എന്തുക്കൊണ്ട് നവരസ?  മണിരത്‌നത്തിന്റെ മറുപടി

എന്തുക്കൊണ്ട് നവരസ? മണിരത്‌നത്തിന്റെ മറുപടി

ഒൻപത് പ്രമുഖ സംവിധായകർ ഒരുക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി നവരസയിൽ പ്രതിഫലം വാങ്ങാതെയാണ് മുന്‍നിര താരങ്ങളും സംവിധായകരും സഹകരിക്കുന്നത്. കൊവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കായി ആന്തോളജിയില്‍ നിന്നുള്ള വരുമാനം നീക്കിവയ്ക്കാനാണ് നിമ്മാതാക്കളായ മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ സിനിമാ പ്രവർത്തകരെ സഹായിക്കേണ്ടത് വ്യവസായത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്ന് മണിരത്‌നം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല, മാറ്റം ഉണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നവരസയെ കുറിച്ചുള്ള ആലോചനയുണ്ടായത്. പ്രതിഫലം വാങ്ങാതെ സിനിമയുമായി സഹകരിക്കാമോയെന്ന് സംവിധായകരോടും അഭിനേതാക്കളോടും ചോദിച്ചപ്പോൾ യാതൊരുമടിയുമില്ലാതെ അവർ സഹായിക്കുവാനായി മുന്നോട്ടു വന്നുവെന്നും മണിരത്‌നം പറഞ്ഞു.

മണിരത്‌നം അഭിമുഖത്തിൽ പറഞ്ഞത്

ജയേന്ദ്രയും ഞാനും വളരെക്കാലമായി ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. വിവിധ കാര്യങ്ങൾക്കായി നമ്മൾ ഇരുവരും ചേർന്ന് പണം സ്വരൂപിക്കാറുണ്ട്. ജയേന്ദ്രയുമായി ഫോണിൽ സംസാരിക്കവെയാണ് പാൻഡെമിക് സമയത്ത് സിനിമ ഇൻഡസ്ട്രയിൽ പ്രവർത്തിക്കുന്നവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആശയം വന്നത്. ഈ വ്യവസായത്തിലെ ഭൂരിഭാഗം ആളുകളും ദിവസ വേതനക്കാരാണ്. വളരെക്കാലമായി അവർ ജോലിയില്ലാതെ ബുദ്ധിമുട്ടുന്നു. വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല, മാറ്റം ഉണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾക്ക് മാത്രമല്ല, ഈ അവസരത്തിൽ ഒരുമയോടെ നിൽക്കേണ്ടത് വ്യവസായത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. സംവിധായകരോടും അഭിനേതാക്കളോടും ഞങ്ങൾ കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ സഹായിക്കുവാനായി അവർ മുന്നോട്ടു വന്നു. ഇത് തീർത്തും അഭിമാനിക്കാവുന്ന കാര്യമാണ്.

'നവരസ' ഓഗസ്റ്റ് ആറിനാണ് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യുന്നത്. ഒൻപത് ഹ്രസ്വചിത്രങ്ങളാണ് നവരസയിലുള്ളത്. ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍. അരവിന്ദ് സ്വാമി, സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, രേവതി, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, രമേഷ് തിലക്, സനന്ത്, വിധു എന്നിവരാണ് ഒമ്പത് സിനിമകളിലായി പ്രധാന താരങ്ങളായി എത്തുക.

No stories found.
The Cue
www.thecue.in