തെറിയെന്ന് അധിക്ഷേപിക്കുന്നത് വിവരക്കേട്, ചുരുളിയെ 'തെറിപ്പട'മാക്കുന്നവരോട്

തെറിയെന്ന് അധിക്ഷേപിക്കുന്നത് വിവരക്കേട്, ചുരുളിയെ 'തെറിപ്പട'മാക്കുന്നവരോട്

രാജ്യാന്തര ശ്രദ്ധ നേടിയ ജല്ലിക്കട്ട് എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയ സിനിമ. എസ്.ഹരീഷ് തിരക്കഥ. കുറ്റകൃത്യത്തെയും മനുഷ്യനെയും ഭിന്നമായ സാമൂഹ്യ സാഹചങ്ങള്‍ക്കൊപ്പം നിര്‍വചിക്കുന്ന ചിത്രമാണ് ചുരുളി. നിയമം സംരക്ഷിക്കുന്നയാള്‍- നിയമം ലംഘിക്കുന്നയാള്‍ എന്നീ ദ്വന്ദ്വത്തെ മുന്‍നിര്‍ത്തിയാണ് ചുരുളിയുടെ ആഖ്യാനം. ചുരുളി സോണി ലിവ് എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചുരുളി എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ തെറി സംഭാഷണമാക്കിയതിനെ മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകള്‍. സിനിമയുടെ മികവോ, ഉള്ളടക്കമോ ചര്‍ച്ചയാകുന്നതിന് പകരം തെറി സംഭാഷണമാക്കിയത് ചര്‍ച്ചയാക്കുന്നതിന് പിന്നിലെന്ത്, സിനിമയില്‍ തെറി വേണ്ടെന്നത് സമാന്തര സെന്‍സര്‍ഷിപ്പാണോ?, സിനിമ തെറി പറഞ്ഞാല്‍ എന്ത് പ്രശ്നമെന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യുസ്, സംവിധായകന്‍ ജിയോ ബേബി, അഭിനേത്രി ഗീതി സംഗീത, സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ് എന്നിവര്‍

ചുരുളിയെ 'തെറി'യെന്ന് അധിക്ഷേപിക്കുന്നത് വിവരക്കേട് : പി.എഫ് മാത്യൂസ്

ജീവിതത്തില്‍ നമ്മള്‍ തെറി പറയുന്നത് ആരെയെങ്കിലും അവഹേളിക്കാനോ ആക്രമിക്കാനോ വേണ്ടിയാണ്. എന്നാല്‍ കലയിലേക്ക് വരുമ്പോള്‍ തെറി ഉപയോഗിക്കുന്നതിന്റെ ഉദ്ദേശം വേറെയാണ്. സിനിമാ പ്രേക്ഷകര്‍ക്ക് പൊതുവെ കലയേയും ജീവിതത്തേയും വേര്‍തിരിച്ച് കാണാന്‍ വലിയ ബുദ്ധിമുട്ടാണ്. വളരെ മോശം രീതിയില്‍ സ്ത്രീത്വത്തെയും എല്ലാ മൂല്യങ്ങളെയും അവഹേളിക്കുന്ന വ്യാപാര സിനിമകള്‍ കാണുമ്പോള്‍ നമുക്ക് യാതൊരു പരാതിയുമില്ല. അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടോട് കൂടി തെറി എന്ന പദം ഉപയോഗിക്കുന്ന ഒരു സിനിമയെ നമ്മള്‍ ആക്രമിക്കുകയും ചെയ്യുന്നു. കാരണം നമ്മള്‍ ആ വാക്കിനെ വെറും വാക്കായി മാത്രമാണ് കാണുന്നത്. ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ തീര്‍ച്ചയായും മാറേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. അവര്‍ ഇത്രയും ലാഘവത്തോടെ സിനിമയെ കാണുന്നത് തന്നെ തെറ്റാണ്.

