ഇനിയും വൈകരുത്, നൂറ് കോടി ക്ലബ്ബും ആഡംബരകാറും മാത്രമല്ല സിനിമ: സന്ദീപ് സേനന്‍

ഇനിയും വൈകരുത്,  നൂറ് കോടി ക്ലബ്ബും ആഡംബരകാറും മാത്രമല്ല സിനിമ: സന്ദീപ് സേനന്‍

സീരിയലുകള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയിട്ടും സിനിമാ ചിത്രീകരണത്തിന് കൊവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കാത്തതില്‍ ചലച്ചിത്രമേഖലയില്‍ പ്രതിഷേധം പുകയുന്നു. മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് സിനിമകള്‍ ഹൈദരാബാദിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം തുടങ്ങാന്‍ തീരുമാനിക്കുന്നത് ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്കുള്‍പ്പെടെ തിരിച്ചടിയാണ്. ഒന്നരവര്‍ഷത്തോളമായി കൊടുംദുരിതത്തില്‍ കഴിയുന്ന സിനിമാ മേഖലയെ സര്‍ക്കാര്‍ ഇനിയും പരീക്ഷിക്കരുതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്‌സിക്യുട്ടീവ് അംഗവും നിര്‍മ്മാതാവുമായ സന്ദീപ് സേനന്‍.

നൂറ് കോടി ക്ലബ്ബോ, ആഡംബര കാറുകളോ അല്ല സിനിമ അവിടെ പോസ്റ്ററൊട്ടിക്കുന്നവരും ഫിലിം റപ്രസന്റേറ്റീവുമാരും ലൊക്കേഷനില്‍ ഭക്ഷണമൊരുക്കുന്നവരും യൂണിറ്റ് അംഗങ്ങളുടെയും ഉള്‍പ്പെടെ നിരവധി ദിവസവേതനക്കാര്‍ കൂടിയുണ്ട്. അവരില്‍ എത്രയോ പേര്‍ ഒന്നരക്കൊല്ലമായി തൊഴില്‍ ഇല്ലാതിരിക്കുകയാണ്. മലയാള സിനിമ വീണ്ടും ഷൂട്ടിംഗിനായി മറ്റ് സംസ്ഥാനത്തേക്ക് പറിച്ചുനടുമ്പോള്‍ സിനിമ മാത്രം ഉപജീവനമാക്കി എത്രയോ പേര്‍ക്ക് തൊഴില്‍ ഇല്ലാതാകുമെന്നും സന്ദീപ് സേനന്‍ ദ ക്യുവിനോട്.

സന്ദീപ് സേനന്‍
സന്ദീപ് സേനന്‍

സിനിമ മാത്രം ചെയ്ത് ജീവിക്കുന്നവര്‍ എന്ത് ചെയ്യും

സിനിമാ നിര്‍മ്മാണമല്ലാതെ മറ്റൊരു ബിസിനസും ഞാന്‍ ചെയ്യുന്നില്ല. മലയാളത്തിലെ എത്രയോ നിര്‍മ്മാതാക്കള്‍ സിനിമയില്‍ മാത്രം നിക്ഷേപിച്ച് ജീവിക്കുന്നവരാണ്. വിനോദ മേഖല എന്നതിനൊപ്പം കേരളത്തിലെ സുപ്രധാന വ്യവസായ മേഖല എന്ന നിലയില്‍ കൂടി സര്‍ക്കാര്‍ ചലച്ചിത്ര വ്യവസായത്തെ പരിഗണിക്കേണ്ടതുണ്ട്. നികുതി ഇനത്തില്‍ തന്നെ സര്‍ക്കാരിലേക്ക് വലിയൊരു പങ്ക് നല്‍കുന്നവരാണ് ചലച്ചിത്ര മേഖലയിലുള്ളവര്‍. തൊഴില്‍മേഖല എന്ന നിലയില്‍ നോക്കിയാല്‍ സിനിമയുടെ പല വിഭാഗങ്ങളില്‍ ആയിരക്കണിക്കാനാളുകളുടെ പങ്കാളിത്തമുണ്ട്. ആദ്യം അടച്ചുപൂട്ടാവുന്നതും ഏറ്റവും ഒടുവില്‍ തുറക്കുന്നതുമായ ഒരു വ്യവസായ മേഖലയായി സിനിമയെ കാണുന്നത് ചലച്ചിത്രരംഗത്തെ അടിതെറ്റിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ സിനിമാ നിര്‍മ്മാണം നടത്തിയ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ദൃശ്യം സെക്കന്‍ഡും ജോജിയും ഉള്‍പ്പെടെ ഇരുപതിനടുത്ത് സിനിമകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അനുവദനീയമായ ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഇവിടെ വിജയകരമായി ചിത്രീകരിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതിയാണ് ചലച്ചിത്ര മേഖല ചോദിക്കുന്നത്.

