തൊമ്മനും മക്കളും എഴുതിയത് പൃഥ്വിരാജിനും ജയസൂര്യക്കും വേണ്ടി; ചിത്രത്തിലേക്ക് മമ്മൂട്ടിയെത്തിയതിനെ കുറിച്ച് ബെന്നി പി.നായരമ്പലം

തൊമ്മനും മക്കളും എഴുതിയത് പൃഥ്വിരാജിനും ജയസൂര്യക്കും വേണ്ടി; ചിത്രത്തിലേക്ക് മമ്മൂട്ടിയെത്തിയതിനെ കുറിച്ച് ബെന്നി പി.നായരമ്പലം

തൊമ്മനു മക്കളും എഴുതിയത് പൃഥ്വിരാജിനും ജയസൂര്യക്കും വേണ്ടിയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം. തമിഴ് സിനിമയുടെ ചിത്രീകരണം മൂലം പൃഥ്വിരാജിന്റെ ഡെയ്റ്റ് ലഭിക്കാതായതോടെയാണ് മമ്മൂട്ടിയോട് കഥ പറയുന്നതെന്നും ബെന്നി പി.നായരമ്പലം പറഞ്ഞു. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത കഥ ഇനിയും തുടരും എന്ന പരിപാടിയിലായിരുന്നു പ്രതികരണം. ഷാഫിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.

ചിത്രത്തെ കുറിച്ച് ബെന്നി പി നായരമ്പലം പറയുന്നത്;

'തൊമ്മനും മക്കളും എഴുതിയത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല. പൃഥ്വിരാജ്, ജയസൂര്യ, ലാല്‍ കോമ്പിനേഷനായിരുന്നു ചിന്തിച്ചിരുന്നത്. അന്ന് ഒരു തമിഴ് പടം മൂലം പൃഥ്വിരാജിന്റ ഡെയ്റ്റ് പ്രശ്‌നമായി. സിനിമ പെട്ടെന്ന് നടക്കുകയും വേണമായിരുന്നു.

ലാല്‍ നിര്‍മ്മിക്കുന്ന 'ബ്ലാക്കി'ന്റെ ചിത്രീകരണം അപ്പോള്‍ നടക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോട് ഈ കഥ സംസാരിച്ചാലോ എന്ന് അപ്പോഴാണ് ലാല്‍ പറയുന്നത്. മമ്മൂക്കയെ വെച്ച് ചെയ്യാനല്ല, കഥ പറഞ്ഞുനോക്കാം എന്നായിരുന്നു അപ്പോള്‍ വിചാരിച്ചത്. കഥയിലെ പ്രണയത്തില്‍ ഉള്‍പ്പടെ ചില മാറ്റങ്ങള്‍ വരുത്താമെന്നും തീരുമാനിച്ചു. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയാണ്, അഭിപ്രായം അറിയാനാണെന്നുമാണ് മമ്മൂക്കയോട് പറഞ്ഞത്.

മമ്മൂക്കയുടെ കാറിലിരുന്നാണ് കഥ പറയുന്നത്. കഥ പറഞ്ഞതിന് ശേഷം ഇത് ഗംഭീര റോളാണല്ലോ എന്നായിരുന്നു മറുപടി. പൃഥ്വിരാജിന്റെ ഡെയ്റ്റിന്റെ പ്രശ്‌നം പറഞ്ഞ് മമ്മൂക്കയോട് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമോയെന്നും അപ്പോഴാണ് ചോദിക്കുന്നത്. പിന്നെന്താ ചെയ്യാമല്ലോ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ കമ്മിറ്റ് ചെയ്തു.'

Related Stories

No stories found.
The Cue
www.thecue.in