മാസ്റ്റര്‍ സീക്വലാണ് കൈദി!, വിവേക് ചന്ദ്രന്റെ ഭാവനയില്‍

മാസ്റ്റര്‍ സീക്വലാണ് കൈദി!, വിവേക് ചന്ദ്രന്റെ ഭാവനയില്‍
Summary

മാനഗരം, കൈദി എന്നീ ത്രില്ലറുകളൊരുക്കിയ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലാണ് വിജയ്-വിജയ് സേതുപതി കൂട്ടുകെട്ടില്‍ 'മാസ്റ്റര്‍' എത്തിയത്. മാസ്റ്ററിലെ ദാസ് (അര്‍ജുന്‍) എന്ന കഥാപാത്രത്തെ ലോകേഷിന്റെ 'കൈദി' എന്ന സിനിമയിലെ ദില്ലിയിലേക്ക് ഭാവനയിലൂടെ ബന്ധിപ്പിക്കുകയാണ് കഥാകൃത്ത് വിവേക് ചന്ദ്രന്‍

ഞാന്‍ ദിലീപ് ദാസ്, ഏതാണ്ട് ആറു വയസ്സുമുതല്‍ അനാഥനാണ്. ചെറുപ്പത്തില്‍ പറ്റിയ കൈയ്യബദ്ധത്തിന്റെ പേരിലാണ് നാഗർകോവിൽ ജുവനൈൽ ഒബ്‌സർവേഷൻ ഹോമിൽ എത്തുന്നത്. അവിടെ വെച്ചാണ് ഭവാനിയണ്ണനെ കാണുന്നത്. അണ്ണനും എന്നെമാരി ആരുമില്ലാതെ വളര്‍ന്ന തനിമരം !

ഞാനെത്തി അധികം കഴിയും മുന്നേ അണ്ണന്‍ ഹോമില്‍ നിന്നിറങ്ങി. പിന്നെയങ്ങോട് ഞാനാ ഹോമില്‍ ജീവിച്ച കാലമത്രയും അണ്ണന് വേണ്ടി രാത്രികളിൽ പുറംലോകത്തേക്കിറങ്ങി പലതും ചെയ്തുകൊടുത്തിട്ടുണ്ട്. ഇതിനിടയ്ക്കാണ് ജെഡി എന്ന് പേരുള്ള വാത്തി അങ്ങോട്ട്‌ സ്ഥലം മാറി വരുന്നത്. പലതവണ അണ്ണന് വേണ്ടി വാത്തിയോട് ഉരസിയിട്ടുണ്ട്. ഒടുക്കം അണ്ണനും വാത്തിയും നേരിട്ട് കോര്‍ത്ത് തുടങ്ങിയപ്പം അണ്ണന്‍ എന്നോട് സീനീന്ന് മാറിക്കോളാന്‍ പറഞ്ഞു. അണ്ണന്‍ പോയതോടെ വാത്തി പറഞ്ഞതുപോലെ കോടതിയിൽ പോയി എല്ലാം ഏറ്റുപറഞ്ഞു. ഒടുക്കം ജുവനൈൽ ഹോമിൽ കൂടെ ഉണ്ടായിരുന്ന വേറെ അഞ്ച് പയലുകളുടെ കൂടെ (അക്കൂട്ടത്തില്‍ അടയ്ക്കളവും ഉണ്ടായിരുന്നു, അവനെപ്പറ്റി വഴിയെ പറയാം) എന്നെയും പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഭവാനിയണ്ണന്റെ കേസില്‍ വാത്തിക്കും കിട്ടി 8 വര്‍ഷം. എന്നാല്‍ ജയിലില്‍ ജീവിതം പാടായിരുന്നു. അത്രയും നാള്‍ പൊടിയും മരുന്നും അടിച്ചുകേറ്റി നടന്നിരുന്നത് കൊണ്ട് പൊടുന്നനെ അതെല്ലാം വിട്ടപ്പോള്‍ ഞങ്ങളാകെ കലങ്ങിപ്പോയി. ചെവിയില്‍ എപ്പഴും അണ്ണന്റെ ശബ്ദമാണ്,"ദാസ്‌, അത് ചെയ്യ്, ഇത് ചെയ്യ്" എന്നെല്ലാം കേട്ടോണ്ടിരിക്കും. ഉറക്കമില്ല, വിശപ്പില്ല. നല്ല ഈര്‍ച്ചവാള് പോലെ ഉണ്ടായിരുന്ന ശബ്ദം നീര് കെട്ടി കാമ്പ് പോയി അടഞ്ഞു. ഒടുക്കം താങ്ങാതെ വന്നപ്പം അടയ്ക്കളം അടക്കം മറ്റു അഞ്ചുപേരും ജുവനൈൽ വാർഡനെകൊണ്ട് മൊഴി തിരുത്തിച്ച് ശിക്ഷ ഇളവ് മേടിച്ച് ഇറങ്ങി.

