കെെയ്യടിക്കേണ്ട സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം

കെെയ്യടിക്കേണ്ട സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം

കത്തോലിക്കരുടെ ജപമാല പ്രാർത്ഥനയിൽ സന്തോഷത്തിന്റെ അഞ്ചു രഹസ്യങ്ങൾ, ദുഃഖത്തിന്റെ അഞ്ചു രഹസ്യങ്ങൾ, മഹിമയുടെ അഞ്ചു രഹസ്യങ്ങൾ, പ്രകാശത്തിന്റെ അഞ്ചു രഹസ്യങ്ങൾ എന്നിങ്ങനെ ഒരു വിഭജനം ഉണ്ട്. ഇതിൽ സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിൽ യേശുവിന്റെ അമ്മയായ മറിയത്തിനെ ഒരു ദൈവദൂതൻ സന്ദർശിക്കുന്ന കാര്യമാണ് ഉള്ളത്. വിവാഹിത അല്ലാത്ത, പുരുഷനെ അറിയാത്ത മറിയം ഗർഭം ധരിക്കുമെന്നും ഒരു പുത്രനെ പ്രസവിക്കും എന്ന വാർത്തയാണ് ദൂതൻ അറിയിക്കുന്നത്. ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യവും (SOR) ഒരു അവിചാരിത പ്രെഗനൻസിയെ കുറിച്ചുള്ള ടെൻഷനുകളിലും ചർച്ചകളിലും കൂടെ ആണ് പോവുക. മരിയയും (റിമ കല്ലിങ്കൽ) അവളുടെ പങ്കാളി ജിത്തുവും (ജിതിൻ പുത്തഞ്ചേരി) പ്രെഗ്നൻസി ടെസ്റ്റ് ചെയ്യാൻ വേണ്ടി തങ്ങളുടെ കാറിൽ പോകുന്ന യാത്ര ആണ് സിനിമയുടെ കഥാതന്തു. എണ്പത്തഞ്ചു മിനിറ്റ് ദൈർഖ്യമുള്ള ഈ സിനിമ ഒരൊറ്റ ഷോട്ടിൽ ആണ് ചെയ്തിരിക്കുന്നത്.

ലോക സിനിമയിൽ തന്നെ അപൂർവം മാത്രം കാണാവുന്ന ഒരു പരീക്ഷണം ആണിത്. ജർമൻ സംവിധായകൻ സെബാസ്റ്റിയൻ ഷിപ്പറുടെ 140 മിനിറ്റു ദൈർഘ്യം ഉള്ള വിക്ടോറിയ എന്ന സിനിമയാണ് ഈ ഗണത്തിൽ പറയാവുന്ന ഏറ്റവും വലിയ ശ്രമമെന്ന് തോന്നുന്നു. ഷിപ്പറുടെ സിനിമ വിരലിലെണ്ണാവുന്നയത്ര ടേക്കുകൾ മാത്രം എടുത്തിട്ട് അതിൽ ഏറ്റവും മികച്ചതിനെ ഫൈനൽ സിനിമ ആക്കി മാറ്റി എടുത്ത ഒന്നാണ്. വിക്ടോറിയ സിനിമയ്ക്ക് സമാനമായ ഒരു ശ്രമം ആണ് SOR. (ഷിപ്പറുടെ നാലാമത്തെ ഫീച്ചർ ഫിലിം ആയിരുന്നു വിക്ടോറിയ. അതുപോലെ ഡോണിന്റെ നാലാമത്തെ ഫീച്ചർ-ലെങ്ത് സിനിമ ആണ് SOR.)

ഒരു കാറിന്റെ സ്പെസിന് ഉള്ളിലേക്ക് റെസ്ട്രിക്ട് ചെയ്തു കൊണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുക ആണ് സിനിമ. കാറിന്റെ ഡാഷ്ബോർഡിൽ ക്യാമറ ഫിക്സ് ചെയ്ത്കൊണ്ടാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്. ഡോൺ പാലത്തറയുടെ ഫീച്ചർ-ലെങ്ത്ത് ആദ്യ കളർ ചിത്രമാണ് SOR. കളർ വിദഗ്ധമായി ഉപയോഗിച്ചു കാറിന്റെ ഉള്ളിൽ പുറത്തും ഉള്ള സ്പേസിന്റെ contrast കാണിക്കുന്നുണ്ട് സംവിധായകൻ.

