സര്‍ക്കാസം അപരാധമല്ല, രമ്യാ ഹരിദാസിന്റേത് നാടകമെന്ന് ഇര്‍ഷാദ്

സര്‍ക്കാസം അപരാധമല്ല, രമ്യാ ഹരിദാസിന്റേത് നാടകമെന്ന് ഇര്‍ഷാദ്

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്ന വിഷയത്തില്‍ നടന്‍ ഇര്‍ഷാദ് നടത്തിയ പ്രതികരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നിരുന്നു. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ റോഡില്‍ പായ വിരിച്ച് കിടക്കുന്ന ചിത്രം ഉള്‍പ്പെട്ട പോസ്റ്റിലായിരുന്നു ഇര്‍ഷാദിന്റെ പ്രതികരണം.

ഇര്‍ഷാദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം. രമ്യ ഹരിദാസ് ആലത്തൂരില്‍ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും. എംപി തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നാടകം ആദ്യത്തേതല്ലെന്നും ഇര്‍ഷാദ്.

എംപി രമ്യ ഹരിദാസിന്റെ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ല. ഇല്ലാത്ത പോസ്റ്റിന്റെ പേരിലാണ് മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. സര്‍ക്കാസം അപരാധമല്ല, അത്തരത്തിലൊരു കമന്റ് ഞാന്‍ ഡോക്ടര്‍ പ്രേം കുമാര്‍ ജഗതി ശ്രീകുമാര്‍ റോഡില്‍ കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നതിന് താഴെ രേഖപ്പെടുത്തിയിരുന്നു. മേല്‍പ്പറഞ്ഞ നാടകമാണ് ആലത്തൂരില്‍ നടന്നതെന്ന എന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നിന്നാണെന്നും ഇര്‍ഷാദ് പറയുന്നു.

മുമ്പ് എകെജി വിഷയത്തില്‍ ഞാന്‍ കൃത്യമായി പ്രതികരിച്ചതിന്റെ വിഷമം ഇപ്പോള്‍ തീര്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്‌കാരുടെ യുക്തി തിരിച്ചറിയാഞ്ഞിട്ടല്ലെന്നും ഇര്‍ഷാദ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി CPIM ന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.

ഒരു വനിതാ പാര്‍ലമെന്റ് മെമ്പറിനെ വഴിയില്‍ തടഞ്ഞ് CPIM കാര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, അവര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!

ഒരു പാര്‍ലമെന്റ് മെമ്പറിന് അത്തരത്തില്‍ ഒരു അനുഭവം CPIM ല്‍ നിന്ന് ഉണ്ടാകുമോയെന്ന് ഓര്‍ത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് CPlM കയ്യേറ്റത്തിന് വിധേയനായ MVR ചരിത്ര തെളിവാണ്. സൈബറിടത്തില്‍ പോലും അവര്‍ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇര്‍ഷാദ് അലിക്ക് അറിയണമെങ്കില്‍, തന്റെ ഈ ‘റേഷ്യല്‍/ ജന്റര്‍ ജോക്ക് ‘ ഏതെങ്കിലും CPIM നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെര്‍ച്ച്വല്‍ സംഗമം കാണാം!

പിന്നെയും എന്തുകൊണ്ടാണ് ഒരാള്‍ ജീവഭയത്താല്‍ നടുറോഡില്‍ കുത്തിയിരിക്കുന്ന രംഗം കാണുമ്പോള്‍ അയാള്‍ക്ക് ചിരി വരുക? അയാളിലെ മെയില്‍ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയല്ലേയെന്ന് ‘ സവര്‍ണ്ണ ബോധമോ ‘ ആയിരിക്കാം.എന്തായാലും ഇര്‍ഷാദ് അലിമാരില്‍ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.

ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെന്ന് രമ്യ ഹരിദാസ്‌

The Cue
www.thecue.in