'വെൻ ദേ സീ അസ്': വംശീയകൊലയുടെ കാലത്ത് കാണേണ്ട സീരീസ്

വംശീയ വിവേചന ചരിത്രത്തിന്റെ പുനരാഖ്യാനങ്ങൾ
'വെൻ ദേ സീ അസ്': വംശീയകൊലയുടെ കാലത്ത് കാണേണ്ട സീരീസ്
Summary

കൊവിഡ് 19 മഹാവ്യാധിക്കിടയിലും വര്‍ണവെറിയില്‍ നിന്ന് മോചിതമല്ലാത്ത ലോകം. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗ്ഗകാരന്റെ വംശീയ കൊല അമേരിക്കയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ 'സെന്‍ട്രല്‍ പാര്‍ക്ക് ജോഗര്‍ കേസ്' ആധാരമാക്കിയ മിനി വെബ് സീരീസ് കൂടുതല്‍ പ്രസക്തമാകുന്നു. ഗോകുല്‍ കെ. എസ് എഴുതിയ നിരൂപണം

അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ കുപ്രസിദ്ധമായ 'സെൻട്രൽ പാർക്ക് ജോഗർ കേസ്' - നെ (Central Park Jogger Case) ആസ്‌പദമാക്കി ഏവ ഡുവെർണെ (Ava DuVernay) ഒരുക്കിയ മിനിസീരീസാണ് 2019 -ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'വെൻ ദേ സീ അസ്' (When They See Us). യൂറോപ്യൻ കുടിയേറ്റക്കാരുടെ പതിമൂന്ന് കോളനികളിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളായി രൂപപ്പെട്ട കാലം മുതൽ തന്നെ അമേരിക്കയുടെ മണ്ണിൽ പുതിയ രാഷ്‌ട്രത്തിന്റെ സ്വപ്‌നങ്ങൾക്കൊപ്പം വെളുത്തവരുടെ മേധാവിത്വവും, വംശീയ വിദ്വേഷവും ഉടലെടുത്തിരുന്നു. രണ്ടര നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും തുടരുന്ന വിവേചനങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഞെട്ടിപ്പിക്കുന്ന വർത്തമാനകാല കാഴ്ച്ചകളിൽ നിന്നുകൊണ്ടാണ് മൂന്നുപതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു കേസിലേക്ക് 'വെൻ ദേ സീ അസ്' തിരിഞ്ഞു നോക്കുന്നത്. സംവിധായികയായ ഏവ ഡുവെർണെയോടൊപ്പം യൂലിയൻ ബ്രീസ് (Julian Breece), റോബിൻ സ്വികോഡ് (Robin Swicord), അട്ടിക്ക ലോക്ക് (Attica Locke), മൈക്കൽ സ്റ്റാർബറി (Michel Starrbury) എന്നിവർ ചേർന്നാണ് നാല് ഭാഗങ്ങളായി സീരിസിന്റെ കഥ എഴുതിയിരിക്കുന്നത്.

"ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി കഴിഞ്ഞാൽ ഈ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? അത് ഭയപ്പെടുത്തുന്ന കാര്യമാണ്. വളരെയധികം ഭയപ്പെടുത്തുന്ന കാര്യമാണ് അത്".

1989 ഏപ്രിൽ 19. ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിലുള്ള സെൻട്രൽ പാർക്കിലേക്ക് ആഫ്രോ-അമേരിക്കൻ, ഹിസ്പാനിക് വംശജരായ ഒരു കൂട്ടം ചെറുപ്പക്കാർ പതിവുപോലെ ഹാർലെമിൽ (Harlem) നിന്ന് ഉള്ളിലേക്കു പ്രവേശിക്കുന്നു. ബാങ്ക് ജോലിക്കാരിയായ പട്രീഷ്യ എലെൻ മെയ്‌ലി (Patricia Ellen Meili) എല്ലാ വൈകുന്നേരങ്ങളിലും പോലെ അന്നും വ്യായാമ ഓട്ടത്തിനായി സെൻട്രൽ പാർക്കിലേക്ക് പോകുന്നു. അന്ന് രാത്രി തുടർച്ചയായി സെൻട്രൽ പാർക്കിൽ നിന്ന് മോഷണങ്ങളും മറ്റു അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പോലീസ് പാർക്കിലേക്ക് വരുന്നു. അവിടെ കൂട്ടമായി ചുറ്റി കറങ്ങുന്ന ചെറുപ്പക്കാരിൽ പലരെയും പോലീസ് ആക്രമിക്കുകയും അറസ്റ്റ് ചെയ്‌തു. എന്നാൽ അർദ്ധരാത്രി കഴിഞ്ഞു നോർത്ത് വുഡിന് (North Wood) സമീപത്തായി അതിക്രൂരമായ നിലയിൽ ശാരീരിക പീഡനത്തിന് ഇരയായ തൃഷ മെയ്‌ലിയെ (Trisha Meili) പോലീസ് കണ്ടെത്തുന്നതോടെ സാഹചര്യം കൂടുതൽ ഗുരുതരമാകുന്നു. തലയിൽ നിന്ന് ഒരുപാട് രക്തം വാർന്നു പോയി അബോധാവസ്ഥയിലായിരുന്ന മെയ്‌ലിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്‌തു.

