സോഷ്യല്‍ മീഡിയ എന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ട്, ഭര്‍ത്താവ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായെന്ന വ്യാജപ്രചരണത്തിനെതിരെ ജ്യോതികൃഷ്ണ

സോഷ്യല്‍ മീഡിയ എന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ട്, ഭര്‍ത്താവ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായെന്ന വ്യാജപ്രചരണത്തിനെതിരെ ജ്യോതികൃഷ്ണ

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി ജ്യോതികൃഷ്ണ. ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജവാര്‍ത്തക്കെതിരെ തുറന്നടിച്ചത്. വീഡിയോയ്ക്കിടെ ഭര്‍ത്താവ് അരുണ്‍ രാജയെ ക്യാമറക്ക് മുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു ജ്യോതികൃഷ്ണ. വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയെന്നും ജ്യോതികൃഷ്ണ. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ. രാധികയുടെ സഹോദരന്‍ അരുണ്‍ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്.

ജ്യോതികൃഷ്ണ പറയുന്നത്

രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനുട്ട് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിംഗ് റൂമിലുണ്ട്. എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം.

സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്തതാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പോലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ജ്യോതികൃഷ്ണ രാജന്‍ 2017 നവംബര്‍ 19നാണ് വിവാഹിതയാകുന്നത്. ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി, മൂന്നാം നാള്‍ ഞായറാഴ്ച എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in