എനിക്ക് ഒത്തില്ല, പിന്നങ്ങ് കിടന്നനുഭവിക്കാം എന്ന് കരുതി. അവര് മദ്രാസ് സിറ്റിയിൽ ഏതാണ്ട് പെഡ്‌ലിങ്ങും മറ്റുമായി പുളച്ച് കഴിയുന്നുണ്ടെന്ന് പരോളിനു പോയി വന്ന ആരോ പറഞ്ഞു, നല്ല കാര്യം. ആ കാലത്താണ് വാത്തിയുമായി ശരിക്ക് അടുക്കുന്നത്, വാത്തിയും എന്നേമാരി, ഭവാനിയണ്ണനെമാരി, ആരുമില്ലാതെ വളര്‍ന്ന തനിമരം ! വാത്തി ജയില്‍ ലൈബ്രറിയിൽ നിന്ന് പുസ്തകം എടുത്ത് തരും. അന്നൊക്കെ ഞാന്‍ പതിവായി പത്രം വായിക്കും. ആ കാലത്താണ് ഒരു വൈകുന്നേരം കബഡി കളിക്കുന്നതിനിടയില്‍ വാത്തി ചോര കക്കുന്നത്. അര്‍ബുദമാണ് എന്ന് ജയില്‍ ഡോക്റ്റര്‍ പറഞ്ഞു. നല്ല പ്രായത്തില്‍ കുത്തഴിഞ്ഞ് കുടിച്ച് ദീവാളികുളിച്ച് ജീവിച്ചത് കൊണ്ട് സംഭവം തുടക്കത്തില്‍ തന്നെ അറിയാതെ പോയി. ഒരു വെള്ളിയാഴ്ച ജയിലിന്റെ മതിലിനു മുകളിലൂടെ പുറത്ത് കാണുന്ന കശുമാവില്‍ നിറയെ കാക്കകള്‍ വന്ന് കൂടി. അന്ന് രാത്രി വാത്തി പോയി. വാത്തി എനിക്കൊരു വീടായിരുന്നു, അത് കഴിഞ്ഞു. പിന്നത്തെ കൊല്ലം ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങി. ഭവാനിയണ്ണന്‍ എനിക്ക് ഒരു വഴിയെ പഠിപ്പിച്ച് തന്നിട്ടുള്ളൂ, ജയിലില്‍ നിന്നിറങ്ങി അതുവഴി നടന്നു. ചെന്നെത്തിയത് ലോറിസംഘത്തലൈവര്‍ ചേഴിയന്‍ സാറിന്റെ ഓഫീസിന്റെ മുന്നിലാണ്.

എനിക്കും അത് കൊള്ളാമെന്ന് തോന്നി. ആ കാലത്തൊക്കെ ഭവാനിയണ്ണനെപോലെ കറുപ്പുടുക്കും, കൈയ്യില്‍ ചരടുകെട്ടും, അന്നേരം അണ്ണന്‍ കൂടെയുള്ളത് പോലെ തോന്നും. ആ കാലത്തെപ്പോഴോ ആണ് അവളെ കാണുന്നത്, ഓരോന്ന് പറഞ്ഞ് വെറുതെ പുറകെ വരും.