Ava DuVernay
Ava DuVernay
"അവർ നമ്മളെ കൊണ്ട് അസത്യങ്ങൾ പറയിപ്പിക്കുകയായിരുന്നു അല്ലെ?" എന്ന് യൂസഫ് ചോദിക്കുന്ന രംഗവും, ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ ക്ലയർ മഗ്വയർ -ന്റെ "യൂ ലെഫ്റ്റ് മീ ഇൻ ദി ഫാളിങ് ലീവ്‌സ്" എന്ന പാട്ടു മുഴങ്ങി കേൾക്കുന്ന നിമിഷങ്ങളും ഹൃദയഭേദകമാണ്.

മാൻഹട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോർണി ഓഫീസിലെ സെക്‌സ് ക്രൈം യൂണിറ്റിൽ നിന്ന് ലിൻഡ ഫെയർസ്റ്റെയിൻ (Linda Fairstein) സംഭവ സ്ഥലത്ത് എത്തുന്നു. വർഷം 1989 -ആണ്. ന്യൂയോർക്കിലെ അഞ്ചു പ്രധാന ജില്ലകളിൽ (boroughs) മാത്രം 1896 കൊലപാതകങ്ങളും 3254 റേപ്പ് കേസുകളും റിപ്പോർട്ട് ചെയ്‌ത വർഷമായിരുന്നു അത്. സെൻട്രൽ പാർക്കിലെ ആക്രമങ്ങൾ പലതും നിരന്തരം വാർത്തകളിൽ വന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഏറ്റവും ഹീനമായ രീതിയിൽ തൃഷ മെയ്‌ലി അക്രമിക്കപ്പെട്ടിരിക്കുന്നത്. ലിൻഡ ഫെയർസ്റ്റെയിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് കേസ് അന്വേഷിച്ചു തുടങ്ങുന്നു. 'സ്വാഭാവികമായും' അന്ന് വൈകുന്നേരം പാർക്കിലേക്ക് വന്ന ചെറുപ്പക്കാരിലേക്ക് അന്വേഷണം നീങ്ങുകയും കുറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

