കെഞ്ചിര, അതൊരു പെണ്കുട്ടിയുടെ പേരാണ്

കെഞ്ചിര, അതൊരു പെണ്കുട്ടിയുടെ പേരാണ്

കാടും കുടിയും തങ്ങളുടെ കൈയിൽ നിന്ന് കവർന്നെടുക്കുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടിവരുന്നവരുടെ കഥയാണ് കെഞ്ചിര. അവരുടെ ജീവിതങ്ങളെ ചൂഷണം ചെയ്തു രസിക്കുന്ന, അവരുടെ വിയർപ്പിന്റെ പുറത്തു ചടച്ചിരിക്കുന്ന "നാടരു"ടെ കൂടെ കഥയാണ് അത്.

കെഞ്ചിര, അതൊരു പെണ്കുട്ടിയുടെ പേരാണ്. കൂലിക്ക് കൊണ്ടുപോയി കളത്തിൽ വെച്ചു ക്രൂരമായി റേപ്പ് ചെയ്‌പെടുന്ന ഒരു ആദിവാസി പെണ്കുട്ടിയുടെ. അവളെ റേപ്പ് ചെയ്യുന്ന "സിവിലൈസ്ഡ് നാട്ടുവാസി" മുതലാളിയുടെ കൊച്ചുമകളുടെ കൂടെ പഠിച്ചിരുന്നവളാണ് കെഞ്ചിര.

അവളുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന അതേ അക്രമം നാട്ടുവാസികൾ, നാട്ടുവാസികളുടെ സർക്കാർ, നാട്ടുവാസികളിടെ പോലീസ് ഒക്കെ അവരുടെ കുടിയിലും ഏല്പിക്കുന്നുണ്ട്.

കുറച്ചു കള്ള് കൊടുത്താൽ കുടിയിറക്കാൻ പാകത്തിലുള്ള പാവങ്ങൾ!

പഠിച്ചുയരുന്നതിന്റെ സ്വപ്നങ്ങൾ ഉള്ളവളാണ് സിനിമയുടെ തുടക്കത്തിൽ നാം കാണുന്ന കെഞ്ചിര. എന്നാൽ അവളുടെ സ്വപ്നങ്ങൾക്ക് അവളുടെ കൗമാരം കടക്കുന്നതിന് മുൻപ് തന്നെ തുള വീഴുന്നുണ്ട്!

വലിയ കഷ്ടതയും, സാമ്പത്തിക ഞെരുക്കവും അനുഭവിച്ചു ഒരുക്കിയ ഒരു കൊച്ചു വലിയ ചിത്രമാണ് കെഞ്ചിറ. ഇന്ന് മികച്ച രണ്ടാമത്തെ ചിത്രത്തിന് ഉള്ള പുരസ്‌കാര ലബ്ധിയിൽ നിൽക്കുന്നു ഈ മനോജ് കാനാ ചിത്രം. വയനാട്ടിലെ പണിയ ആദിവാസി സമൂഹത്തിൽനിന്നുള്ള അഭിനേതാക്കൾ ആണ് ചിത്രത്തിൽ ഉള്ളത്. സിനിമയുടെ പ്രധാന ഭാഷയും പണിയ തന്നെ.

സിനിമയുടെ സാങ്കേതികവശത്ത് എടുത്തു പറയേണ്ടത് അതിന്റെ ഛായാഗ്രഹണവും ശബ്ദലേഖനവും ആണ്. കാടിന്റെ മക്കളുടെ ജീവിതത്തെയും അവരുടെ ഊരുകളെയും അതിമനോഹരമായി ഒപ്പി എടുത്തിട്ടുണ്ട് ചിത്രത്തിൽ. പണിയ ഭാഷയിൽ ഡബ് ചെയ്യാൻ ഉള്ള പ്രയാസം മൂലം, ലൈവ് റെക്കോഡിങ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.

കോടികണക്കിന് രൂപയുടെ പാക്കേജുകൾ ആദിവാസി ക്ഷേമം എന്ന പേരിൽ ഉള്ളപ്പോഴും ആ ക്ഷേമം ഒന്നും ആദിവാസി സമൂഹങ്ങളിലേക്ക് ഇറങ്ങി ചെല്ലാതെ പോകുന്നു എന്നതിന് കെഞ്ചിര സാക്ഷ്യം പറയുന്നു. വനത്തെ നാടർ വേലി തിരിച്ചു

സ്വന്തമാക്കിയപ്പോൾ, നാടരുടെ സർക്കാരുകൾ വനഭൂമിയെ തരംതിരിച്ചു മാറ്റിയപ്പോൾ ഒക്കെ നഷ്ടമനുഭവിച്ച, ജീവിക്കാൻ ഉള്ള അവകാശം നഷ്ടപെട്ട ലക്ഷകണക്കിന് ആദിവാസികളെ സിനിമ പ്രതിനിധാനം ചെയ്യുന്നു. ആദിവാസി സമൂഹങ്ങളെ പൊതുസമൂഹം ഏതു വിധത്തിൽ അന്യവൽകരിക്കുന്നു എന്നു സിനിമ പച്ചയ്‌ക്ക് പറയുന്നു. നാടരുടെ പോലീസ് ഏതു വിധത്തിൽ ആദിവാസി ഊരുകളെ വിറപ്പിക്കുന്നു എന്ന സിനിമ കാട്ടി തരുന്നു!

ഐഎഫ്എഫ്ഐയിൽ വെച്ചാണ് ഈ ലേഖകൻ കെഞ്ചിറ എന്ന ഈ കൊച്ചു വലിയ ചിത്രം കണ്ടത്. അന്ന് ചിത്രം കണ്ട് ഇറങ്ങി പോരുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു!

Related Stories

No stories found.
logo
The Cue
www.thecue.in