ചാമരം വീശിനില്ക്കുന്ന വിലക്കപ്പെട്ട പ്രണയങ്ങൾ

ചാമരം വീശിനില്ക്കുന്ന വിലക്കപ്പെട്ട പ്രണയങ്ങൾ

മലയാളത്തിൽ മികച്ച കാമ്പസ് ചിത്രങ്ങൾ പലതുമുണ്ടായിട്ടുണ്ട്. ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, സർവ്വകലാശാല, സുഖമോ ദേവി, ക്ലാസ്മേറ്റ്സ് പ്രേമം... അങ്ങനെയങ്ങനെ! പക്ഷേ കാമ്പുള്ളതും വിപ്ലവാത്മകവുമായ പ്രമേയത്തിന്റെ കരുത്തു കൊണ്ടും ആഴമുള്ള കഥാസന്ദർഭങ്ങളുടെ ക്രമാനുഗതമായ വിന്യാസം കൊണ്ടും യുക്തിഭദ്രമായ അവതരണ ശൈലി കൊണ്ടും ക്യാമ്പസിലെ ജീവിതങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരം കൊണ്ടും ഇവയുടെയെല്ലാം രണ്ടു പടി മേലെ നില്ക്കും ഭരതൻ - ജോൺ പോൾ ടീമിന്റെ 'ചാമരം'.

40 വർഷങ്ങൾക്കു മുമ്പ് ഭരതൻ സാർ സംവിധാനം ചെയ്ത്,പ്രതാപ് പോത്തനും സറീന വഹാബും അഭിനയിച്ച ചിത്രം. ഒരു വിദ്യാർത്ഥിയ്ക്കും അദ്ധ്യാപികയ്ക്കും ഇടയിൽ ഉടലെടുക്കുന്ന വൈകാരികവും ആത്മാന്വേഷണപരവുമായ ബന്ധത്തിന്റെ കഥയാണ്‌ 'ചാമരം' പറഞ്ഞത്.ഇന്നാലോചിക്കുമ്പോൾ, വളരെ സെൻസിറ്റീവായ ഒരു വിഷയം എത്രമാത്രം ജാഗ്രതയോടെയും അന്തസ്സോടെയുമാണ്‌ ആ ചിത്രത്തിന്റെ ശില്പികൾ കയ്യാളിയത് എന്ന് കൂടുതൽ മനസ്സിലാകുന്നു. അത് കൂടുതൽ വ്യക്തമാകാൻ നാലഞ്ചു വർഷം മുമ്പ് പുറത്തിറങ്ങിയ, ചാമരത്തിലെപ്പോലെ അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയം വിഷയമായ 'പ്രേമം' ഒരു താരതമ്യത്തിനെടുക്കാം.

സിനിമയ്ക്ക് പ്രേക്ഷകനെ ഉദ്ധരിക്കേണ്ട ഉത്തരവാദിത്തമൊന്നുമില്ല. എന്നാൽ ഒരു പ്രേക്ഷകന്റെ വിചാരവികാരങ്ങൾക്കു മുകളിൽ സിനിമയ്ക്ക് ചെലുത്താൻ കഴിയുന്ന മാന്ത്രികമായ സ്വാധീനശക്തിയേയും അതിന്റെ സാദ്ധ്യതകളെയും കുറിച്ച് ഒരു ചലച്ചിത്രകാരൻ ബോധാവാനാകേണ്ടത് അത്യാവശ്യമാണ് എന്നാണ് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ബോധ്യം. ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവുമറിയുന്ന ഒരു സംവിധായകന് ഒരൊറ്റ സിനിമയിലൂടെ നാട്ടുമൊഴികളെയും ഐതിഹ്യങ്ങളെയും എന്തിന് ചരിത്രത്തെയും വരെ ,പൊളിച്ചെഴുതാൻ സാധിക്കും. ഇതിന് ,മലയാളത്തിലെ ഏറ്റവും മികച്ച ഉദാഹരണമാണ് 'ഒരു വടക്കൻ വീരഗാഥ '.(ചന്തു പിന്നെ പഴയ ചതിയൻ ചന്തുവല്ലാതായല്ലോ).

