ബ്രോ ഡാഡി നാളെ മുതല്‍ ഹൈദരാബാദില്‍, കേരളത്തില്‍ ഷൂട്ട് അനുമതി തരാത്തതില്‍ സങ്കടമെന്ന് ആന്റണി പെരുമ്പാവൂർ

ബ്രോ ഡാഡി നാളെ മുതല്‍ ഹൈദരാബാദില്‍, കേരളത്തില്‍ ഷൂട്ട് അനുമതി തരാത്തതില്‍ സങ്കടമെന്ന് ആന്റണി പെരുമ്പാവൂർ

അൻപത് പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിന് അനുവാദം നൽകാതിരിക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഷൂട്ടിങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യ മന്ത്രിയോടും സാംസ്കാരിക മന്ത്രിയോടും സംസാരിച്ചിരുന്നെങ്കിലും ഷൂട്ടിങ്ങിനുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റേണ്ടി വന്നതെന്ന് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചു. ബ്രോഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേയ്ക്ക് മാറ്റിയപ്പോൾ ഭീമമായ നഷ്ടമുണ്ടായി. കേരളത്തിൽ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ഹൈദരാബാദിൽ ഷൂട്ട് ചെയ്യുമ്പോൾ ബജറ്റ് കൂടും. കേരളത്തിൽ ജോലി ചെയ്യുന്ന പരമാവധി ആളുകളെ ചിത്രത്തിനു വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂലൈ 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. ബ്രോ ഡാഡിക്കു പുറമെ ജീത്തു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെയും ഷൂട്ടിങ് ഉടൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഈ രണ്ട് സിനിമകളും കേരളത്തിൽ തന്നെ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. പക്ഷേ ഷൂട്ടിങിന് അനുവാദം ലഭിച്ചില്ല. ഇതിനായി ഒരുപാട് ശ്രമിച്ചു. സാഹചര്യം മോശമാണെന്ന് അറിയാം. എന്നിരുന്നാലും നമ്മുടെ ഈ സിനിമ ഇൻഡോറിൽ മാത്രം ഷൂട്ട് ചെയ്യാൻ കഴിയുന്നതായിരുന്നു. അക്കാര്യവും അറിയിച്ചിരുന്നുവെങ്കിലും അനുവാദം കിട്ടിയില്ല. അങ്ങനെയാണ് പൃഥ്വിരാജിന്റെ ഈ ചിത്രം ഹൈദരാബാദിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

വലിയ പ്രതിസന്ധിയിലാണ് മലയാളസിനിമാലോകം. എങ്ങനെ മുന്നോട്ടുപോകും എന്നറിയാൻ കഴിയാത്ത സാഹചര്യമാണ്. മലയാളസിനിമയ്ക്ക് താങ്ങാൻ കഴിയാന്‍ പറ്റാത്ത ബജറ്റിൽ നിർമിച്ച കുഞ്ഞാലിമരക്കാൻ 18 മാസം മുമ്പ് സെൻസർ ചെയ്ത് കഴിഞ്ഞതാണ്. ഇതുവരെ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല. അതുപോലെ ബറോസ് എന്ന സിനിമയുടെ കേരളത്തിലെ ഷൂട്ടിങ് നടന്നുവരുമ്പോഴാണ് രണ്ടാം തരംഗം വ്യാപിക്കുന്നത്. അൻപത് പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിന് അനുവാദം തരാതിരിക്കുന്നത് സങ്കടകരമായ കാര്യമാണ്. ഷൂട്ടിങുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട എല്ലാവരോടും ഞാൻ സംസാരിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടുവരെ അവസ്ഥ വിവരിച്ചിരുന്നു. മാത്രമല്ല സാംസ്കാരിക, ആരോഗ്യ വിഭാഗങ്ങളിലെ മന്ത്രിമാരോടും പറയുകയുണ്ടായി. എന്നാൽ ഇതുവരെയും അത് നടക്കാത്ത സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിലേയ്ക്കു പോകേണ്ടി വന്നത്.

ജീത്തു ജോസഫിന്റെ ചിത്രത്തിനായി ഇടുക്കിയില്‍ വലിയൊരു സെറ്റ് നിർമിച്ചു വച്ചിരിക്കുകയാണ്. അതും ഷൂട്ട് തുടങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ജീത്തു, മോഹൻലാൽ, പൃഥ്വിരാജ് ഉള്‍പ്പടെ ചിത്രത്തിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും വലിയ പ്രതിസന്ധിയിലാണ്. ബ്രോഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേയ്ക്ക് മാറ്റിയപ്പോൾ എനിക്ക് ഭീമമായ നഷ്ടമുണ്ടായി. ബജറ്റ് വീണ്ടും കൂടും. കേരളത്തിൽ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ബജറ്റ് കൂടുതലാണ് ഇവിടെ. മാത്രമല്ല ആളുകളുടെ യാത്ര ചിലവ്, ലൊക്കേഷൻ റെന്റ് അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. എന്നിരുന്നാൽ തന്നെയും കേരളത്തിൽ ജോലി ചെയ്യുന്ന പരമാവധി ആളുകളെ ചിത്രത്തിനു വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.

No stories found.
The Cue
www.thecue.in