ജാതിക്കൊലകളുടെ മരവിപ്പ് |

അഭിമാനം, അപകടം പേറുന്ന വാക്കുകളിലൊന്നാണ്, എന്തുകൊണ്ടെന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിനും, വ്യക്തി താത്പര്യങ്ങള്‍ക്കും,സ്വയംനിര്‍ണയാവകാശത്തിനും, ഇഷ്ടങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് സമൂഹം വ്യക്തികളുടെ, കുടുംബത്തിന്റെ അഭിമാനം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള അഭിമാനസംരക്ഷണം വ്യക്തികളെയും കുടുംബങ്ങളെയും നിയന്ത്രിക്കുന്നു, ആ നിയന്ത്രണങ്ങള്‍ കേന്ദ്രപശ്ചാത്തലമാകുന്ന നാല് ചെറുസിനിമകളുടെ ആന്തോളജിയാണ് നെറ്റ്ഫ്‌ലിക്‌സിന്റെ പാവ കഥൈകള്‍.

മാനവും അഭിമാനവും നിര്‍വചിക്കുന്നതെങ്ങനെയാണ്, ആരാണ്. അതിന് കാലങ്ങളായി ചില തട്ടുകളുണ്ട്, ജാതി, മതം,തൊഴില്‍, ലിംഗം,കുടുംബം തുടങ്ങിയ ഇത്തരം ശ്രേണികളെക്കുറിച്ചാണ് സിനിമ. ഇവയെല്ലാം പെണ്‍ജീവിതങ്ങളിലൂടെ, അല്ലെങ്കില്‍ പെണ്‍ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഓരോ ചെറുസിനിമയും പറയുന്നത്.

സുധ കൊങ്ങരയുടെ തങ്കം ലിംഗത്തെയും മതത്തെയും കേന്ദ്രീകരിക്കുമ്പോള്‍, വിഗ്‌നേഷ് ശിവന്റെ ലവ് പണ്ണാ ഉട്രണും ജാതിയെയും ലിംഗത്തെയും വിഷയമാക്കുന്നു, ഗൗതം മേനോന്റെ വാന്‍മകള്‍ ലിംഗത്തെയും കുടുംബത്തെയും മുന്‍നിര്‍ത്തി കഥ പറയുമ്പോള്‍ വെട്രിമാരന്റെ ഓര്‍ ഇരവ് എന്ന ചിത്രത്തില്‍ ജാതി കേന്ദ്രവിഷയമാകുന്നു. എല്ലാ സിനിമകളും കുടുംബത്തെ കേന്ദ്രീകരിച്ച് തന്നെയാണ്,ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ് പറയുന്നത് പോലെ തന്നെ എല്ലാം മകളെ, സ്ത്രീയെ കേന്ദ്രീകരിച്ചുമാകുന്നു.

നാല്‍പ്പത് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള നാല് ചിത്രങ്ങള്‍, ട്രെയിലറില്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് സൂചന കൊടുക്കുകയും ചെയ്തു. പറയുന്ന കഥകളില്‍ പുതുമയോ,അല്ലെങ്കില്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന, അണ്‍പ്രഡിക്ടബിളിറ്റിയോ,ട്വിസ്റ്റുകളോ ഒന്നും തന്നെയില്ലാത്ത നാല് കഥകള്‍ തന്നെയാണ് പാവകഥകളിലുള്ളത്. പറഞ്ഞും കേട്ടുമറിയാവുന്ന, അതുകൊണ്ട് തന്നെ ഇനിയെന്ത് സംഭവിക്കുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞേക്കാവുന്ന നാല് കഥകള്‍. പക്ഷേ ഈ സിനിമകളെ വ്യത്യസ്തമാക്കുന്നത് അതിന്റെ അവതരണമാണ്,