ഇതിന് വളരെ extreme ആയ ഒരു മറുവശവുമുണ്ട്. സിനിമയറിയുന്ന ഒരു സംവിധായകന് ഹിറ്റ്ലറാണ് ഈ ലോകം നാളിതുവരെ കണ്ട ഏറ്റവും മഹാനായ മനുഷ്യസ്നേഹി എന്നു പറയുന്ന ഒരു സിനിമയെടുക്കാം ; ഗാന്ധിജി ഭൂമിയിൽ നാളിതുവരെ ജനിച്ച ഏറ്റവും വലിയ വഞ്ചകനും മതഭ്രാന്തനുമായിരുന്നു എന്നു പറയുന്ന സിനിമയുമെടുക്കാം . (പ്രേക്ഷകനെ ഇതെല്ലാം സമർത്ഥമായി വിശ്വസിപ്പിക്കുകയും ചെയ്യാം!).ഇവിടെ ചോദ്യം സംവിധായകന്റെ നിലപാടുകളെക്കുറിച്ചുള്ളതാകുന്നു . 'നിങ്ങൾ ആരോടൊപ്പമാണ് ? എന്തിനോടൊപ്പമാണ് ?'. ഉത്തരങ്ങൾ ഒരു സംവിധായകന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യും.

'പ്രേമ'ത്തിനും 'ചാമര'ത്തിനുമൊക്കെ മുമ്പും ഇവിടെ അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലും ശിഷ്യയും ഗുരുനാഥനും തമ്മിലുള്ള പ്രണയവും അതിനുമപ്പുറത്തേക്ക് വളർന്ന ബന്ധങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട് . പക്ഷേ അതിനൊക്കെ തികച്ചും സ്വകാര്യവും വസ്തുനിഷ്ഠവും വൈയക്തികവുമായ ജീവിതാനുഭവങ്ങളുടെ ഒരു തലമാണ് ഉണ്ടായിരുന്നത് . 'ചാമരം' എന്ന സിനിമ അവതരിപ്പിച്ചതും അത്തരം വൈയക്തികവും അതേസമയം സാർവ്വലൗകികവുമായ മനുഷ്യാവസ്ഥകളെയായിരുന്നു.

എന്നാൽ 'പ്രേമം' അത്തരമൊരു ബന്ധത്തെ അറിഞ്ഞോ അറിയാതെയോ പുതിയ കാലത്തിന്റെ ഒരു സംസ്ക്കാരമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ നായകനും നായികയുമായ ജോർജിനും മലരിനും പരസ്പരമുള്ള തിരിച്ചറിയലിന്റെയും അതുവഴിയുള്ള സ്വയം കണ്ടെത്തലിന്റെയും തുടർന്ന് പരസ്പര പൂരകങ്ങളാകുന്ന ഒരു ജീവിതബന്ധത്തിലേക്കുള്ള യാത്രയുടേയുമൊക്കെ 'integrity'-യുള്ള കഥാസന്ദർഭങ്ങളിലൂടെ ക്രമാനുഗതമായി കടന്നുപോകേണ്ട ആവശ്യമില്ല. അവർക്ക് , പ്രേമിക്കാൻ മുട്ടിനടക്കുന്ന വിദ്യാർത്ഥിയായ നായകനും പ്രേമത്തിൽ വീഴാൻ മുട്ടിനടക്കുന്ന അദ്ധ്യാപികയായ നായികയും മാത്രമാകേണ്ട ബാദ്ധ്യതയേ ഉള്ളൂ.

പ്രണയത്താൽ മുറിവേറ്റ മനസ്സുമായി കോളേജിലേയ്ക്ക് അദ്ധ്യാപികയായി കടന്നുവരുന്ന 'ചാമര'ത്തിലെ സെറീനാ വഹാബ് ആകട്ടെ അവരുടെ വിദ്യാർത്ഥിയായ പ്രതാപ് പോത്തന്റെ കൈകളിലേയ്ക്ക് ഓടിച്ചെന്ന് വീഴുന്ന ആത്മാവില്ലാത്ത കഥാപാത്രമല്ല. അവർക്കിടയിലുണ്ടാകുന്ന ബന്ധം അനിശ്ചിതത്വങ്ങൾ നിറഞ്ഞ, പ്രവചനാതീതമായ മനുഷ്യാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒന്നാണ്.

കയ്യടി അഥവാ ജനകീയത എല്ലായ്പ്പോഴും കലയുടെ വിജയത്തിന്റെ ഒരു പാരാമീറ്റർ ആകുന്നില്ല. ഏതുതരത്തിലുള്ള കയ്യടിയാണ് എന്നതും ഉത്തരവാദിത്തബോധമുള്ള ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.ഒരു നാല് വയസ്സുകാരൻ പയ്യനെക്കൊണ്ട് ഏറ്റവും നിഷ്ക്കളങ്കമായ ഒരു ചോദ്യം ഉന്നയിപ്പിച്ച് ചിരിയും കയ്യടിയും ഉണ്ടാക്കാം. അതേ പയ്യനെക്കൊണ്ട് 60 വയസ്സുകാരനെ 'പോടാ പട്ടീ' എന്നു വിളിപ്പിച്ചും മറ്റൊരു തരം ചിരിയും കയ്യടിയും ഉണ്ടാക്കാം. ഇതിൽ ഏതു വേണമെന്നതാണ് പ്രശ്നം.