സെന്‍സറിങ്ങിനോട് തന്നെ യോജിപ്പില്ലാത്ത ആളാണ് ഞാന്‍. പിന്നെ സിനിമ കുടുംബസമേതം കാണുക എന്ന അബദ്ധവിചാരം നമുക്കിടയിലുണ്ട്. കല എന്നത് കുടുംബസമേതം കാണേണ്ടതല്ല. വ്യാപാര സിനിമയുണ്ടാക്കിയ ഒരു പരിപാടിയാണത്. അത് കാശ് ഉണ്ടാക്കാന്‍ വേണ്ടി കച്ചവടക്കാര്‍ ഉണ്ടാക്കിയ ഒരു ഫോര്‍മുലയുമാണ്. കാരണം ഒരു കുടുംബത്തിലെ അംഗങ്ങള്‍ മുഴുവന്‍ വരുമ്പോള്‍ ടിക്കറ്റിന് കാശ് കിട്ടും. കല എല്ലാ മനുഷ്യരുടെയും ഉള്ളില്‍ നടക്കുന്ന സ്ഫോടനത്തിനുള്ള ഉപകരണമാണ്. ആ സ്‌ഫോടനം ചുരുളി നടത്തുന്നുണ്ട്. അപ്പോള്‍ അത് തെറിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ശുദ്ധമായ വിവരക്കേടാണ്. ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല കാര്യങ്ങളും നമ്മള്‍ കലയില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രസക്തിയും കാര്യങ്ങളും മറ്റൊന്നാണ്. അതൊന്നും അറിയാതെ വെറുതെ കുറേ സിനിമ കണ്ട് എന്തെങ്കിലും അഭിപ്രായം പറയുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല.

ചുരുളിയില്‍ അതിന്റെ സംവിധായകനും കഥാകൃത്തും വളരെ വ്യക്തമായ ധാരണയോട് കൂടി തന്നെയാണ് ആ വാചകങ്ങളെ ഉപയോഗിച്ചിട്ടുള്ളത്. പലപ്പോഴും ഗൗരവമായ കലയെ ഉള്‍ക്കൊള്ളാന്‍ മലയാളി മടി കാണിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ജനപ്രിയ സിനിമകള്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ പല സിനിമകളും സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ്. അതെല്ലാം കൈനീട്ടി സ്വീകരിക്കാന്‍ നമുക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ ഇത്തരത്തില്‍ ഭാവനാപരമായ അട്ടിമറി നടത്തുന്ന സിനിമകളെ നമ്മള്‍ നിസാര കാര്യം പറഞ്ഞ് തള്ളിക്കളയുകയും ചെയ്യും. അതിനോട് എനിക്ക് ഒരു തരത്തിലും യോജിപ്പില്ല.

തെറി മാത്രമല്ല ചര്‍ച്ചയാക്കേണ്ടത് : ഗീതി സംഗീത

ചുരുളിയുടെ ഭാഷയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളത്. സിനിമയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന ഒരു സ്ഥലമാണ് ചിത്രീകരിച്ചിരിക്കുന്നത്. അപ്പോള്‍ കുറ്റവാളികളുടെ ഭാഷ വളരെ സഭ്യമായിരിക്കണമെന്ന് നമുക്ക് ഒരിക്കലും ആവശ്യപ്പെടാന്‍ സാധിക്കില്ല. കാരണം എ സര്‍ട്ടിഫിക്കറ്റോട് കൂടി 18ന് മുകളില്‍ ഉള്ളവര്‍ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ആ സിനിമ തുടങ്ങുന്നത് തന്നെ. സിനിമ തുടങ്ങുമ്പോള്‍ തന്നെ ഭാഷ ഏകദേശം വ്യക്തമാകും. അത് ആ ഭൂമിക അവകാശപ്പെടുന്ന അവിടുത്തെ ആളുകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അല്ലാതെ മനപ്പൂര്‍വ്വം തെറി പറയാന്‍ വേണ്ടി ചെയ്തതല്ല. അതല്ല സിനിമ ഉദ്ദേശിക്കുന്നത്. പിന്നെ ചുരുളിയിലെ തെറി മാത്രമല്ലാതെ മറ്റെന്തെല്ലാം സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അതേ കുറിച്ച് കൂടി സംസാരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകണം.

