‘സംവിധാനം ചെയ്യുന്നത് ഓര്‍ത്ത് ടെന്‍ഷനടിച്ചിരുന്നില്ല’: അങ്ങനെ ചിന്തിച്ചിരുന്നേല്‍ തീര്‍ന്നേനെയെന്ന് ഷാജോണ്‍

‘സംവിധാനം ചെയ്യുന്നത് ഓര്‍ത്ത് ടെന്‍ഷനടിച്ചിരുന്നില്ല’: അങ്ങനെ ചിന്തിച്ചിരുന്നേല്‍ തീര്‍ന്നേനെയെന്ന് ഷാജോണ്‍

ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് കോമഡി ട്രാക്കിലുള്ള ഒരു ഫാമിലി എന്റര്‍ടെയ്നറില്‍ നായകനാകുന്ന ചിത്രമാണ് 'ബ്രദേഴ്സ് ഡേ'. നടന്‍ കലാഭവന്‍ ഷാജോണാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമ തന്നെ പൃഥ്വിരാജിനെ പോലെ വലിയൊരു താരത്തെ നായകനാക്കി സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ടെന്‍ഷനടിച്ചിരുന്നില്ലെന്ന് ഷാജോണ്‍ പറയുന്നു. കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജോണ്‍ ആദ്യ സംവിധാന അനുഭവത്തെക്കുറിച്ചും പൃഥ്വിരാജിന്റെ പിന്തുണയെക്കുറിച്ചും പ്രതികരിച്ചത്.

സത്യത്തില്‍ ചെയ്യാന്‍ പോകുന്നത് വലിയ കാര്യമാണെന്ന് ഓര്‍ത്ത് ടെന്‍ഷനടിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചു പോയാല്‍ തീര്‍ന്നു. നമ്മള്‍ നമുക്ക് അറിയാവുന്ന പോലെ ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. അത് ഒരു ഹീറോയ്ക്ക് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അത് ഞാന്‍ എനിക്കറിയാവുന്ന പോലെ സിനിമയാക്കി. ഞാന്‍ ചെയ്തതാണോ സംവിധാനം, ഇതാണോ ഫിലിം മേക്കിങ്ങ് എന്നൊന്നും അറിയില്ല. ഞാന്‍ എന്റെ മനസില്‍ കണ്ട സിനിമ ഒരുക്കിയിട്ടുണ്ട്

ഷാജോണ്‍

സിനിമയുടെ ഒരു ഘട്ടത്തിലും പൃഥ്വിരാജ് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞ ഷാജോണ്‍, താരം തനിക്കു നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചു.

രാജുവിന്റെ ആദ്യ ഷോട്ട് എടുക്കുന്ന അന്ന് എട്ട് പേരുള്ള ഷോട്ടാണ് എടുത്തിരുന്നത്. പിന്നീടാണ് ചെറിയ എന്തെങ്കിലും എടുത്താല്‍ മതിയെന്ന് തോന്നിയത്. പക്ഷേ അന്ന് സാധാരണപോലെ ഷൂട്ട് കഴിഞ്ഞു. വൈകീട്ട് രാജു വിളിച്ച് വലിയ ഹാപ്പിയാണെന്ന് പറഞ്ഞു, ചേട്ടന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അത് വലിയ പ്രചോദനമായിരുന്നുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഫാമിലി ത്രില്ലര്‍ ഗണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ താന്‍ കാണാനിഷ്ടപ്പെടുന്ന സാധാരണക്കാരനായ പൃഥ്വിയെ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഷാജോണ്‍ പറഞ്ഞിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് ബ്രദേഴ്സ് ഡേ നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. തമിഴ് താരം പ്രസന്നയാണ് വില്ലനായെത്തുന്നത്.

വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. '4 മ്യൂസിക്ക്‌സും' നാദിര്‍ഷയും ചേര്‍ന്നാണ് ബ്രദേഴ്സ് ഡേയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത് തമിഴ് താരം ധനുഷാണ്. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in