നിഗൂഡത ചുരുളഴിക്കുന്ന ആ പെണ്‍ ശബ്ദം, അത് ഗീതിയാണ്

നിഗൂഡത ചുരുളഴിക്കുന്ന ആ പെണ്‍ ശബ്ദം, അത് ഗീതിയാണ്

'നിനക്ക് പെരുമാടന്‍ ആരാണെന്ന് അറിയാമോടാ ഷാജീവാ, എല്ലാവരേയും വഴിതെറ്റിച്ച് വിടുന്ന ഭയങ്കരനാ....' കാടിന്റെ വന്യതയിലൂടെ പുതിയൊരു അനുഭവ ലോകത്തേക്ക് ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി ട്രെയിലര്‍ പ്രേക്ഷകരേ ക്ഷണിക്കുന്നത് ഈ വാക്കുകള്‍ക്കൊപ്പമാണ്.

ജല്ലിക്കെട്ടിന് ശേഷം കാടിന്റെ രൗദ്രതയില്‍ 'ചുരുളി'യുമായി ലിജോ ജോസ് പെല്ലിശേരിയെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം സോഷ്യല്‍ ഇടങ്ങളിലെ തിരക്കേറിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരിക്കുന്നു. ട്രെയിലറിലെ ഘനഗാംഭീര്യ സ്ത്രീ ശബ്ദം മലയാളികള്‍ക്ക് മുന്‍പരിചയമില്ല, അതുകൊണ്ടാവാം വീഡിയോ ഇറങ്ങിയതുമുതല്‍ എല്ലാവരും അതാരെന്ന് അന്വേഷിക്കുന്നത്. ആരാണ് ട്രെയിലറിലെ ശബ്ദത്തിന് പിന്നില്‍ എന്ന അന്വേഷണത്തെുന്നത് ഗീതി സംഗീതയിലാണ്. ചുരുളിയില്‍ ഒരു പ്രധാനവേഷത്തിലും ഗീതിയെത്തുന്നുണ്ട്.

അമ്പരപ്പ് ഇനിയും പോയില്ല

അതെ ആ ശബ്ദം എന്റേതാണ്. ഇപ്പോഴും എന്റെ അമ്പരപ്പ് മാറിയിട്ടില്ല. ചിരിക്കണോ കരയണോ എന്നൊന്നും എനിക്കറിയില്ല. ട്രെയിലര്‍ ഇറങ്ങിയതുമുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് ആ ശബ്ദം ആരുടേതാണ്, എന്റേതാണോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ ട്രെയിലറിന് ഒപ്പം എന്റെ ശബ്ദം കേട്ടപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാനായില്ല. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന്റെ ബ്രില്യന്‍സ് ഒന്നുമാത്രമാണത് എന്നേ എനിക്ക് പറയാനുള്ളു.

ചുരുളിയിലേക്ക്

ഞാന്‍ ഇതിനുമുമ്പ് ക്യൂബന്‍ കോളനിയെന്നൊരു ചിത്രത്തില്‍ വില്ലത്തിയായി അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടിട്ടാണ് എന്നെ വിളിക്കുന്നത്. ഓരോ അഭിനേതാവിനേയും ലിജോ ജോസ് തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. എന്റെ നെഗറ്റീവ് റോള്‍ കണ്ടാണ് വിളിച്ചത് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞു ഇതിലും വില്ലത്തിയായിട്ടാവും റോള്‍ എന്ന് പറഞ്ഞിരുന്നു. ലിജോ ജോസ് പെല്ലിശേരിയെപ്പോലൊരു അതുല്യപ്രതിഭയുടെ സിനിമയില്‍ മുഖം കാണിക്കാന്‍ കിട്ടുന്ന അവസരം അത് എത്ര ചെറുതാണെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് വിലമതിക്കാനാവാത്തതാണ്. ബോള്‍ഡായൊരു കാരക്ടരാണ് ചുരുളിയില്‍. പെങ്ങള് തങ്ക എന്നാണ് കഥാപാത്രത്തിന്റെ പേര്. കൂടുതല്‍ വിശേഷങ്ങള്‍ സ്‌ക്രീനില്‍ അറിയുന്നതല്ലേ നല്ലത്.

കാട്ടകത്തെ കഥയുടെ ചുരുള്‍ നിവരുമ്പോള്‍

ജെല്ലിക്കെട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു ട്രീറ്റ്‌മെന്റാണ് ചുരുളിയെന്നാണ് തോന്നിയിട്ടുള്ളത്. കാടാണ് മുഴുവനും എന്നുപറയാം. ചെറുതോണിയില്‍ നിന്നും ഏതാണ്ട് പത്തിരുപത്തഞ്ച് കിലോമീറ്റര്‍ ഉള്ളിലേയ്ക്കുള്ള സ്ഥലങ്ങളില്‍ വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. എന്റെ ആദ്യ അനുഭവമാണ് ശരിക്കും കാട്ടിനുള്ളിലെ ഷൂട്ടിംഗ്. ലിജോ സര്‍ ഒറിജിനാലിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നൊരാളാണ്. അത് നമുക്ക് ഓരോ സീനിലും വ്യക്തമായിതന്നെ മനസ്സിലാകും. ഓരോ അഭിനേതാവില്‍ നിന്നും തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഈ ചിത്രം തീയറ്ററില്‍ തന്നെ പോയികണ്ടാലേ അതിന്റെ മുഴുവന്‍ ഫീലും ലഭിക്കൂ. ഒരു മിസ്റ്റിക് ത്രില്ലര്‍ എന്നുവിളിക്കാമെന്ന് തോന്നുന്നു. വല്ലാത്തൊരു ഭീതിനിറഞ്ഞ അനുഭവമായിരിക്കും ചിത്രത്തിനെന്ന് ഉറപ്പാണ്. വളരെ പെട്ടെന്ന് ചിത്രീകരണമൊക്കെ പൂര്‍ത്തിയായി. നവംബറില്‍ ഷൂട്ടിംഗ് കഴിഞ്ഞു, ഈ ഒക്ടോബറില്‍ റീലീസ് ചെയ്യാനായിരുന്നു പ്ലാന്‍.

ലാല്‍ ജോസിന്റെ 41 ല്‍ അടക്കം 19 ഓളം ചിത്രങ്ങളില്‍ ഗീതി സംഗീത വേഷമിട്ടിട്ടുണ്ട്. നിവിന്‍പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിലും ഷെയ്ന്‍ നിഗം നായകനാകുന്ന വെയിലിലും ഗീതി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുളിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. വിനോയ് തോമസാണ് കഥ. ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ ചുരുളിയുടെ അണിനിരക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in