നായകന്‍ മുസ്ലിം ആയതാണോ എതിര്‍പ്പ്?, ചരിത്രത്തെ തടയാനാകില്ലെന്ന് സിബി മലയില്‍
Film Talks

നായകന്‍ മുസ്ലിം ആയതാണോ എതിര്‍പ്പ്?, ചരിത്രത്തെ തടയാനാകില്ലെന്ന് സിബി മലയില്‍

പൊന്നു ടോമി

പൊന്നു ടോമി

വാരിയംകുന്നന്‍ എന്ന സിനിമ പുറത്തിറങ്ങുംമുമ്പ് എതിര്‍ക്കുന്നത് മണ്ടത്തരമാണെന്ന് സംവിധായകന്‍ സിബി മലയില്‍. ചരിത്രം സംഭവിച്ചുകഴിഞ്ഞതാണ്. അത് ആര്‍ക്കും മാറ്റി എഴുതാന്‍ പറ്റില്ല. സംവിധായകന്‍ ഒരു ചരിത്ര സംഭവത്തെ ഏതു രീതിയില്‍ കാണുന്നുവെന്നും അത് എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്നും മാത്രമേ നോക്കേണ്ടതുള്ളൂ. ആദ്യം സിനിമ ഇറങ്ങട്ടെ. അത് കണ്ടു കഴിഞ്ഞു പോരെ പ്രതിഷേധവും വിവാദവും. അല്ലാതെ ആലോചനയില്‍ തന്നെ അത് നുള്ളി എറിയാന്‍ എന്തിനാണ് തിടുക്കം. സിബി മലയില്‍ ദ ക്യു' അഭിമുഖത്തില്‍ പറഞ്ഞു.

മലബാര്‍ കലാപം മുസ്ലിം സമുദായത്തില്‍പെട്ടവര്‍ ഉള്‍പ്പെട്ട ചരിത്രം ആയതുകൊണ്ടാവാം അതിനെതിരെ പ്രതിഷേധം കൂടുതല്‍. വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിട്ടേയുള്ളൂ. അടുത്ത കൊല്ലം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അതിനുമുമ്പേ എന്തിനാണ് ഈ പ്രതിഷേധവും വാക് പോരും.

ഈ ചിത്രം ഹിന്ദുവിരുദ്ധം ആയിരിക്കും എന്ന മുന്‍വിധി എങ്ങനെയാണ് ഉണ്ടാവന്നത്. സിനിമയോ തിരക്കഥയോ കാണാതെ ഇത്തരത്തില്‍ അഭിപ്രായം പറയാന്‍ പറ്റുമോ. ചിത്രം ഇറങ്ങുന്നതിനു മുമ്പേയുള്ള ഈ പ്രഹസനം വെറും വിവാദം സൃഷ്ടിക്കല്‍ മാത്രമാണ്. ചിലരുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാത്രം നോക്കി സിനിമ പിടിക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ നാട്ടില്‍ അങ്ങനെ നടക്കില്ല. സിനിമകള്‍ വരും. ചരിത്രം പറയേണ്ടതാണെങ്കില്‍ അത് പറയുക തന്നെ വേണമെന്നും സിബി മലയില്‍.

The Cue
www.thecue.in