പാടുകള്‍ ഭാവി ജീവിതത്തില്‍ വെല്ലുവിളിയാകുമെന്നും ഭയപ്പെടുന്നു. നിര്‍ഭയ ഹോമില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ടെന്നതായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയോ പ്രസവിക്കുകയോ ചെയ്തിരുന്നില്ല. ശരീരത്തിലെ സ്വാഭാവിക മാറ്റങ്ങള്‍ പോലും ഈ പെണ്‍കുട്ടികളെ സംശയനിഴലിലാക്കുന്നു.

സര്‍ക്കാര്‍ ഹോമുകളില്‍ നിന്നും തിരിച്ചു പോകുന്ന പെണ്‍കുട്ടികള്‍ പിന്നീടെന്ത് ചെയ്യുന്നുവെന്ന് ആരും അന്വേഷിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഒരു വര്‍ഷം മുമ്പ് കാസര്‍കോട് ജില്ലയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

പോക്‌സോ കേസുകളിലെ പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്ക് പ്രതിയുടെ സ്വത്തില്‍ അവകാശം വേണമെന്നാവശ്യപ്പെട്ടുള്ള മഹിളാ സമഖ്യ നടത്തിയ നീക്കങ്ങളും എങ്ങുമെത്തിയില്ല. നിയമം ഇക്കാര്യം പറയുന്നില്ല എന്നതാണ് പ്രതിസന്ധി.

കുട്ടിയെ മറ്റാരെങ്കിലും ദത്തെടുത്തിട്ടുണ്ടെങ്കില്‍ ഉത്തവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പ്രതി രക്ഷപ്പെടുന്നു. ജൈവികമായ ഉത്തരവാദിത്വത്തില്‍ നിന്നും അമ്മ രക്ഷപ്പെടുന്നുമില്ല. നിയമത്തില്‍ അത് പ്രത്യേകമായി വേണ്ടിയിരുന്നു.
പി ഇ ഉഷ

കൊട്ടിയൂരില്‍ അച്ചന്‍ പീഡിപ്പിച്ച പെണ്‍കുട്ടി മറ്റൊരു സംസ്ഥാനത്ത് പഠിക്കുകയാണ്. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടിയുടെ ഭാവി നശിപ്പിക്കാനാണ് നീക്കമെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ബീന കാളിയത്ത് പറയുന്നു. കുട്ടിയെ കല്യാണം കഴിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തിയായിരുന്നെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിക്കില്ല.

അച്ചന്റെ സമ്മര്‍ദ്ദം കാരണമാണ് മൊഴി മാറ്റിയതെന്ന് പെണ്‍കുട്ടിയും രക്ഷിതാക്കളും പറഞ്ഞതാണ്. കല്യാണം കഴിക്കാന്‍ താല്‍പര്യമുള്ള ആള്‍ സ്വന്തം അച്ഛനാണ് പ്രതിയെന്ന് പെണ്‍കുട്ടിയെക്കൊണ്ട് പറയിപ്പിക്കില്ല. ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഇയാള്‍ കല്യാണം കഴിക്കാന്‍ ശ്രമിക്കുന്നത്.
ബീന കാളിയത്ത്

അടുത്ത ബന്ധുക്കള്‍, പരിചയക്കാര്‍ എന്നിവര്‍ പ്രതികളാവുന്ന കേസുകളിലെ പെണ്‍കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തിന് സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകയായ അഡ്വക്കേറ്റ് സന്ധ്യ ജനാര്‍ദ്ദന പിള്ള ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് കാര്യമായ ഇടപെടല്‍ വേണം. പോക്‌സോ നിയമം വന്ന് ഇത്ര കാലമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാധ്യമശ്രദ്ധ കിട്ടുന്ന കേസുകള്‍ ഒഴികെയുള്ളവ അവഗണിക്കപ്പെടുകയാണ്. ഹാന്‍ഡ് ഹോള്‍ഡിംഗ് ശരിക്കും വേണ്ട കുട്ടികളാണിവര്‍. അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധ വേണം. അത് വെല്ലുവിളിയുള്ളതാണെങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കരുത്ത് നല്‍കണം.

സര്‍ക്കാര്‍ ഹോമുകളിലേക്ക് എത്തിയ 400 കുട്ടികളുടെ കേസുകളില്‍ മാത്രമാണ് സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. പോക്‌സോ വന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട 12000ത്തിലധികം കേസുകളുണ്ട്. ഇത്രയധികം കുട്ടികള്‍ പുറത്ത് നില്‍ക്കുകയാണ്. എഫഐആര്‍ ഇട്ട് ചാര്‍ജ്ജ് ഷീറ്റ് കൊടുത്ത് കഴിഞ്ഞാല്‍ തിരിഞ്ഞ് നോട്ടം പോലുമില്ല.
അഡ്വക്കേറ്റ് സന്ധ്യ

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ അതിജീവിക്കാനല്ല, കീഴടങ്ങാനാണ് സമൂഹം പഠിപ്പിക്കുന്നതെന്ന് സ്ത്രീകള്‍ക്ക് നിയമസഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പുനര്‍ജ്ജനിയിലെ പി സപ്‌ന പറയുന്നു. മാനസികമായ പുനരധിവാസം ഇവര്‍ക്ക് അത്യാവശ്യമാണ്. അത് ലഭിക്കാത്തത് ഭാവി ജീവിതത്തെ ബാധിക്കുന്നു. പോക്‌സോ സെല്ലുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികളുണ്ടെങ്കിലും 2014ലെ കേസുകളൊക്കെ കെട്ടിക്കിടക്കുകയാണ്. കേസ് നീണ്ടു പോകുന്നത് പരാതിക്കാരിയെയും രക്ഷിതാക്കളെയും സ്വാധീനിക്കാനുള്ള സമയം പ്രതികള്‍ക്ക് കിട്ടുന്നുവെന്നും സപ്‌ന പറയുന്നു.

AD
No stories found.
The Cue
www.thecue.in