'ആ വോയ്സ് നോട്ടുകള്‍ ഒരിക്കല്‍ കൂടി കിട്ടാന്‍, അടുത്ത ഒരു ഫോണ്‍ കോളിന് വേണ്ടി അതെല്ലാം ഉപേക്ഷിക്കാം'

'ആ വോയ്സ് നോട്ടുകള്‍ ഒരിക്കല്‍ കൂടി കിട്ടാന്‍, അടുത്ത ഒരു ഫോണ്‍ കോളിന് വേണ്ടി അതെല്ലാം ഉപേക്ഷിക്കാം'
Summary

പൃഥ്വിരാജ് സുകുമാരന്‍ സച്ചിയെക്കുറിച്ച് എഴുതിയത് സ്വതന്ത്ര പരിഭാഷ

സച്ചി..

ഒരുപാട് മെസ്സേജുകള്‍ വന്നിരുന്നു. കുറെയധികം ഫോണ്‍ കോളുകളും വന്നിരുന്നു. ഞാന്‍ എങ്ങനെയാണ് പിടിച്ചു നില്‍ക്കുന്നത് എന്ന് ചോദിച്ചു കൊണ്ട്, എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി... നിന്നെയും എന്നെയും അറിയുന്നവര്‍ക്കെല്ലാം നമ്മളെ അറിയാം എന്ന് തോന്നുന്നു. അതില്‍ ഭൂരിഭാഗം ആളുകളും എന്നോട് പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ നിശബ്ദമായി വിയോജിക്കുന്നു. നീ കരിയറിന്റെ ഉച്ചസ്ഥായിയിലാണ് വിട വാങ്ങിയതെന്ന കാഴ്ചപ്പാടിനോട്.

നിന്റെ സ്വപ്നങ്ങളും ചിന്തകളും ആശയങ്ങളും അറിയാമായിരുന്ന ഒരാള്‍ എന്ന നിലയില്‍... എനിക്ക് അറിയാം 'അയ്യപ്പനും കോശിയും' ആയിരുന്നില്ല നിന്റെ ഔന്നത്യം. അത് നീ എന്നും ആഗ്രഹിച്ചിരുന്ന തുടക്കം മാത്രമായിരുന്നു. അതുവരെയുള്ള എല്ലാ സിനിമകളും ഈ ഒരു ഘട്ടത്തിലേക്ക് എത്താനുള്ള യാത്രയായിരുന്നു, നീ അവിടെ നിന്ന് സര്‍ഗാത്മകതയെ കെട്ടഴിച്ചു വിടാന്‍ ഇരിക്കുകയായിരുന്നു. അതെനിക്ക് നന്നായറിയാം.

പറയാത്ത എത്രയോ കഥകള്‍. പൂര്‍ത്തീകരിക്കപ്പെടാത്ത ഒരുപാട് സ്വപ്നങ്ങള്‍. വാട്ട്‌സ്ആപ്പ് വോയിസ് മെസ്സേജുകളിലൂടെ രാത്രി വൈകിയുള്ള എത്രയോ കഥാഖ്യാനങ്ങള്‍. നിരവധി ഫോണ്‍ കോളുകള്‍. വരും വര്‍ഷങ്ങളില്‍ സാക്ഷാത്ക്കരിക്കാന്‍ ബൃഹത്തായ പദ്ധതികള്‍ നമ്മള്‍ക്കുണ്ടായിരുന്നു. എനിക്കും നിനക്കും. എന്നിട്ട് നീ പോയി.

സിനിമയെ കുറിച്ചുള്ള നിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും, വരും വർഷങ്ങളിൽ നിന്റെ സിനിമകൾ (filmography) എങ്ങനെ ആയിരിക്കണം എന്നാണ് നീ മനസ്സിൽ കണ്ടത് എന്നതിനെ കുറിച്ചോ നീ ആരോടെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്നോട് പറഞ്ഞിട്ടുണ്ട്. നീ ഉണ്ടായിരുന്നു എങ്കില്‍ മലയാള മുഖ്യധാരാ സിനിമയുടെ അടുത്ത ഇരുപത്തഞ്ചു വര്‍ഷവും എന്റെ ശേഷിക്കുന്ന അഭിനയ ജീവിതവും അത്രയേറെ വേറിട്ടു നീങ്ങുമായിരുന്നു.

സിനിമ വിടാം, ആ വോയ്സ് നോട്ടുകളില്‍ ഒരെണ്ണം എങ്കിലും ഒരിക്കല്‍ കൂടി കിട്ടാന്‍, അടുത്ത ഒരു ഫോണ്‍ കോളിന് വേണ്ടി...നിങ്ങളെ ഒന്ന് അടുത്ത് കിട്ടാന്‍ വേണ്ടി അതെല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. നമ്മള്‍ ഒരു പോലെയാണ് എന്ന് എപ്പോഴും നീ പറയാറുണ്ടായിരുന്നു. അതെ നമ്മള്‍ ഒരുപോലെ ആണ്. പക്ഷേ ഞാന്‍ ഈ നിമിഷം വിചാരിക്കുന്നത്... ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നതും നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. കാരണം ഇത്രയേറെ ആഴത്തിലുള്ള ദുഃഖം ഇതിനുമുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായത്, ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ജൂണില്‍ ആയിരുന്നു.

സച്ചി, നിങ്ങളെ അറിയാന്‍ കഴിഞ്ഞത് സവിശേഷമായ അനുഗ്രഹമായി ഞാന്‍ കാണുന്നു. എന്റെ തന്നെ ഒരു ഭാഗമാണ് ഇന്ന് നിങ്ങളോടൊപ്പം വിട്ടുപോയത്. ഈ നിമിഷം മുതല്‍ നിങ്ങളെ ഓര്‍ക്കുമ്പോള്‍... പറിഞ്ഞുപോയ ആ എന്നെക്കൂടിയാണ് ഓര്‍ക്കുക. സഹോദരാ വിട, ജീവിതത്തിന്റെ മറുവശത്ത് വച്ചു വീണ്ടും കാണാം... ചന്ദനമരത്തെ കുറിച്ചുള്ള ആ കഥയുടെ 'ക്ലൈമാക്‌സ്' ഇപ്പോഴും എന്നോട് പറഞ്ഞിട്ടില്ലെന്ന് കൂടി.

Related Stories

No stories found.
logo
The Cue
www.thecue.in