കെവിൻ റിച്ചാർഡ്സൺ (Kevin Richardson), ആൻട്രോൺ മക്ക്രെ (Antron McCray), യൂസഫ് സലാം (Yusef Salaam), റെയ്മണ്ട് സന്റാന (Raymond Santana) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് അന്വേഷിക്കുന്ന ലിസ്റ്റിൽ പേരില്ലെങ്കിലും. യൂസഫിനെ അറസ്റ്റ് ചെയ്യുമ്പോൾ സുഹൃത്തായ കോറി വൈസ് (Korey Wise) ഒപ്പം ചെല്ലുന്നു. ഈസ്റ്റ് ഹാർലെമിലെ (East Harlem) ഷോംബോർഗ് പ്ലാസയിൽ (Schomborg Plaza) നിന്നുള്ള പതിമൂന്ന് മുതൽ പതിനാറു വയസു വരെ മാത്രം പ്രായമുള്ള സ്‌കൂൾ കുട്ടികളായിരുന്നു ഈ അഞ്ചു പേർ. ഹിസ്പാനിക് വംശജനായ സന്റാനയൊഴിച്ച് ബാക്കിയെല്ലാവരും ആഫ്രിക്കൻ-അമേരിക്കൻ വംശജരാണ്. സെൻട്രൽ പാർക്കിൽ തൃഷ മെയ്‌ലിക്ക് എതിരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് അവർ പോലീസുകാരോട് പറയുന്നു. ലിൻഡ ഫെയർസ്‌റ്റെയ്‌നും സംഘവും കൃത്യമായ തെളിവുകൾ ഇല്ലായിരുന്നിട്ടും അവർ തന്നെയാണ് ഈ അക്രമം ചെയ്തത് എന്ന് വരുത്തിത്തീർക്കുന്നു. ആദ്യം കോറി ഒഴികെ ഉള്ള നാലുപേരെ മണിക്കൂറുകളോളം ഭക്ഷണം പോലും കൊടുക്കാതെ ചോദ്യം ചെയ്യുകയും, ചെയ്യാത്ത കുറ്റം സമ്മതിക്കാനായി ഉപദ്രവിക്കുകയും ചെയ്‌ത പോലീസ് ആ കുട്ടികളുടെ രക്ഷിതാക്കളോ അഭിഭാഷകരോ കൂടെ വേണം എന്ന നിയമം പോലും വകവെച്ചില്ല. നിയമവിരുദ്ധമായി ഒത്തുചേർന്നതിനാണ് ആദ്യം ഇവരെ എല്ലാം അറസ്റ്റ് ചെയ്യുന്നത്. പിന്നീട് തൃഷ മെയ്‌ലി കേസിന്റെ അന്വേഷണത്തിൽ അക്രമവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ അഞ്ചു പേരെ പോലീസ് പ്രതികൾ ആക്കുന്നു. എലിസബത്ത് ലെഡറെർ -ആണ് സ്റ്റേറ്റിന് വേണ്ടി ഹാജരാകുന്നത്. ദിവസങ്ങൾ നീണ്ട പ്രത്യേക വിചാരണകൾക്കൊടുവിൽ, ശക്‌തമായ തെളിവുകൾ ഇല്ലാഞ്ഞിട്ടും വിധി പോലീസിന് അനുകൂലമായി വന്നു. പതിനാറ് വയസു തികഞ്ഞ കോറി മുതിർന്നവരുടെ ജയിലിൽ പതിമൂന്നു വർഷവും ബാക്കി നാല് പേർ ജുവനൈൽ തടവിൽ ആറ് മുതൽ ഏഴു വർഷം വരെയും കഴിയേണ്ടി വന്നു. അന്ന് കേസ് വിധിച്ചത് തോമസ് ബി ഗാലിഗൻ (Thomas B Galligan) ആയിരുന്നു. സാധാരണ ലോട്ടറി ഇട്ടാണ് ഓരോ കേസുകളും ഏത് ജഡ്‌ജിന്റെ അടുത്തേക്ക് പോകണം എന്ന് തീരുമാനിക്കപ്പെടുക. എന്നാൽ 'സെൻട്രൽ പാർക്ക് ജോഗർ കേസിൽ' അത് സംഭവിച്ചില്ല. ഈ കേസ് വരെയുള്ള കാലയളവിൽ പത്തിൽ ഒൻപത് തവണയും ഗാലിഗൻ സ്റ്റേറ്റിന് അനുകൂലമായിട്ടാണ് വിധിച്ചത്. ന്യൂയോർക്കിലെ ജയിലുകളിൽ പ്രധാനപ്പെട്ട റൈകേർസ് ഐലൻഡ് (Rikers Island) അറിയപ്പെടുന്നത് തന്നെ ഗാലിഗൻ'സ് ഐലൻഡ് എന്നാണെന്ന് ആൻട്രോന്റെ അഭിഭാഷകനായ മൈക്കൽ ജോസഫ് പറയുന്നുണ്ട്.

"വിശദാംശങ്ങൾ ഒന്നും ആവശ്യം ഇല്ലലോ, കാരണം അങ്ങനെ പ്രത്യേകിച്ച് ഒരു സ്ക്രിപ്റ്റ് ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല. ഈ ടൗണിലെ കൊക്കെയ്‌ന്റെ, തോക്കുകളുടെ, അജ്ഞതയുടെ, അനാസ്ഥയുടെ ഇടങ്ങളിൽ നിന്നാണ് അവർ വരുന്നത്. പൂർവികർ ഇല്ലാത്ത ദേശത്ത് നിന്നാണ് അവർ വരുന്നത്. ദരിദ്രരുടെ വന്യമായ പ്രവിശ്യയിൽ നിന്നാണ് അവർ വരുന്നത്, അവരെ നയിക്കുന്നത് യുവത്വത്തിന്റെ അലയൊലികൾക്കൊപ്പം സംഘടിതമായ അമർഷവും ക്രോധവുമാണ്. അവരുടെയെല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് സിനിമകളിൽ കാണാറുള്ള അക്രമാസക്‌തമായ തെരുവുകളുടെ ചിത്രമാണ്. അവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു: ആക്രമിക്കുക, ഉപദ്രവിക്കുക, മോഷ്ടിക്കുക, ചവിട്ടിവീഴ്ത്തുക, റേപ്പ് ചെയ്യുക..." - സെൻട്രൽ പാർക്ക് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന ഈ വാക്കുകളോടെയാണ് സീരിസിന്റെ രണ്ടാമത്തെ ഭാഗം തുടങ്ങുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ കീഴിൽ നീതിയും ന്യായവും കൃത്യമായി നടപ്പിലാകുമെന്നും അവകാശങ്ങൾ സംരക്ഷിപ്പെടുമെന്നും കരുതുന്നത് മിക്കപ്പോഴും ഒരു വിശ്വാസം മാത്രമായി തുടരുന്നു. കാലവും ചരിത്രവും പക്ഷേ ഈ വിശ്വാസത്തിൽ നിന്ന് ഏറെ വ്യത്യസ്ഥമായ യാഥാർഥ്യത്തെയാണ് പലകുറി കാണിച്ചു തന്നുകൊണ്ടിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട വർഗ്ഗവും അരികുവൽക്കരിക്കപ്പെട്ട ജനതയും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈയിലെ പാവകൾ മാത്രമാകുന്ന കാഴ്ച്ച നമ്മൾ എത്രയോ കണ്ടിരിക്കുന്നു. ചില മനുഷ്യരുടെ ശബ്ദങ്ങൾ പോലും പൊതുസമൂഹം കേട്ടിട്ടുണ്ടാവില്ല. നിയമങ്ങളും അധികാരികളും ചേർന്ന് അവരുടെ വിവേചനബുദ്ധിക്കും അസഹിഷ്‌ണുതയ്ക്കും അനുസരിച്ച് പ്രവർത്തിക്കുമ്പോൾ ഒരു ചരിത്രത്തിലും ഇടം ഇല്ലാത്ത മനുഷ്യരുടെ മുറിവുകൾക്ക് ഏത് വ്യവസ്ഥിതിയാണ് മാപ്പ് ചോദിക്കാൻ തയ്യാറാകുക?