സാറ് കൈയ്യിലുള്ള ലൈസന്‍സ് മേടിച്ചുവെച്ച് 4829ന്‍റെ ചാവി എടുത്ത് കൈയ്യില്‍ തന്നു. പതിയെ കൈയ്യില്‍ പിടിച്ച വട്ടം കൊണ്ട് മുന്നില്‍ വരയായി കിടക്കുന്ന ദൂരം മൊത്തം അളന്നുതുടങ്ങി. ആ കാലത്ത് ലോറിത്താവളത്തിലും മരപ്പെട്ടയിലും ഒന്നും ആരും ദാസ് എന്ന് വിളിക്കില്ല, ദില്ലി എന്ന് വിളിക്കും, എനിക്കും അത് കൊള്ളാമെന്ന് തോന്നി. ആ കാലത്തൊക്കെ ഭവാനിയണ്ണനെപോലെ കറുപ്പുടുക്കും, കൈയ്യില്‍ ചരടുകെട്ടും, അന്നേരം അണ്ണന്‍ കൂടെയുള്ളത് പോലെ തോന്നും. ആ കാലത്തെപ്പോഴോ ആണ് അവളെ കാണുന്നത്, ഓരോന്ന് പറഞ്ഞ് വെറുതെ പുറകെ വരും. ഞാന്‍ കൊള്ളതില്ലെന്നു അവക്കറിയില്ല, പലതവണ പറഞ്ഞുനോക്കി. ഒടുക്കം രണ്ടും കല്‍പ്പിച്ച് റെയില്‍വേ ബ്ലോക്കിന് പിന്നിലെ മുനീശ്വരന്‍ കൊയിലില്‍ പോയി മാലയിട്ടു, മെയില്‍ ആപ്പീസിനു പിന്നിലെ ചേരിയില്‍ ഒരു വീട് പണയത്തിനെടുത്ത് പൊറുതി തുടങ്ങി.

മാസ്റ്റര്‍ സീക്വലാണ് കൈദി!, വിവേക് ചന്ദ്രന്റെ ഭാവനയില്‍
ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 

ഇങ്ങനെയൊക്കെ പോയാല്‍ ജീവിതം കൊള്ളാമെന്ന് തോന്നി, ഒരു കൊല്ലം തികച്ചില്ല, ഒരു വിജയകാന്തിന്റെ സിനിമ റിലീസ് ചെയ്ത രാത്രി, ഒന്നുവിടാതെ എല്ലാവരും സെക്കൻഡ് ഷോ കാണാൻ ചേരി വിട്ടുപോയ രാത്രി, വീട്ടില്‍ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ രാത്രി നടന്നതൊന്നും പറയാന്‍ കൊള്ളത്തില്ല, അവളന്ന് മൂന്നു മാസം പുള്ളത്താച്ചി, അതുപോലും വന്നവര്‍ കണ്ടില്ല ! ആ രാത്രി പുലരുമ്പം, പറയുമ്പം കണ്ണ് നിറയുന്നു, ഞാന്‍ പിന്നേം പഴയ ജയിലിലെ സെല്ലിലാണ് ! പിന്നെ ഞാനവളെ കണ്ടിട്ടില്ല, ജനിക്കാന്‍ പോകുന്ന തങ്കത്തിന്റെ മുഖം സെല്ലിന്റെ ചുവരില്‍ വരഞ്ഞ് ഞാനങ്ങനെ കഴിഞ്ഞുപോകുന്നു. അതിനിടയ്ക്ക് പരോളില്‍ പോയിവന്ന കറുപ്പയ്യാ പറയുന്നുണ്ടായിരുന്നു അടയ്ക്കളം ബോധമരുന്ന് വ്യാപാരം വഴി സിറ്റിയിലേ അധോലോകത്തിന്റെ നടുത്തുണ്ടമായി മാറിക്കഴിഞ്ഞു എന്ന്. എന്തോ ആവട്ട്, ഇവിടെ നിന്നും ഇറങ്ങുന്ന ദിവസം മോളെയും കൊണ്ട് കാണാന്‍ വരാം എന്ന് പുവര്‍ ഹോമിലെ ടീച്ചര്‍ ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു. മോള് വരട്ടെ, അവളെനിക്കൊരു വീടാവും, എല്ലാം ശരിയാവും

No stories found.
The Cue
www.thecue.in