വിവാഹപൂർവ ലൈംഗികതയും, അതേ തുടർന്ന് ഉണ്ടാകുന്ന ഗർഭവും ഇപ്പോഴും പ്രശ്നമായി കരുതുന്ന സമൂഹമാണ് ഇവിടെ ഉള്ളത്. അങ്ങനെ ഒന്ന് മുന്നിൽ കാണേണ്ടി വരുമ്പോൾ പുരുഷൻ എങ്ങനെ പ്രതികരിക്കുന്നു, സ്ത്രീ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ വ്യത്യാസത്തെ കുറിച്ചു ഒരു കമന്ററിക്ക് ശ്രമിക്കുന്നുണ്ട് സിനിമ. വളരെ ഫോർവെഡ് അല്ലേൽ "woke" എന്ന് കരുതാവുന്ന, സ്ത്രീ-പുരുഷ സമത്വത്തിൽ വിശ്വസിക്കുന്ന രണ്ടു കഥാപാത്രങ്ങൾ. അവരുടെ ഇടയിൽ പോലും ഇത്തരം ഒരു സാഹചര്യം കൊണ്ടു വരാവുന്ന ഒരു ടെൻഷൻ ഉണ്ടെന്ന്, മാറ്റിമറിക്കാവുന്ന പവർ ഇക്വേഷൻസ് ഉണ്ട് എന്ന് സിനിമ പറയുന്നു. സംഭാഷണങ്ങൾ ആണ് ഈ സിനിമയുടെ ജീവൻ. ഉദ്‌വേഗജനകമായ വിധത്തിൽ നിർത്തുന്ന സ്‌ക്രിപ്റ്റ് ആണ് സിനിമയ്ക്കായി ഡോൺ ഒരുക്കിയിട്ടുള്ളത്. ഡോണിന്റെ മുൻ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ പേസ് കൂടിയ ഒരു സിനിമയുമാണ് SOR.

റിമ കല്ലിങ്കലും ജിതിൻ പുത്തൻചേരിയും ഈ സിനിമയ്‌ക്ക് വേണ്ടി നടത്തിയിരിക്കുന്നത് കൈയ്യടിക്കേണ്ട ശ്രമം തന്നെ ആണ്. 85 മിനിറ്റു നീളുന്ന ഒരു സ്‌ക്രിപ്റ്റ് കാണാതെ പഠിച്ചു എന്നത് മാത്രമല്ല, അസാധ്യ ടൈമിംഗുള്ള വളരെ controlled ആയ അഭിനയവും ആണ് ഇരുവരും കാഴ്ച്ച വെച്ചിരിക്കുന്നത്. ഒരു പുതുമുഖത്തിന്റെതായ യാതൊരു പതർച്ചയും ജിതിന്റെ പ്രകടനത്തിൽ കാണാൻ സാധിക്കില്ല. പല തരത്തിൽ ഉള്ള വായനക്കൾക്ക് സാധ്യത തുറന്നു ഇടുന്നവ ആണ് ഡോണിന്റെ സിനിമകൾ. SOR ഉം അങ്ങനെ തന്നെ. ആദ്യ കാഴ്ച്ചയിൽ തോന്നിയ കാര്യങ്ങൾ തന്നെ ആകണം എന്നില്ല അടുത്ത കാഴ്ചകളിൽ തോന്നുക. മൾട്ടിപ്പിൽ ലെയറുകൾ ഉള്ള കഥാപാത്രങ്ങൾ ആണ് മരിയയും ജിത്തുവും. അതുകൊണ്ട് ഒന്നിലധികം കാഴ്ചകൾ അവർ ആവശ്യപെടുന്നുണ്ട്.

No stories found.
The Cue
www.thecue.in