‘കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ളവള്‍, രാച്ചിയമ്മയ്ക്ക് വലിയ സ്‌ക്രീനില്‍ വരുമ്പോള്‍ എങ്ങിനെയാണ് അടിമുടി രൂപമാറ്റം?’

‘കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ളവള്‍, രാച്ചിയമ്മയ്ക്ക് വലിയ സ്‌ക്രീനില്‍ വരുമ്പോള്‍ എങ്ങിനെയാണ് അടിമുടി രൂപമാറ്റം?’

ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയുടെ ചലച്ചിത്രരൂപത്തെച്ചൊല്ലിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. രാജീവ് രവി നേതൃത്വം നല്‍കുന്ന ആന്തോളജിയില്‍ സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ് രാച്ചിയമ്മ ഹ്രസ്വചിത്രമാക്കുന്നത്. രാച്ചിയമ്മയായി പാര്‍വതി. കറുത്ത ഉടലുള്ള രാച്ചിയമ്മയെ പാര്‍വതി അവതരിപ്പിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ള, ടോര്‍ച്ചടിക്കുന്നതു പോലെ ഇടിമിന്നല്‍ച്ചിരിയുള്ള, കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലെ നഖങ്ങളോടുകൂടിയ പെണ്ണ് എന്നാണ് ഉറൂബ് രാച്ചിയമ്മടെ വിവരിച്ചതെന്നും അതാണ് തന്റെ വരികളിലൂടെ ഉറൂബ് വായനക്കാരന്റെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച രാച്ചിയമ്മയെന്നും അതേ കഥാപാത്രത്തിന് സിനിമയെന്ന വലിയ സ്‌ക്രീനില്‍ വരുമ്പോള്‍ എങ്ങിനെയാണ് അടിമുടി രൂപമാറ്റം വന്ന് മറ്റൊരാളായി മാറാന്‍ കഴിയുന്നതെന്നും ജിനില്‍ പി എസ് ചോദിക്കുന്നു. രാച്ചിയമ്മയുടെ വായനക്കാരന്‍ എന്ന നിലയില്‍ ജിനില്‍ കഥാപാത്രത്തെ വരച്ചിരിക്കുന്നതും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കോഴിക്കോട്ട് നടന്ന വാച്ചൗട്ട് ചലച്ചിത്രമേളയില്‍ രാച്ചിയമ്മയെ പാര്‍വതി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയായിരുന്നു. രാച്ചിയമ്മ യഥാര്‍ത്ഥത്തിലുള്ള ഒരു സ്ത്രീ ആയിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു. എന്നാല്‍ അതൊരു ഫിക്ഷനാണ്. അതുകൊണ്ടാണ് ഞാന്‍ ഈ കഥാപാത്രം ചെയ്യുന്നതെന്നായിരുന്നു പാര്‍വതിയുടെ മറുപടി.

ജിനില്‍ പി എസ് എഴുതിയത്

മുഖവുരകളൊന്നും കൂടാതെ നേരേ വിഷയത്തിലേക്ക് വരാം. രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്തകളിലും ഇടം നേടിയ പേരാണല്ലോ 'രാച്ചിയമ്മ'. ഉറൂബിന്റെ അതേ പേരിലുള്ള ചെറുകഥയെ സംവിധായകനും ഛായാഗ്രാഹകനുമായ വേണു സിനിമയാക്കുമ്പോള്‍ രാച്ചിയമ്മയാകുന്നത് പാര്‍വ്വതിയാണ്. കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ള, ടോര്‍ച്ചടിക്കുന്നതു പോലെ ഇടിമിന്നല്‍ച്ചിരിയുള്ള, കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലെ നഖങ്ങളോടുകൂടിയ പെണ്ണ്.. അതാണ് തന്റെ വരികളിലൂടെ ഉറൂബ് വായനക്കാരന്റെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച രാച്ചിയമ്മ..

ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുന്ന രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല, കേട്ടറിയാനേ പറ്റൂ എന്നു കൂടി പറയുമ്പോള്‍ ആര്‍ക്കും മനസ്സില്‍ തെളിയുന്ന പാത്രസൃഷ്ടിയിലൂടെ ഓരോ വായനക്കാരിലും കഥാകാരന്‍ ആഴത്തില്‍ വരച്ചിടുകയാണ് രാച്ചിയമ്മയെ.. എന്നാല്‍ അതേ കഥാപാത്രത്തിന് സിനിമയെന്ന വലിയ സ്‌ക്രീനില്‍ വരുമ്പോള്‍ എങ്ങിനെയാണ് അടിമുടി രൂപമാറ്റം വന്ന് മറ്റൊരാളായി മാറാന്‍ കഴിയുന്നത്? ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന വിശാല ആശയത്തെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ആയുധമാക്കി മാറ്റുന്നതെന്തിനാണ്? പ്രതിഷേധസ്വരങ്ങളെ അപരവത്ക്കരണമെന്ന് സാധൂകരിക്കുന്നതെന്തിനാണ്?

