ആ സീൻ എന്നെ കരയിച്ചു, അനിയനായി കരുതി ക്ഷമിക്കുക, രോഹിത് ഷെട്ടിയോട് അൽഫോൻസ് പുത്രൻ

ആ സീൻ എന്നെ കരയിച്ചു, അനിയനായി കരുതി ക്ഷമിക്കുക, രോഹിത് ഷെട്ടിയോട് അൽഫോൻസ് പുത്രൻ

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയെ വിമർശിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയിലെ തമിഴ് ഭാഷാ പ്രയോഗത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നു. അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും രോഹിത് ഷെട്ടിക്ക് ഉണ്ടായിരുന്നില്ല എന്ന് തനിക്കു ഉറപ്പുണ്ടെന്നും അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്നത്തെ തന്റെ കമന്റിൽ ഖേദമുണ്ടെന്നും ഈ ഇളയ സഹോദരനോട് ക്ഷമിക്കണമെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം സിനിമയിൽ നായകൻ തന്റെ അമ്മക്ക് മുന്നിൽ തോറ്റുപോകുന്ന രംഗം തന്നെ കരിയിപ്പിച്ചെന്നും തന്റെ സിനിമ കരിയറിൽ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ലെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയിൽ തമിഴ് ഭാഷയെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അൽഫോൺസ് പുത്രൻ നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ബോളിവുഡിലെ ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടിക്ക് സംവിധായകൻ അല്‍ഫോന്‍സ് പുത്രന്റെ തുറന്ന കത്ത് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. കോടിക്കണക്കിന് ആളുകള്‍ കാണുന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ അറിയാതെ പോലും ഒരു വിഭാഗം ആളുകളെ അപമാനിക്കരുതെന്നും താൻ സംവിധാനം ചെയ്ത പ്രേമം രോഹിത് ഷെട്ടി കാണണമെന്നും ഓരോ ഭാഷയ്ക്കും അതിന്റെ മാന്യത നിലനിര്‍ത്താന്‍ സിനിമയിൽ താൻ പരമാവധി ശ്രയിച്ചിട്ടുണ്ടെന്നുമായിരുന്നു അൽഫോൺസ് പുത്രൻ പോസ്റ്റിൽ പറഞ്ഞത്.

അൽഫോൺസ് പുത്രന്റെ കുറിപ്പ്

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്പ്രസ്സ് എന്ന സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശങ്കർ സാറിന്റെ പാട്ടുകളിൽ നിന്നും ആക്ഷൻ രംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ ഒരുക്കിയത്. അതിനാൽ അന്നത്തെ എന്റെ കമന്റിൽ ഞാൻ ഖേദിക്കുന്നു.

ഇപ്പോൾ സിംഗം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു. സിനിമയിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പണം വാങ്ങുന്ന സിംഗത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗം എന്നെ കരയിപ്പിച്ചു. അമ്മക്ക് മുന്നിൽ നായകൻ തോറ്റുപോകുന്ന ആ രംഗം എനിക്ക് ഒരുപാട് ഇഷ്ടമായി. എന്റെ സിനിമാ കരിയറിൽ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ചിന്തയും അത് നടപ്പിലാക്കിയ രീതിയിലും താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കളുടെ മിക്ക സിനിമകളും എനിക്ക് ഇഷ്ടമാണ്.. ഗോൽമാൽ സീരീസ്, സിംഗം സീരീസ്, സിംമ്പ. ഇപ്പോൾ സൂര്യവൻഷി സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. ഈ ഇളയസഹോദരനോട് ക്ഷമിക്കുക

Related Stories

No stories found.
logo
The Cue
www.thecue.in