'ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍', ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് രാജസേനന്‍

'ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍', ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് രാജസേനന്‍

ആഷിക് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളെന്ന് സംവിധായകന്‍ രാജസേനന്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുമായി ഇവര്‍ മുന്നോട്ട് വന്നാല്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ ആരോപിച്ചു.

രാജസേനന്റെ വാക്കുകള്‍:

'കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ത്തവരാണ് ആഷിഖ് അബുവും പൃഥ്വിരാജും. അത് എന്തുകൊണ്ടെന്നാല്‍ അവരുടെ രാഷ്ട്രീയം അതാണ്, അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല. അവര്‍ക്ക് എന്നും ജനങ്ങള്‍ പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളര്‍ന്നിടത്ത് കമ്മ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ (വാരിയന്‍കുന്നന്‍) ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എങ്കിലെ അവര്‍ക്ക് നിലനില്‍പ്പുള്ളൂ.

ടിവിയിലൊക്കെ സിപിഎമ്മിന്റെ വക്താക്കള്‍ വന്നിരുന്ന് സംസാരിക്കുന്നത് കണ്ടാല്‍, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. ലോകരാജ്യങ്ങള്‍ക്കിടയില്‍ കൊവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ രണ്ട് ഫ്‌ലൈറ്റ് ഒരുമിച്ച് വന്നിട്ട്, വെള്ളമില്ലാതെ ഭക്ഷണമില്ലാതെ ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്ന വീഡിയോ ഞാന്‍ കണ്ടതാണ്. ക്വാറന്റൈനായി ഇവിടെ രണ്ട് ലക്ഷം ബെഡ് ഒരുക്കിയെന്നൊക്കെ പറഞ്ഞിട്ട്, ഇപ്പോള്‍ ബെഡുമില്ല, ആശുപത്രിയുമില്ല, വീടുമില്ല, ഒന്നുമില്ല. കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളാണ് ഇത്.

ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയിലൂടെയും ചരിത്രം വളച്ചൊടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇത്. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. ഇതിനുള്ള മറുപടി ബിജെപിക്കും ആര്‍എസ്എസിനും കൊടുത്തേ മതിയാകൂ. ചരിത്രം അറിയാവുന്നവരും ഇപ്പോള്‍ മറുപടി കൊടുക്കുന്നുണ്ട്.

ആഷിഖ് അബു ഒന്നു രണ്ട് നല്ല സിനിമ ചെയ്ത ആളാണ്, പൃഥ്വിരാജിന് താരപദവിയുണ്ട്. അപ്പോള്‍ അവര്‍ക്ക് ടീമുണ്ട്, അതുകൊണ്ട് ഈ സിനിമയെടുക്കാന്‍ അവര്‍ക്ക് ആരുടെയും അനുവാദം ചോദിക്കേണ്ട കാര്യമില്ല. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്കുമുണ്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in