ഇറങ്ങിയ കാലത്ത് വളരെയധികം സെൻസേഷൻ ഉണ്ടാക്കിയ 'സുബ്രഹ്മണ്യപുരം' എന്ന തമിഴ് ചിത്രത്തിൽ ഒരു ഓട്ടോറിക്ഷയിൽ വെച്ച് കോഴിയെ അറക്കുന്നത്‌പോലെ മനുഷ്യന്റെ കഴുത്തറക്കുന്ന രംഗം കാണിക്കുമ്പോൾ തിയറ്റർ നിറഞ്ഞുപടർന്ന കയ്യടി ശബ്ദം മറക്കാറായിട്ടില്ല.എന്നാൽ മണിരത്നം സംവിധാനം ചെയ്ത 'നായകൻ' എന്ന ചിത്രത്തിൽ ക്രൂരതയുടെ ആൾരൂപമായ പോലീസുദ്യോഗസ്ഥനെ കമൽഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന രംഗം തിരശ്ശീലയിൽ തെളിയുമ്പോൾ, അയാളുടെ മരണം ആഗ്രഹിക്കുന്നവരായിട്ടു പോലും പ്രേക്ഷകർ നിശ്ശബ്ദരായി ആ രംഗത്തിന്റെ വൈകാരികതയോടൊപ്പം ചേർന്നുനില്ക്കുകയാണു ചെയ്തത്.സംവിധായകന്റെ നിലപാടുകളും നിശ്ചയങ്ങളും തന്നെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത് എന്നർത്ഥം.അങ്ങനെയല്ലാതെ വന്നാൽ ആ സംവിധായകൻ പരാജയപ്പെട്ടുവെന്ന് പറയേണ്ടിവരും.

ഒരു സംവിധായകന് , ഒരു ചലച്ചിത്രത്തിന് ...ഏതു ബന്ധങ്ങളെയും (ഏതു വിലക്കപ്പെട്ട ബന്ധങ്ങളെയും ) ദൃശ്യവല്ക്കരിക്കാം. പക്ഷേ അത്തരം ബന്ധങ്ങളും ജീവിതാവസ്ഥകളും ആവിഷ്ക്കരിക്കുമ്പോൾ അവ demand ചെയ്യുന്ന സാമൂഹ്യബോധവും ആർജ്ജവവും ഗൗരവവും അവയുടെ ദൃശ്യപരിചരണത്തിന് നല്കുക എന്നത് ഏതുകാലത്തും പ്രസക്തമായ കാര്യമാകുന്നു. അതിനു കെല്പില്ലാതെ വരുമ്പോൾ അളിഞ്ഞ കോമഡിയിലൂടെയോ വഷളത്തരത്തിലൂടെയോ ഉള്ള ന്യായീകരണങ്ങൾ ഡയലോഗിലൂടെയും മറ്റും അവതരിപ്പിക്കുക എന്നത് പൊതുവേ പലരും എടുത്തു പ്രയോഗിക്കുന്ന രീതിയാണ്.

'പ്രേമ'ത്തിൽ, അദ്ധ്യാപികയെ പ്രേമിക്കുന്ന നായകന്റെ ന്യായീകരണം ''മാതാ പിതാ ഗുരു ദൈവം'' എന്ന മഹത് വചനത്തെ നായകനായ ജോർജ് അപഹസിക്കുന്ന അതീവ ദുർബ്ബലമായ ഒരു രംഗത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഉള്ളതു പറയണമല്ലോ , അപ്പോഴും തിയേറ്ററിൽ കയ്യടിയായിരുന്നു. ഈ കയ്യടിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് നാളെ അതീവ ലാഘവത്വമുള്ള ഏതെങ്കിലും 'പ്രണയസിനിമ'യിൽ ''ജ്യേഷ്ഠന്റെ ഭാര്യ മാതാവിന് സമം '' എന്ന കാഴ്ചപ്പാടിനെ പുച്ഛിക്കുന്ന നായകൻ പ്രത്യക്ഷപ്പെട്ടാൽ അത്ഭുതപ്പെടാനില്ല! കഥാഗതിയെപ്പറ്റി പ്രവചിക്കേണ്ട കാര്യവും വരില്ല.

