മലയാളം ഒഴിവാക്കണമെന്ന വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് നടി ശ്വേത മേനോൻ

മലയാളം ഒഴിവാക്കണമെന്ന വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് നടി ശ്വേത മേനോൻ

ന്യൂഡല്‍ഹിയിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് നടി ശ്വേത മേനോൻ. കോവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തി നമ്മളെ സുരക്ഷിതരാക്കിവരിൽ മലയാളി നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ഉണ്ടെന്ന് ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗോവിന്ദ് ബല്ലബ് പാണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡ്യുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് (ജിഐപിഎംഇആര്‍) ശനിയാഴ്ച മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ശ്വേതാ മേനോന്റെ പ്രതികരണം

മലയാളം ഒഴിവാക്കികൊണ്ടു ഹിന്ദിയിലും ഇംഗ്ളീഷിലും മാത്രം ആശയവിനിമയം നടത്താന്‍ ദില്ലിയിലെ നഴ്‌സിംഗ് സ്റ്റാഫിന് നല്‍കിയ സര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും കോവിഡ് കാലത്ത് നമ്മുടെ ജീവൻ സുരക്ഷിതമാക്കുവാൻ വേണ്ടി അവരുടെ ജീവൻ പണയപ്പെടുത്തിയെന്ന കാര്യം നാം മറക്കരുത്. അവരെ മാറ്റിനിർത്തുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത്.

Recent controversial circular by a Delhi govt hospital directing nursing staff to communicate only in Hindi/English &...

Posted by Shwetha Menon on Sunday, June 6, 2021

രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തിൽ ഏകത്വം എന്നതാണ്. വിവാദ സർക്കുലർ ഒടുവിൽ പിൻവലിച്ചതിൽ ഞാൻ സന്തുഷ്ടയാണ് , അതിനെതിരെ സംസാരിച്ച എല്ലാവർക്കും ഇനിയും പ്രതിഷേധിക്കുവാനുള്ള ശക്തിയുണ്ടാകട്ടെ.

അതെ സമയം ഡല്‍ഹി സര്‍ക്കാരോ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനോ അല്ല ഇങ്ങനയൊരു ഉത്തരവ് ഇറക്കിയത്. എന്താണ് സംഭവിച്ചത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനില്‍ അഗര്‍വാള്‍ പറഞ്ഞു. മലയാളത്തില്‍ സംസാരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹോസ്പിറ്റല്‍ മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ചട്ടം. ഈ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

The Cue
www.thecue.in