എന്താണ് നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം?കമ്മട്ടിപ്പാടം എന്ന സിനിമയില്‍ കീഴാളരായി അഭിനയിച്ച വിനായകനും മണികണ്ഠനും സ്വന്തം പല്ലിനു പുറമെ പൊങ്ങിയ പല്ലുകള്‍ വെച്ചു കൊടുത്തതോ? അതോ കറുത്തവരെ വേലക്കാരിയും തോഴിയുമായൊതുക്കി, കറുത്ത കഥാപാത്രത്തിനായി വെളുത്ത നായികയെ കരിവാരിത്തേക്കുന്നതോ.. കറുത്ത കഥാപാത്രത്തെ അവതരിപ്പിക്കാനായി വെളുത്ത നായികയെ തിരഞ്ഞെടുത്ത് കറുപ്പിക്കാതെ അഭിനയിപ്പിക്കുന്നതാണോ നിങ്ങള്‍ ഇതില്‍ ചൂണ്ടി കാട്ടുന്ന തനിമ?

സിനിമ എന്ന വൈഡായ ദൃശ്യമാധ്യമത്തിന് ഒരു പാട് സാധ്യതകളുണ്ട്. വായനാശീലമില്ലാത്ത ഒരുപാടുപേര്‍ സിനിമ കാണുന്നവരുടെ കൂട്ടത്തിലുണ്ട്.

വടക്കന്‍പാട്ടിലെ ചതിയന്‍ ചന്തുവിനെ എം.ടി വാസുദേവന്‍ നായര്‍ മാറ്റിയെഴുതിയപ്പോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചലച്ചിത്രം കണ്ടവരില്‍ പലരും ചതിയന്‍ ചന്തുവിനെ ആ സിനിമയിലുടനീളം കണ്ടിട്ടുണ്ടാവില്ല.. ചന്തുവിനായി കേട്ടുകേള്‍വി പോലുമില്ലാത്ത മറ്റൊരു കഥയാണ് എം.ടി ഒരുക്കിയതെങ്കില്‍ രാച്ചിയമ്മയുടെ കഥ പറയുമ്പോള്‍ നായികയുടെ രൂപത്തിനൊഴികെ യഥാര്‍ത്ഥ കഥാതന്തുവിന് മാറ്റങ്ങളില്ല. കഥാപാത്രമായി അഭിനേത്രി മാറുന്നതിനെക്കാള്‍ കഥാപാത്രം അഭിനേത്രിയിലേക്ക് ചുരുങ്ങുകയാണിവിടെ. വെള്ളിവെളിച്ചങ്ങള്‍ക്കപ്പുറമുള്ള നാടകങ്ങളില്‍ എത്രയോ കറുത്ത സ്ത്രീകള്‍ നായികമാരായി വിരാജിക്കുമ്പോഴാണ് അതിലേറെ പ്രേക്ഷകരിലേക്കെത്തുന്ന മറ്റൊരു മാധ്യമമായ സിനിമയില്‍ ഇത്തരം വിവേചനങ്ങള്‍ അരങ്ങേറുന്നത്...

രാച്ചിയമ്മ ഒരു തുടര്‍ച്ചയാണ്...പരിണാമം സംഭവിച്ചു നീലിച്ചുപോയ ദൈവങ്ങളുടെയും, വെളുത്തു തുടുത്ത അസുര ചക്രവര്‍ത്തി മഹാബലിയുടെയും തുടര്‍ച്ച...

രാജീവ് രവി, ആഷിക് അബു, ജെ കെ എന്നിവരാണ് ആന്തോളജിയില്‍ മറ്റ് സിനിമകളും ഒരുക്കുന്നത്. പെണ്ണും ചെറുക്കനും എന്ന ഉണ്ണി ആര്‍ കഥ ആധാരമാക്കിയാണ് ആഷിക് അബു ചിത്രം. ഉണ്ണി ആര്‍ തന്നെയാണ് തിരക്കഥ. റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രനുമാണ് അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in