'ഞാനാണ് മമ്മൂട്ടി, ബീഫും കൊള്ളിയും കൊള്ളാം'

'ഞാനാണ് മമ്മൂട്ടി, ബീഫും കൊള്ളിയും കൊള്ളാം'
Summary

ഫഖ്‌റുദീന്‍ പന്താവൂര്‍ എഴുതിയത്‌

മമ്മൂട്ടിക്ക് പന്താവൂരുമായി വല്ലാത്തൊരു ബന്ധമുണ്ട്. പന്താവൂർ പാലത്തിനടുത്തുള്ള ചെറിയൊരു ചായക്കടയിൽ കയറി ബീഫും കൊള്ളിയും കഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മമ്മൂട്ടിയെക്കുറിച്ച് എത്ര പേർക്കറിയാം.തൃശൂർ - കോഴിക്കോട് പാതയിലൂടെ മമ്മൂട്ടി യാത്ര പോകുമ്പോഴെല്ലാം മമ്മൂട്ടി ഇവിടെ കയറും. ഒട്ടും സൗകര്യമില്ലാത്ത ചെറിയൊരു ചായക്കടയാണ്. നിഷ എന്നാണ് ഹോട്ടലിൻ്റെ പേര്.ന്നാലും മമ്മൂട്ടിക്ക് ഈ കട വല്ലാത്തൊരു ഇഷ്ടമായിരുന്നു.ഹോട്ടലുകാരൻ അബുക്ക സിനിമയൊന്നും കാണാത്ത ഒരു ദീനിയായിരുന്നെങ്കിലും ചായക്കടക്ക് മുന്നിൽ എടപ്പാളിലെ ഒരു തിയ്യേറ്ററിന് സിനിമാ പോസ്റ്റർ വെക്കാൻ സ്ഥലം നൽകിയിരുന്നു.അങ്ങനെയൊരു ദിവസം മമ്മൂട്ടി ആദ്യമായി ആ ചായക്കടയിൽ കയറി.ബീഫും കൊള്ളിയും കഴിച്ചു. ഹോട്ടലുകാരന് മമ്മൂട്ടിയെ മനസിലായതെയില്ല.മമ്മൂട്ടിക്കും ആശ്വാസമായി.ഹോട്ടലിന് മുന്നിൽ അനശ്വരം സിനിമയുടെ പോസ്റ്റർ ഉണ്ടായിരുന്നു.

കാശ് വാങ്ങാൻ നേരത്താണ് ഹോട്ടലുകാരൻ അബുക്ക ആളെ ശ്രദ്ധിച്ചത്.നിങ്ങള് സിനിമേലെ പോസ്റ്ററിലെ ആളെപ്പോലുണ്ടല്ലോ ...മമ്മൂട്ടി ഗൗരവം വിട്ട് ചെറുതായൊന്ന് ചിരിച്ചു."ഞാനാണ് മമ്മൂട്ടി.ബീഫും കൊള്ളിയും കൊള്ളാം."

മമ്മൂട്ടി ഹോട്ടലിൽ കയറിയത് പലരോടും പറഞ്ഞിട്ടും എല്ലാരും ഹോട്ടലുകാരനെ കളിയാക്കി.പിന്നെ മമ്മൂട്ടി കയറാവുന്ന ഹോട്ടലല്ലേ ഇത്.ആരും വിശ്വസിച്ചില്ല.പിന്നീട് പലപ്പോഴും മമ്മൂട്ടി ഈ ചെറിയ ചായക്കടയിൽ കയറും.അബുക്കയോട് ലോഹ്യം പറയും.ബീഫും പൂളയും കഴിക്കും. ആരും വിശ്വസിക്കില്ലെന്ന് ഉറപ്പുള്ളതിനാലാവും അബുക്ക ഈ വിശേഷങ്ങൾ ആരുമായും പങ്കുവെച്ചതുമില്ല.

ഒരിക്കൽ മമ്മൂട്ടി മനോരമയിൽ ഒരു കുറിപ്പെഴുതി. വെള്ളി വെളിച്ചം എന്നോ മറ്റോ ആയിരുന്നു ആ പക്തിയുടെ പേര്.അതിൽ മമ്മൂട്ടി ഈ ചായക്കടയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. അന്നാണ് നാട്ടുകാർക്ക് ഇത് വിശ്വാസമായത്. മൂപ്പര് പത്രത്തിൻ്റെ കട്ടിംഗ് ഹോട്ടലിൽ ഒട്ടിക്കുകയും ചെയ്തു.പിന്നീട് ഒരിക്കൽ കൂടി മമ്മൂട്ടി ഇവിടെ കയറി.തന്നെക്കുറിച്ചുള്ള പോസറ്ററും കണ്ടു. പിന്നെ ഈ ചായക്കടയിൽ കയറിയില്ല.സ്വകാര്യതയെ അത്രമേൽ പ്രണയിച്ചിരുന്നു അന്നും ഇന്നും മമ്മൂട്ടി.

കാലം കുറെ കഴിഞ്ഞപ്പോൾ ഹോട്ടലുകാരൻ കടയെല്ലാം ഉപേക്ഷിച്ചു. കുറച്ചുകാലം പന്താവുർ പള്ളിയിൽ മുക്രിയായി ജോലി ചെയ്തിരുന്നു. ഹോട്ടൽ വർഷങ്ങൾക്ക് മുമ്പ് കാലയവനികക്കുള്ളിൽ മറത്തെങ്കിലും അബുക്ക ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.ഇന്നും എഴുപതാം വയസിൽ യുവാവായി മമ്മൂട്ടിയങ്ങനെ മലയാളികളെ വിസ്മയിപ്പിക്കുന്നു.ഇനിയും തുടരട്ടെ ആ ഭാവപ്പകർച്ചകൾ...

Related Stories

No stories found.
logo
The Cue
www.thecue.in