'അയ്ഷ സുല്‍ത്താനക്ക് മൂത്തോനുമായി ബന്ധമില്ല', അണിയറക്കാരും സമീപിച്ചിട്ടില്ലെന്ന് ഗീതു മോഹന്‍ദാസ്

'അയ്ഷ സുല്‍ത്താനക്ക് മൂത്തോനുമായി ബന്ധമില്ല', അണിയറക്കാരും സമീപിച്ചിട്ടില്ലെന്ന് ഗീതു മോഹന്‍ദാസ്

കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യറിനെ പിന്തുണച്ച് തനിക്കെതിരെ ആരോപണം ഉന്നയിച്ച അയിഷ സുല്‍ത്താനയെ അറിയില്ലെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്. മൂത്തോന്‍ സിനിമയുടെ കോസ്റ്റിയൂം ഡിസൈനിംഗിനും ലക്ഷദ്വീപിലെ ചിത്രീകരണത്തിന് സഹായങ്ങള്‍ നല്‍കിയെന്ന് അയ്ഷ സുല്‍ത്താന പറഞ്ഞിരുന്നു. ഗീതു മോഹന്‍ദാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും അയിഷ നടത്തിയിരുന്നു.

മൂത്തോന്‍ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ച ശേഷം പ്രതിഫലം ചോദിച്ചതിന് ഒഴിവാക്കിയെന്ന ഡിസൈനര്‍ സ്‌റ്റെഫി സേവ്യറിന്റെ ആരോപണത്തില്‍ നല്‍കിയ മറുപടിയിലാണ് ഗീതു അയ്ഷ സുല്‍ത്താനയെ തനിക്കോ,മൂത്തോന്‍ ടീമിനോ അറിയില്ലെന്ന് വ്യക്തമാക്കുന്നത്. മാക്‌സിമ ബന്ധു എന്ന കോസ്റ്റിയൂം ഡിസൈനര്‍ പ്രസവാവധിയില്‍ പോയപ്പോള്‍ സിനിമയുടെ ചെറിയൊരു ഭാഗം ചെയ്യാനാണ് സ്‌റ്റെഫിയോട് ആവശ്യപ്പെട്ടതെന്നും മൂത്തോന്‍ നിര്‍മ്മിച്ച കമ്പനി എല്ലാ പേയ്‌മെന്റും നല്‍കിയെന്നുമാണ് ഗീതു മോഹന്‍ദാസ് വിശദീകരിച്ചത്.

മൂത്തോന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ അയ്ഷ സുല്‍ത്താനയെന്ന വ്യക്തിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗീതു മോഹന്‍ദാസ് വിശദീകരിക്കുന്നു. സിനിമയുമായി ഒരു തരത്തിലും സഹകരിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് എങ്ങനെയാണ് വിലകുറഞ്ഞ ആരോപണം ഉന്നയിക്കാന്‍ സാധിക്കുന്നതെന്നും ഗീതു മോഹന്‍ദാസ് ഇക്കാര്യം വിശദീകരിച്ചുള്ള കുറിപ്പില്‍ ചോദിക്കുന്നു.

സംവിധായകന്‍ ലാല്‍ ജോസിന്റെ സഹസംവിധായികയാണ് ഐഷ സുല്‍ത്താന. വെളിപാടിന്റെ പുസ്തകം ഉള്‍പ്പെടെയുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂത്തോന്‍ ഷൂട്ടിംഗ് ടീമിന് ലക്ഷദ്വീപില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നും അയ്ഷ സുല്‍ത്താന അവകാശപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ വാസ്തവ രഹിതമാണെന്നും ഗീതു മോഹന്‍ദാസ് പറയുന്നു.

അനുരാഗ് കശ്യപ്, അജയ് ജി റായ്, അലന്‍ മാക് അലക്‌സ് എന്നിവരാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ലക്ഷദ്വീപിലും മുംബൈയിലുമായാണ് ചിത്രീകരിച്ചത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അയ്ഷ സുല്‍ത്താനക്ക് മൂത്തോനുമായി ബന്ധമില്ല', അണിയറക്കാരും സമീപിച്ചിട്ടില്ലെന്ന് ഗീതു മോഹന്‍ദാസ്
മൂത്തോന്‍ റിലീസിന് മുമ്പ് എന്ത് കൊണ്ട് പരാതി നല്‍കിയില്ല?, സ്റ്റെഫി സേവ്യറുടെ ആരോപണത്തില്‍ ഗീതു മോഹന്‍ദാസ്
'അയ്ഷ സുല്‍ത്താനക്ക് മൂത്തോനുമായി ബന്ധമില്ല', അണിയറക്കാരും സമീപിച്ചിട്ടില്ലെന്ന് ഗീതു മോഹന്‍ദാസ്
മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 
No stories found.
The Cue
www.thecue.in