ഞാന്‍ പറയുന്ന കഥകളില്‍ പത്ത് ശതമാനം മാത്രമേ എന്റെ മകന്‍ സ്വീകരിക്കൂ, രാജമൗലിയെക്കുറിച്ച് കെ.വി.വിജയേന്ദ്രപ്രസാദ്

ഞാന്‍ പറയുന്ന കഥകളില്‍ പത്ത് ശതമാനം മാത്രമേ എന്റെ മകന്‍ സ്വീകരിക്കൂ, രാജമൗലിയെക്കുറിച്ച്   കെ.വി.വിജയേന്ദ്രപ്രസാദ്

ബാഹുബലിയും ബജ്‌റംഗി ഭായ്ജാനും പിറന്നത് കെ.വി വിജയേന്ദ്രപ്രസാദിന്റെ തൂലികയില്‍ നിന്നാണ്. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പിതാവ് കൂടിയാണ് തെലുങ്ക് സിനിമയിലെ അതികായനായ തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ്. ഒരുപാട് സ്റ്റോറി ഐഡിയകള്‍ രൗജമൗലിയുമായി ഞാന്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ പത്ത് ശതമാനം മാത്രമേ രാജമൗലി സ്വീകരിക്കാറുള്ളൂ. ഞങ്ങള്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറില്ല. എഴുതിയതില്‍ ഇഷ്ട്ടപ്പെടാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ യാതൊരു മടിയും കൂടാതെ രാജമൗലി തുറന്നു പറയുമെന്നും കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

ഇരുപത്തിയഞ്ചോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുകളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ തിരക്കഥകളില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്‌സോഫീസ് ഹിറ്റുകളായിട്ടുണ്ട്. രാജമൗലിയുടെ പുതിയ ബ്രഹ്മാണ്ഡചിത്രമായ ആര്‍ആര്‍ആറിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും പിതാവാണ്.

താനും രാജമൗലിയും തമ്മിലുള്ള തിരക്കഥാ ചര്‍ച്ചകളെ കുറിച്ചുള്ള രസകരമായ സംഭവങ്ങള്‍ ഫിലിം കംപാനിയനുമായുള്ള അഭിമുഖത്തിലാണ് വിജയേന്ദ്ര പ്രസാദ് പങ്കുവെച്ചിരിക്കുന്നത്.

കെ വി വിജയേന്ദ്ര പ്രസാദ് അഭിമുഖത്തില്‍

ഒരു മേശയ്ക്ക് ഇരുവശങ്ങളിലായി ഇരുന്നായിരിക്കും ഞാനും രാജമൗലിയും കഥകള്‍ ചര്‍ച്ച ചെയ്യുന്നത്. കഥകള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി എഴുത്തുകാരെയൊക്കെ സംവിധായകര്‍ വെക്കേഷന് കൊണ്ട് പോകാറുണ്ട്. എന്നാല്‍ ഒരു ചായ കുടിച്ചിരുന്നാണ് ഞാൻ കഥകള്‍ ചര്‍ച്ച ചെയ്യുന്നത്. എന്റെ മകനായത് കൊണ്ട് കൂടുതലൊന്നും ഡിമാന്‍ഡ് ചെയ്യുവാനും സാധിക്കില്ല. ഒരുപാട് സ്റ്റോറി ഐഡിയകള്‍ ഞാന്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ അവയില്‍ പത്ത് ശതമാനം മാത്രമേ അവന്‍ സ്വീകരിക്കാറുള്ളൂ. ഞങ്ങള്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അവനോടു തര്‍ക്കിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ മനസ്സിലാക്കിയതാണ്. എഴുതിയതില്‍ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കില്‍ അത് തുറന്നു പറയും. അവന്‍ പറയുന്ന തിരുത്തലുകള്‍ ഞാന്‍ വെല്ലുവിളിയോടെയാണ് കാണുന്നത്. ഞാന്‍ ദേഷ്യപ്പെടാറൊന്നുമില്ല, തിരക്കഥാകൃത്തിനെ മാറ്റിയാലോ എന്ന് ഭയന്ന് കൂടുതലൊന്നും പറയാറില്ലെന്നും തമാശയായി വിജയേന്ദ്രപ്രസാദ്.

No stories found.
The Cue
www.thecue.in