മാനുഷികമായത് എല്ലാം സിനിമയിലും വരണം: ജിയോ ബേബി

ജീവിതത്തിലെ പോലെ തന്നെ കലയിലും ആഭാസത്തിന് സ്ഥാനമുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം മനുഷ്യജീവിതത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമാണ് സിനിമയും മറ്റെല്ലാതരം കലകളും ഉണ്ടാവുന്നത്. അതുകൊണ്ട് ഒരു സിനിമയില്‍ തെറിയുണ്ടെന്ന് പറഞ്ഞ് ബഹളം വെക്കേണ്ട ഒരു കാര്യവുമില്ല. തെറി മാത്രമല്ല നമുക്ക് സമൂഹത്തില്‍ ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും കലയിലൂടെ പറയും. അത് പലര്‍ക്കും ബുദ്ധിമുട്ടാണ്ടുക്കാം. അതെല്ലാം സഹിക്കുക എന്ന് മാത്രമെ പറയാന്‍ കഴിയു. നമ്മള്‍ ചെറിയ കുട്ടികളെ ചീത്ത വാക്കുകള്‍ പറയിപ്പിക്കാതെ വളര്‍ത്തിക്കൊണ്ട് വരും. എത്ര നാളത്തേക്ക് വേണ്ടിയാണ് അങ്ങനെയൊരു വളര്‍ത്തല്‍. അതൊക്കെ സമൂഹത്തിന്റെ വെറും പൊള്ളത്തരം മാത്രമാണ്. തെറിയും ലൈംഗികതയും എല്ലാതരം മാനുഷികമായ കാര്യങ്ങളും സിനിമയിലൂടെ ഇതിലും കൂടുതലായി വരണം എന്ന അഭിപ്രായമുള്ള കലാപ്രവര്‍ത്തകനാണ് ഞാന്‍.

ലാംഗ്വേജ് ഓഫ് എക്സ്പ്രഷനായി കണ്ടുകൂടേ: കൃഷ്ണേന്ദു കലേഷ്

'തെറിയെ ഒരു language of expression ആയാണ് ഞാന്‍ കാണുന്നത്. തെറി ഉപയോഗിക്കുന്നത് പല കാര്യങ്ങളും പറഞ്ഞ് വെക്കാന്‍ കൂടിയാണ്. ആന്തരിക സംഘര്‍ഷങ്ങളെ പുറത്ത് എത്തിക്കാനാണ് പൊതുവെ തെറി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയില്‍ തെറിവിളിക്കുന്നത് മോശം കാര്യമായി ഞാന്‍ കാണുന്നില്ല. അത് ആശയവിനിമയത്തിന്റെ മറ്റൊരു രീതിയാണ്. പിന്നെ സിനിമ എപ്പോഴും കുടുംബവുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത്. സിനിമ ഒരിക്കലും ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്നതല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. നമ്മുടെ സിനിമകളില്‍ മാത്രമല്ല, ലോക സിനിമകളിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണാവുന്നതാണ്. തെറിയാണെങ്കിലും, ന്യൂഡിറ്റിയാണെങ്കിലും വയലന്‍സാണെങ്കിലും എല്ലാം സിനിമയില്‍ പറഞ്ഞ് പോകുന്നുണ്ട്. ചുരുളിയില്‍ തെറി എന്ന് പറയുന്നത് കഥ നടക്കുന്ന സ്ഥലത്തുള്ള ആളുകള്‍ സംസാരിക്കുന്ന രീതിയാണ്. അതിനെ ഒരു സംവിധായകന്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എക്‌സ്‌പ്രെഷന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. അത് വേണ്ട എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. ചെയ്യാന്‍ കഴിയുന്നത് സിനിമയെ വേര്‍തിരിക്കുക എന്നത് മാത്രമാണ്. ഏത് തരം പ്രേക്ഷകര്‍ക്കുള്ള സിനിമയാണെന്ന് വ്യക്തമായി പറയുക എന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുന്ന കാര്യം. ചുരുളിയുടെ കാര്യത്തില്‍ അത് ചെയ്തിട്ടുണ്ടെന്നാണ് എന്റെ നിഗമനം.

ടെലഗ്രാം വഴി സിനിമ കട്ടെടുക്കുന്നത് ചര്‍ച്ച ചെയ്യട്ടേ: വിനോയ് തോമസ്

സിനിമയിലെ തെറി ഉപയോഗത്തെ കുറിച്ചല്ല മലയാളികള്‍ ടെലഗ്രാം വഴി സിനിമ കട്ടെടുക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ചുരുളിയുടെ കഥാകൃത്ത് വിനോയ് തോമസ്. സിനിമയില്‍ തെറി വേണ്ടോ വേണ്ടയോ എന്ന തീരുമാനിക്കുന്നത് സംവിധായകനാണ്. അതില്‍ ചര്‍ച്ചയുടെ ആവശ്യമില്ല. കോടികള്‍ മുടക്കിയാണ് സോണി ലിവ്വ് ഈ സിനിമ വാങ്ങിച്ചത്. അവരുടെ സിനിമ ടെലഗ്രാം വഴി കട്ടെടുത്ത് സമൂഹമാധ്യമങ്ങളില്‍ ക്ലിപ്പുകളായി പ്രചരിപ്പിക്കുന്നതാണ് യഥാര്‍ത്ഥ കുറ്റം. അതാണ് ചര്‍ച്ചയാവേണ്ടതെന്ന് വിനോയ് തോമസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in