നയന്‍താരയും കുഞ്ചാക്കോ ബോബനും, അപ്പു ഭട്ടതിരി സംവിധായകനാകുന്ന നിഴല്‍

നയന്‍താരയും കുഞ്ചാക്കോ ബോബനും, അപ്പു ഭട്ടതിരി സംവിധായകനാകുന്ന നിഴല്‍

നയന്‍താര വീണ്ടും മലയാളത്തില്‍. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബനൊപ്പം നയന്‍താര കേന്ദ്ര കഥാപാത്രമാകുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രവുമാണ് നിഴല്‍. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴല്‍ എന്ന് സംവിധായകന്‍ അപ്പു ഭട്ടതിരി ദ ക്യു'വിനോട് പറഞ്ഞു. ഉടന്‍ ഷൂട്ടിംഗിലേക്ക് കടക്കാനാണ് ആലോചിക്കുന്നത്. എറണാകുളത്താണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ഇന്‍ഡോര്‍ രംഗങ്ങളായിരിക്കും തുടക്കത്തില്‍ ചിത്രീകരിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചിത്രീകരണം.

ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

ഫഹദ് ഫാസില്‍ നായകനായ ഇരുള്‍ പൂര്‍ത്തിയാക്കിയ ശേഷം ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് നിഴല്‍.

Related Stories

The Cue
www.thecue.in