നാല് കഥകളും സംവിധായകര്‍ അവതരിപ്പിച്ചിരിക്കുന്നത് മേക്കിങ്ങില്‍ മറ്റൊന്നിനോട് സമാനതകളില്ലാതെയാണ്. തങ്കം എണ്‍പതുകളുടെ പശ്ചാത്തലത്തിലൂടെയാണ് പെണ്ണായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സത്താര്‍ എന്ന കഥാപാത്രത്തെയും അവന്റെ ജീവിതത്തെയും അവതരിപ്പിക്കുന്നത്.സത്താര്‍ എന്ന കഥാപാത്രത്തോട് പെട്ടെന്ന് തന്നെ പ്രേക്ഷകന് ഉടലെടുക്കാവുന്ന സഹാനുഭൂതി, അത് ഉപയോഗിച്ചുകൊണ്ടാണ് അയാളുടെ പ്രണയവും, നഷ്ടപ്രണയവും, സൗഹൃദവുമെല്ലാം സിനിമ അവതരിപ്പിക്കുന്നത്. കഥയിലോ മേക്കിങ്ങിലോ കണ്ട് ശീലിച്ച പാറ്റേര്‍ണിനപ്പുറത്തേക്ക് പുതുമകളൊന്നും പരീക്ഷിക്കുന്നില്ലെങ്കിലും കാളിദാസിന്റെ പെര്‍ഫോര്‍മന്‍സാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. കഥ നടക്കുന്ന കാലഘട്ടത്തിലെ കഥാപാത്രങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും കാണുന്ന പ്രേക്ഷകന് ആദ്യ സീനില്‍ തന്നെ തോന്നുകയും ചെയ്യുന്ന സത്താറിനോടുള്ള ഇമോഷനാണ് സിനിമയെ പ്രേക്ഷകന് മികച്ച അനുഭവമാക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് നാല് സിനിമകളും നാലായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ആദ്യ സിനിമ കണ്ട് തീരുമ്പോള്‍ പ്രേക്ഷകര്‍ ഫീല്‍ ചെയ്യുന്നതെന്തോ അതില്‍ നിന്നാണ് അടുത്ത സിനിമ കണ്ട് തുടങ്ങുക. തങ്കത്തിന് ശേഷം ലവ് പണ്ണ ഉട്രണുമാരംഭിക്കുമ്പോള്‍ ഏകദേശം ഒരേ എക്‌സപകറ്റേഷനും ഊഹങ്ങളും തന്നെയാണ്. അഞ്ജലി, കല്‍ക്കി കെക്ക്‌ല എന്നിവരാണ് പ്രധാന വേഷത്തില്‍. ജാതിക്കൊലയിലെ പൊളിറ്റിക്കല്‍ ആംഗിള്‍ സിനിമ പറയുമ്പോള്‍ കുറച്ച് കൂടി ഇന്റേര്‍ണല്‍ ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ അതിലെ രാഷ്ട്രീയത്തിലേക്ക് ആഴത്തില്‍ ചിത്രം പോകുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടില്ല. പെര്‍ഫോമന്‍സുകള്‍ നല്ലതാണെങ്കിലും മൊത്തത്തില്‍ ചിത്രം ശരാശരിയിലൊതുങ്ങുകയാണ്.

കുടുംബത്തിന്റെ അഭിമാനമാണ് സിനിമകളുടെ പ്രമേയമെങ്കിലും, കുറച്ച് കൂടി ഡയറക്ടായി കുടുംബത്തിലേക്ക് കടന്നു ചെല്ലുന്ന ചിത്രമാണ് ഗൗതം മേനോന്റെ വാന്‍മകള്‍. സിമ്രാനും ഗൗതം മേനോനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളില്‍ നിന്ന് മാറി ഒരു ഫ്രഷ് ഓപ്പണിങ്ങ് സിനിമയ്ക്കുണ്ട്. അതുവരെ കണ്ടതില്‍ നിന്ന് മാറിയുള്ളൊരു തുടക്കം. കഥാസന്ദര്‍ഭങ്ങളിലും കാര്യമായ മാറ്റമുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളും ഡയറക്ടായി ജാതിയിലും മതത്തിലും ലിംഗത്തിലുമൂന്നിക്കൊണ്ട് കുടുംബത്തെ പറയുമ്പോള്‍ വാന്‍മകള്‍ അതില്‍ നിന്നെല്ലാം മാറി ഒരു വീട്ടമ്മയുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ, വീട്ടിലെ സ്ത്രീകള്‍ എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിച്ച് അഭിമാനത്തിന് വിലയിടുന്ന സമൂഹത്തിലേക്കാണ് പോകാന്‍ ശ്രമിക്കുന്നത്. ഒരു ഗൗതം മേനോന്‍ ചിത്രത്തിന്റെ കണ്ട് പരിചിതമായ പാറ്റേര്‍ണ്‍ ഈ സിനിമയ്ക്കുണ്ട്. ആദ്യം സിനിമ ആരംഭിക്കുന്ന പാട്ടില്‍ തന്നെ അത് പ്രേക്ഷകന് അനുഭവപ്പെടും. സിമ്രാന്‍ കഥാപാത്രത്തെ നന്നായി തന്നെ കൈകാര്യം ചെയ്തപ്പോള്‍ ഗൗതം മേനോന്‍ ചിലയിടങ്ങളില്‍ നിരാശപ്പെടുത്തുന്നു.