കനത്ത സാമ്പത്തിക നഷ്ടം, അരക്ഷിതാവസ്ഥ

തൊഴില്‍മേഖല എന്ന നിലക്കും വ്യവസായമെന്ന നിലക്കും സിനിമ അനന്തമായി നിര്‍ത്തിവച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ കുറേക്കൂടി ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

തമിഴ്‌നാട്ടില്‍ രണ്ട് ദശാബ്ദത്തിന് മുമ്പ് പൂര്‍ണമായും മലയാളത്തിലേക്ക് പറിച്ചുനടപ്പെട്ട ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. ഒരു സിനിമയുടെ ലോഞ്ച് മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വരെ ഏതാണ്ട് പൂര്‍ണമായും കേരളത്തില്‍ നടക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള വരുമാനവും തൊഴില്‍ വിതരണവും പൂര്‍ണമായും സംസ്ഥാനത്തിനകത്ത് തന്നെ നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഷൂട്ടിംഗ് അനുമതി വൈകുമ്പോഴാണ് മറ്റ് സംസ്ഥാനങ്ങളെ സിനിമാ നിര്‍മ്മാണത്തിനായി ആശ്രയിക്കേണ്ടിവരുന്നത്.

ഇനിയും വൈകരുത്,  നൂറ് കോടി ക്ലബ്ബും ആഡംബരകാറും മാത്രമല്ല സിനിമ: സന്ദീപ് സേനന്‍
അശാസ്ത്രീയ നിയന്ത്രണങ്ങള്‍ പറഞ്ഞ് വീര്‍പ്പുമുട്ടിക്കരുത്; ജീവിക്കാന്‍ മാര്‍ഗമുണ്ടാക്കി തരണം, സര്‍ക്കാരിനോട് വ്യാപാരികള്‍ പറയുന്നു

ഒന്നരക്കൊല്ലമായി സിനിമ നിര്‍മ്മാണം നിശ്ചലമായിട്ട്. അതിനിടെ 2021 തുടക്കത്തില്‍ മൂന്ന് മാസത്തോളമാണ് പ്രദര്‍ശനത്തിനു കിട്ടിയത്. ആഡംബര കാറുകളും നൂറ് കോടി ക്ലബ്ബുകളുടെ ആഘോഷവും മാത്രമല്ല സിനിമ. വലിയൊരു വിഭാഗം ജനതയുടെ ഉപജീവനമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയേ തീരൂ. ചലച്ചിത്ര മേഖലയുടെ അതിജീവനത്തിന്റെ കൂടി പ്രശ്‌നമാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമാ നിര്‍മ്മാണം തുടങ്ങാന്‍ അനുമതി വേണമെന്ന് ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്. സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കണം.

ഇനിയും വൈകരുത്,  നൂറ് കോടി ക്ലബ്ബും ആഡംബരകാറും മാത്രമല്ല സിനിമ: സന്ദീപ് സേനന്‍
സിനിമകള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും, ഷൂട്ടിംഗ് അനുമതിയില്ലാത്തത് മൂലം തൊഴില്‍നഷ്ടം; പ്രതിഷേധവുമായി ഫെഫ്ക

Related Stories

No stories found.
logo
The Cue
www.thecue.in