‘ജോര്‍ജ് സാര്‍ എടുത്തിരുന്നത് നാളത്തെ സിനിമകള്‍’; ആമേന്‍ ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നെന്ന് ലിജോ

‘ജോര്‍ജ് സാര്‍ എടുത്തിരുന്നത് നാളത്തെ സിനിമകള്‍’; ആമേന്‍ ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നെന്ന് ലിജോ

ആമേന്‍ എന്ന സിനിമയുണ്ടായത് തന്ന കെജി ജോര്‍ജിന്റെ പഞ്ചവടിപ്പാലം എന്ന ചിത്രത്തില്‍ നിന്നാണെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ആമേനില്‍ പാലത്തിന് പകരം പള്ളി ഉപയോഗിച്ചിരിക്കുന്നു. പള്ളിക്ക് ചുറ്റുമാണ് മറ്റെല്ലാം. പഞ്ചവടിപ്പാലം ഇപ്പോഴും പ്രസക്തമാണ്. നമ്മുടെ മുന്നില്‍ പാലാരിവട്ടത്ത് തന്നെ അതിന്റെ ഉദാഹരണമുണ്ടെന്നും ലിജോ പറഞ്ഞു.

ചലച്ചിത്ര മലയാളവുംവെസ്റ്റ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ നാളെയുടെ മലയാള സിനിമ സംവാദത്തിനിടെയായിരുന്നു ലിജോയുടെ പ്രതികരണം. കെജി ജോര്‍ജ് പങ്കെടുത്ത ചടങ്ങില്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മോഡറേറ്ററായിരുന്നു. സംവിധായകന്‍ ജോഷിയാണ് സംവാദം ഉദ്ഘാടനം ചെയ്തത്.

നാളെത്തെ സിനിമകളാണ് കെജി ജോര്‍ജ് സര്‍ എടുത്തിരുന്നത് എന്നതില്‍ സംശയമില്ല, സാറിന്റെ ഓരോ സിനിമയും തീര്‍ത്തും വ്യത്യസ്തമാണ്. ആര്‍ട് സിനിമ കൊമേര്‍ഷ്യല്‍ സിനിമ എന്ന വേര്‍തിരിവ് ഇല്ലാതെയാണ് അദ്ദേഹം സിനിമയെ സമീപിച്ചിരുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്.

ലിജോ ജോസ് പെല്ലിശേരി

കെജി ജോര്‍ജിന്റെ ചിത്രങ്ങളില്‍ യവനിക തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും ലിജോ പറഞ്ഞു. ഒറ്റ നോട്ടത്തില്‍ മര്‍ഡര്‍ മിസ്റ്ററി ആയി തോന്നാമെങ്കിലും ആഴത്തില്‍ ഒട്ടേറെ തലങ്ങളുള്ള സിനിമയാണത്. നാടക കമ്പിനിയുടെ പശ്ചാത്തലത്തിലുള്ള ചിത്രം ഇഷ്ടപ്പെട്ടിരുന്നു. പിതാവ് ജോസ് പെല്ലിശേരിക്ക് നാടക കമ്പിനിയുണ്ടായിരുന്നതിനാല്‍ ആ ജീവിത പരിസരം ഏറെ പരിചിതമായിരുന്നു. ആദാമിന്റെ വാരിയെല്ല്, കോലങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും ഇഷ്ടമാണെന്നും ലിജോ കൂട്ടിച്ചേര്‍ത്തു.

ചിത്രം:  വെസ്റ്റ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജി 

ജോഷി സാറും ജോര്‍ജ് സാറും സിനിമ ചെയ്ത കാലഘട്ടമാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്നും ലിജോ പറഞ്ഞു. പിന്നീട് സിനിമ താഴേക്ക് പോയെങ്കിലും ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. ജോഷിയുടെയും കെജി ജോര്‍ജിന്റെയും ശൈലികളില്‍ നിന്ന് നല്ല എലമെന്റുകള്‍ എടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികളോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in