പാവ കഥൈകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് വെട്രിമാരന്‍ ഒരുക്കിയ ഓര്‍ ഇരവാണ്. മറ്റ് മൂന്ന് ചിത്രങ്ങളും, പറയുന്ന വിഷയത്തെ, അതിന്റെ ഗൗരവത്തെ, ടെന്‍ഷനെ, സംഭാഷണങ്ങളിലൂടെയും പരിചിതമായ സന്ദര്‍ഭങ്ങളിലൂടെയും, പാട്ടുകളിലൂടെയുമെല്ലാം വലിയ സിനിമ പോലെ തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വെട്രിമാരന്‍ വളരെ മിനിമലായി, സംഭാഷണങ്ങളധികമില്ലാതെ, വിഷ്വല്‍ നരേഷനിലൂടെ കഥ പറഞ്ഞു. വെട്രിമാരന്റെ നോണ്‍ ലീനിയര്‍ നരേറ്റീവ് സ്‌റ്റൈല്‍ ചിത്രത്തിലുണ്ട്. അതില്‍ ആദ്യത്തെ കട്ട് തന്നെ അണ്‍പ്രഡിക്ടബിളാണ്. വളരെ ക്ലീഷേ ആയ, എന്താണ് സംഭവിക്കാന്‍ പോകുന്നത് എക്‌സ്പകറ്റ് ചെയ്യാവുന്ന കഥയായിട്ട് കൂടി ചിത്രം ടെന്‍ഷനിലേക്ക് പ്രേക്ഷകനെ പിടിച്ചിടുന്നത് വെട്രിമാരന്റെ മേക്കിംഗ് മികവിലാണ്.

പെര്‍ഫോമന്‍സ് വൈസിലും മറ്റ് ചിത്രങ്ങളില്‍ നിന്ന് മാറിയാണ് ഓര്‍ ഇരവ്. ഒരു തരിപോലും ഡ്രമാറ്റിക് ആവാത്ത, ലൗഡ് ആകാത്ത, മിനിമലായുള്ള പ്രകടനമാണ് പ്രകാശ് രാജിന്റേതും സായ് പല്ലവിയുടേതും. വളരെ സാവധാനം ചിത്രം പ്രേക്ഷകനെ ടെന്‍ഷനിലേക്ക് കൊണ്ടുവരുകയും ഒരു മരവിപ്പിലേക്ക് കൊണ്ടു പോവുകയും ചെയ്യും. നിശബ്ദതയിലൂടെയാണ് ചിത്രം കൂടുതല്‍ പ്രേക്ഷകനെ ഡിസ്റ്റര്‍ബിങ്ങ് ആക്കുന്നത്. മറ്റ് മൂന്ന് ചിത്രങ്ങള്‍ കണ്ടില്ലെങ്കിലും തീര്‍ച്ചയായും കാണേണ്ട അനുഭവം തന്നെയാണ് ഓര്‍ ഇരവ്.

പാവൈ കഥകളിലെ കഥകള്‍ അണ്‍പ്രഡികടബിള്‍ അല്ലെങ്കിലും ചിത്രങ്ങളുടെ ക്ലൈമാക്‌സുകള്‍ അങ്ങനെയല്ല. ജാതിക്കൊലകളുടെ, ദുരഭിമാനക്കൊലകളുടെ കാലത്ത് ഈ ലോകത്തോട് പറയാനുള്ള സ്റ്റേറ്റ്‌മെന്റുകള്‍ തന്നെയാണ് എല്ലാ ചിത്രങ്ങളും പറയുന്നത്. തങ്കത്തില്‍ അത് വൈകാരികമായി സത്താറിനെ ഒറ്റപ്പെടുത്തിയ സമൂഹത്തില്‍ നിന്ന് മാറിനടക്കുക എന്നാണെങ്കില്‍, ലവ് പണ്ണ ഉട്രാണു ചെറിയ ബ്ലാക്ക് ഹ്യൂമറോടെയാണ് അവസാനിക്കുന്നത്. വാന്‍മകളില്‍ സ്റ്റേറ്റ്‌മെന്റ് അമ്മയുടെ തീരുമാനമാണ്. ഇതിലെല്ലാം പ്രതീക്ഷയുടെ ഇലമെന്റ് ഉണ്ടെങ്കില്‍ വെട്രിമാരന്‍ അവിടെ പൂര്‍ണമായും മാറിനടക്കുന്നു. ഒരു മെസേജ് പറഞ്ഞാണ് മറ്റ് സിനിമകള്‍ അവസാനിക്കുന്നതെങ്കില്‍ വെട്രിമാരന്‍ അവസാനിപ്പിക്കുന്നതാകട്ടെ ജാതി- ദുരഭിമാനക്കൊലകള്‍ പ്രേക്ഷകന് ഉണ്ടാക്കിയേക്കാവുന്ന അതേ മരവിപ്പില്‍ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in