ഒരു ക്യാമ്പസ് സിനിമ എന്ന നിലയിൽ അതിലെ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളുടെ കാര്യത്തിൽ 'ചാമരം' പുലർത്തിയ സത്യസന്ധതയും എടുത്തു പറയേണ്ടതാണ്. നായകന്മാർ സർവ്വഗുണസമ്പന്നരും വില്ലന്മാർ സകലമാന ക്രൂരതകളുടെയും വിളനിലമാവുകയും ചെയ്യുന്ന സിനിമയുടെ പൊതുരീതിയെ നാലു പതിറ്റാണ്ടുകൾക്കു മുമ്പേ ചാമരം ഹൃദയസ്പൃക്കായി പൊളിച്ചെഴുതിയിട്ടുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സിൽ രണ്ടു വിദ്യാർത്ഥിഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കാണിക്കുന്നുണ്ട്. നായകനായ പ്രതാപ് പോത്തനും എതിരാളിയായ വില്ലനും ( പ്രദീപ് ശക്തി എന്ന ഈ നടൻ പിന്നീട് മണിരത്നത്തിന്റെ 'നായകൻ' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി) തമ്മിൽ നടക്കുന്ന സംഘർഷത്തിൽ ഉയരമുള്ള ഒരു പടിക്കെട്ടിനു മുകളിൽ നിന്ന് നായകൻ താഴേക്ക് വീഴുകയും ചോര വാർന്ന് മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. നായകന്റെ സുഹൃത്തുക്കൾ പോലും ഓടിരക്ഷപ്പെടുന്ന ആ വേളയിൽ പ്രദീപ് ശക്തിയുടെ കഥാപാത്രം സ്വന്തം ഷർട്ട് വലിച്ചുകീറി നായകന്റെ തലയിൽ വെച്ചുകെട്ടി ചോരപ്രവാഹത്തെ തടയാൻ ശ്രമിക്കുകയും സഹായത്തിനായി അലറി വിളിക്കുകയും ചെയ്യുന്നു. ഏതൊരു മനുഷ്യനിലും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ക്രൂരതയുടെയും മനുഷ്യത്വത്തിന്റെയും വൈരുദ്ധ്യാത്മക പ്രതിഫലനങ്ങളെ ക്യാമ്പസിന്റെ ഹൃദയവുമായി ചേർത്തുനിർത്താൻ 'ചാമര'ത്തിന്റെ ശില്പികൾക്ക് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്.

'ചാമരം' കയ്യാളിയ വിഷയവും അതിലെ സ്ത്രീ-പുരുഷ ബന്ധത്തിലെ വിപ്ലവാത്മകതയും അന്നത്തെ ഒരു വിഭാഗം പ്രേക്ഷകരെ തീർച്ചയായും അലോസരപ്പെടുത്തിയിരിക്കണം.പക്ഷെ ,അവരെപ്പോലും ചിത്രത്തിലെ ആകസ്മികതകൾ നിറഞ്ഞ മനുഷ്യാവസ്ഥകളുടെയും ജീവിതത്തിന്റെ അനിശ്ചിതത്വമാർന്ന ദശാസന്ധികളുടെയും ആവിഷ്ക്കരണം , കീഴടക്കിക്കളഞ്ഞിരുന്നു. അത്തരത്തിൽ സ്വയം അലോസരപ്പെടുമ്പോഴും ആ വിഭാഗം പ്രേക്ഷകർക്കും 'ചാമരം' ഒരു പ്രധാനപ്പെട്ട ചിത്രമായി. അതിനു കാരണമായത്‌ സംവിധായകനും രചയിതാവും പുലർത്തിയ ഗൗരവപൂർണ്ണവും ജാഗ്രതാപൂർവ്വവുമായ സമീപനങ്ങളും നിലപാടുകളും ആയിരുന്നു.

പല പുതിയകാല സിനിമകളുടെയും പരിമിതിയായി വിമർശകർ ചൂണ്ടിക്കാട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അവയുടെ ആഴക്കുറവ് ,അഥവാ കാര്യങ്ങളെ തൊലിപ്പുറത്തു മാത്രം സ്പർശിക്കുന്ന സ്വഭാവമാണ്. കാഴ്ചകൾക്കപ്പുറമുള്ള ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലൂടെയും സമൂഹത്തെയും മനുഷ്യാവസ്ഥകളെയും കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളിലൂടെയും വിശകലനങ്ങളിലൂടെയുമാണ് അത്തരം പോരായ്മകൾ പരിഹരിക്കപ്പെടുക.

Related Stories

No stories found.
The Cue
www.thecue.in