‘പൃഥ്വി പട്ടിണി കിടന്ന് തയ്യാറെടുപ്പ് നടത്തിയ സിനിമയാണ്’, പൃഥ്വിരാജിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

‘പൃഥ്വി പട്ടിണി കിടന്ന് തയ്യാറെടുപ്പ് നടത്തിയ സിനിമയാണ്’, പൃഥ്വിരാജിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

കൊവിഡ് ലോകത്തെ ലോക്ക് ഡൗണില്‍ ആക്കിയപ്പോള്‍ ആട്ജീവിതം സിനിമാ ടീം ജോര്‍ദനിലെ വാദിറം ഷൂട്ടിംഗ് ക്യാമ്പില്‍ അകപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് സമയം കിട്ടുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഏറെ തയ്യാറെടുപ്പ് നടത്തിയ സിനിമ കൊവിഡ് കാരണം മുടങ്ങിയതും പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പെടെ ഷൂട്ടിംഗ് ടീം ജോര്‍ദ്ദനില്‍ കുടുങ്ങിയതും സങ്കടകരമാണെന്നും രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നു.

ശരീരം മെലിയാനായി പട്ടിണി കിടന്നാണ് തയ്യാറെടുത്തത്

സമയം കിട്ടുമ്പോഴൊക്കെ പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. സങ്കടകരമാണ് അവരുടെ അവസ്ഥ. മൂന്നാഴ്ചയോളം ഷൂട്ട് നില്‍ക്കെയാണ് അവര്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ അകപ്പെട്ടത്. എപ്പോള്‍ മടങ്ങാനാകുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നത് ഉള്‍പ്പെടെ വിഷമമുണ്ടാക്കുന്നുണ്ട്. വാദിറം ക്യാമ്പിലാണ് അവര്‍. പൃഥ്വി വലിയ ശാരീരികമായ തയ്യാറെടുപ്പ് ഉള്‍പ്പെടെ നടത്തിയ സിനിമയാണ്. ശരീരം മെലിയാനായി പട്ടിണി കിടന്നാണ് തയ്യാറെടുത്തത്. അങ്ങനെയൊക്കെ തയ്യാറെടുപ്പ് നടത്തിയ സിനിമയുടെ ഷൂട്ട് മുടങ്ങിയത് ദൗര്‍ഭാഗ്യകരമായിപ്പോയി. വൈകിയാണ് പൃഥ്വിയുമായി സൗഹൃദമുണ്ടായത്. രണ്ടുപേരും അവരവരുടെ സിനിമ കണ്ട് അഭിപ്രായം പറയാറുണ്ട്.

ചെന്നൈയില്‍ കൊറിയോഗ്രഫര്‍ ബൃന്ദ ആദ്യമായി സംവിധാനത്തിലേക്ക് കടന്ന ഹേയ് സിനാമിക എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെ വീട്ടിലെത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് സിനിമ കാണലും വായനയുമായി സമയം ചെലവഴിക്കുകയാണെന്നും ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്.

ജോര്‍ദ്ദനിലെ സാഹചര്യത്തെക്കുറിച്ച് ബ്ലെസ്സി പറഞ്ഞത്

കര്‍ഫ്യൂ കര്‍ശനമായതു കൊണ്ട് ചെറിയ ഇളവുകള്‍ പോലും അനുവദിക്കുന്നില്ല. മൂന്നാഴ്ചയില്‍ അധികമായി ഇവിടെയും ലോക്ക് ഡൗണ്‍ ആണ്. ഒരു ഡെസര്‍ട്ട് ക്യാമ്പാണ് ഞങ്ങളുടെ വാസസ്ഥലം. മരുഭൂമി മേഖലയായതിനാല്‍ പൊതുവെ മനുഷ്യര്‍ കുറവാണ്. ഇന്ത്യക്കാരായി 58 പേരും മുപ്പതോളം ജോര്‍ദാനികളുമാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇവിടെയുള്ളത്. പുറമെ നിന്ന് ആരും ഇങ്ങോട്ട് വരാറില്ല. തങ്ങള്‍ തികച്ചും ഒറ്റപ്പെട്ട നിലയിലാണെന്നും ബ്ലെസി പറയുന്നു.

മറ്റു ചില സ്ഥലങ്ങളെ വെച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. വൈറസ് ബാധയുടെ കാര്യത്തിലും സുരക്ഷിതമായ ഇടമാണ് ഇവിടെ. അതുകൊണ്ട് പരിഭ്രാന്തി ഇല്ല. ജോര്‍ദാന്‍ പയനീര്‍ എന്ന കമ്പനിയാണ് ഇവിടെ ഷൂട്ടിങിന് സൗകര്യ ഒരുക്കി തന്നത്. അവരുടെ പിന്തുണയും സഹായവും ഉള്ളത് കൊണ്ട് വലിയ പ്രയാസമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എല്ലാവരും പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോവുകയാണ് ഇപ്പോള്‍.

Also Read: ആടുജീവിതം നിര്‍ത്തി, പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി, മടങ്ങിയെത്താന്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്

ഇവിടെയെത്തി ഒമ്പത് ദിവസമാണ് ഷൂട്ടിങ് നടന്നത്. പിന്നീട് അതിനുള്ള അനുമതി റദ്ദുചെയ്തു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് കൊണ്ട് തിരിച്ച് നാട്ടിലെത്തുന്നതിനെ കുറിച്ച് അനിശ്ചിതത്വം ഉണ്ട്. നാട്ടില്‍ നിന്ന് സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സാധ്യമായ എല്ലാ പിന്തുണയും കിട്ടുന്നുണ്ട്. ഇവിടുത്തെ ഇന്ത്യന്‍ അംബാസഡറും അദ്ദേഹത്തിന്റെ കീഴിലുള്ള സെക്രട്ടറിമാരും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. സുരേഷ് ഗോപി, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, രഞ്ജിത്, അനില്‍ തുടങ്ങി സിനിമാ സംഘടനാ ഭാരവാഹികളൊക്കെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. അവര്‍ക്ക് സാധ്യമായതൊക്കെ ചെയ്യുന്നുമുണ്ട്. ഭൂമിയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാന്‍ വേണ്ടി പരിശ്രമിക്കുന്നു. അവരില്‍ ചെറിയ ഗ്രൂപ്പാണ് ഞങ്ങള്‍. ആ ബോധ്യം എല്ലാവര്‍ക്കുണ്ടെന്നും ബ്ലെസി പറഞ്ഞു.മാതൃഭൂമി പത്രത്തിലാണ് ബ്ലെസിയുടെ പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in