Gender

‘എന്തിന് എല്ലായ്പ്പോഴും അധികാരം പുരുഷന്‍മാര്‍ക്ക് മാത്രമാകണം’; 10 വര്‍ഷത്തിനിടയിലെ ആദ്യ അഭിമുഖത്തില്‍ നയന്‍താര 

അഭിമുഖങ്ങളിലും സിനിമാ പ്രചരണ പരിപാടികളും ഇവന്റുകളിലും നയന്‍താരയെ അപൂര്‍വമായി മാത്രമാണ് കാണാറുള്ളത്. പുരുഷാധിപത്യം അരങ്ങുവാണ ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് തന്റെ ഇടം ഉറപ്പിച്ചത് എങ്ങനെയെന്ന് തുറന്നുപറയുകയാണ് സൂപ്പര്‍താരം നയന്‍താര. പത്തുവര്‍ഷത്തിനിപ്പുറം നല്‍കിയ ആദ്യ അഭിമുഖത്തില്‍ വോഗ് മാഗസിനുമായാണ് അവര്‍ നിലപാടുകള്‍ പങ്കുവെച്ചത്. എപ്പോഴും അധികാരം പുരുഷന്‍മാരുടെ കൈകളില്‍ മാത്രമാകുന്നത് എന്തിനെന്ന് നയന്‍താര ചോദിക്കുന്നു. ആജ്ഞാശക്തിക്കുള്ള സ്ത്രീകളുടെ ആത്മവിശ്വാസമില്ലായ്മയാണ് പ്രശ്നം. അത് മറികടക്കുകയാണ് ഞാന്‍ ചെയ്തത്. എന്നാല്‍ അതിനെ ലിംഗപരമായ വിഷയമായല്ല കാണുന്നത്. അടിസ്ഥാനപരമായി, നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്കും കേള്‍ക്കാമെന്നാണ് തന്റെ നിലപാടെന്നും നയന്‍താര പറയുന്നു. സിനിമകള്‍ തെരഞ്ഞെടുത്ത് ചിത്രീകരണമടക്കമുള്ള വിവിധ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള പ്രാപ്തി നേടിയത് ഇങ്ങനെയാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു നടി.

എന്നെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് തീരുമാനിക്കാറ്. കഥ പറയാന്‍ വരുമ്പോള്‍ ഭര്‍ത്താവുമായോ കാമുകനുമായോ ബന്ധപ്പെട്ടുള്ള ഉപകഥകളൊക്കെ സംവിധായകര്‍ അവതരിപ്പിക്കും. എന്നാല്‍ അതൊക്കെ അത്യാവശ്യമുള്ളതാണോയെന്ന് ഞാന്‍ തിരിച്ച് ചോദിക്കാറുണ്ട് 
നയന്‍താര  

സുഹൃത്തായ ഗാനരചയിതാവും നടനും സംവിധായകനുമായ വിഗ്നേഷ് ശിവനുമായി ചേര്‍ന്നുള്ള സിനിമാ നിര്‍മ്മാണ പദ്ധതികളെക്കുറിച്ചും നയന്‍താര കാഴ്ചപ്പാട് പങ്കുവെച്ചു. പ്രേക്ഷകര്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കും. വൈകാതെ പ്രഖ്യാപനമുണ്ടാകും. നിലവിലുള്ള കോട്ടകള്‍ തകര്‍ത്ത് നിങ്ങളുടേത് കെട്ടിപ്പൊക്കുമ്പോള്‍ സമയം പാഴാക്കാനുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.

പത്തുവര്‍ഷത്തിന് ശേഷമുള്ള എന്റെ ആദ്യ അഭിമുഖമാണിത്. ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് എപ്പോഴും ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ്. ആള്‍ക്കൂട്ടങ്ങളുമായി ചേര്‍ന്നുപോകുന്നയാളല്ല. ഞാന്‍ പറഞ്ഞത് പലതവണ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സെന്‍സേഷണലാക്കിയിട്ടുണ്ട്. അതൊക്കെ കൈകാര്യം ചെയ്യല്‍ എന്നെ സംബന്ധിച്ച് എളുപ്പമല്ല. അഭിനയമാണ് എന്റെ ജോലി. വിജയമുണ്ടാകുമ്പോള്‍ അത് തലയില്‍ കയറ്റിവെയ്ക്കുന്നയാളല്ല ഞാന്‍. സത്യത്തില്‍ എപ്പോഴും പേടിയാണ്. നല്ല ഉല്‍പ്പന്നം തന്നെ നല്‍കിയോ എന്ന പേടിയോടെ കഴിയുന്നയാളാണ്. 
നയന്‍താര  

12ാം വാര്‍ഷിക സ്‌പെഷ്യല്‍ ആയി പുറത്തിറങ്ങിയ വോഗ് ഇന്ത്യയില്‍ മഹേഷ് ബാബു, നയന്‍താര, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരായിരുന്നു മുഖചിത്രം.

2007 മുതല്‍ 2011 വരെ തുടര്‍ വിജയങ്ങള്‍ ഉണ്ടായിട്ടും ഒരു വര്‍ഷത്തോളം ഇടവേളയെടുത്തതിനെക്കുറിച്ച് നയന്‍താരയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഞാന്‍ സ്വകാര്യതയിലേക്ക് പിന്‍വലിയുകയായിരുന്നു. എന്റെ സിനിമകളും പാട്ടുകളുമൊന്നും പ്രക്ഷേപണം ചെയ്തിരുന്ന ചാനലുകള്‍ പോലും കാണാറുണ്ടായിരുന്നില്ല.

വിവാദങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്നും ചിത്രീകരണങ്ങളുമൊക്കെയായി എപ്പോഴും തിരക്കിലാണെന്നുമായിരുന്നു അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി.

ഫോട്ടോയ്ക്കും ഉള്ളടക്കത്തിനും കടപ്പാട് vogue india