ആഫ്രോ-അമേരിക്കൻ വംശജനായ ഒരു പ്രസിഡന്റ് അധികാരത്തിൽ എത്തി എങ്കിലും സമൂഹത്തിൽ അത് പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കിയോ എന്ന ചോദ്യം ബാക്കിയാണ്.

അടിമത്തം നിർത്തലാക്കാൻ ആഭ്യന്തര യുദ്ധം ചെയ്യേണ്ടി വന്ന, 1965 -ലെ വോട്ടവകാശ നിയമം നിലവിൽ വരുന്നത് വരെ ആഫ്രോ-അമേരിക്കൻ വംശജകർക്ക് വോട്ട് ചെയ്യാൻ പോലും അവകാശമില്ലായിരുന്ന രാജ്യമാണ് അമേരിക്ക. വർണ്ണവിവേചനവും വംശീയ വേർതിരിവും ഇന്നും അമേരിക്കയിൽ നഗ്നമായ യാഥാർഥ്യമാണ്. ഇതിന്റെ പേരിൽ നടക്കുന്ന അവകാശലംഘനങ്ങൾ, നിയമ-വിരുദ്ധ നടപടികൾ, ആക്രമങ്ങൾ, കൊലപാതകങ്ങൾ എല്ലാം വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. ആഫ്രോ-അമേരിക്കൻ വംശജനായ ഒരു പ്രസിഡന്റ് അധികാരത്തിൽ എത്തി എങ്കിലും സമൂഹത്തിൽ അത് പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കിയോ എന്ന ചോദ്യം ബാക്കിയാണ്. അമേരിക്കയിൽ തീവ്ര വലതുപക്ഷത്തിനും അവരുടെ വംശീയവിദ്വേഷ-കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾക്കും സമീപ കാലത്ത് ലഭിക്കുന്ന ജനപിന്തുണ ട്രംപ് അടക്കമുള്ള ഒരുപാട് പേരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കും എന്നതിൽ സംശയം ഇല്ല. ഗുരുതരമായ ഒരു ഘട്ടത്തിലേക്കാണ് അമേരിക്കൻ രാഷ്ട്രീയം നീങ്ങികൊണ്ടിരിക്കുന്നത്.

ഹാർലെമിലുള്ള അബിസ്സീനിൻ ബാപ്റ്റിസ്റ്റ് പള്ളിയിലെ റെവറണ്ട് കാൽവിൻ ഓ. ബട്ട്സ് (Reverend Calvin O Butts) 1989 -ൽ സെൻട്രൽ പാർക്ക് ജോഗർ കേസിൽ കുറ്റാരോപിതരായ അഞ്ചു പേർക്കും പിന്തുണ അറിയിച്ച് കൊണ്ട് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞ വാക്കുകൾ പ്രസക്‌തമാണ്; "വെള്ളക്കാരിയായ ഒരു സ്ത്രീ അമേരിക്കയിൽ അക്രമിക്കപെടുകയാണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ആദ്യത്തെ കാര്യം, ആഫ്രിക്കൻ-അമേരിക്കൻ വംശജരായ കുറച്ച് ചെറുപ്പക്കാരെ വളഞ്ഞു പിടിക്കുക എന്നതാണ്." ഈ കേസിൽ പോലീസ് ചെയ്‌തതും അത് മാത്രമാണ്. ഈ സംഭവം നടക്കുന്നത് ദിവസങ്ങൾക്ക് മുന്നേ സമാനമായ അക്രമം നടന്നിരുന്നു. പിന്നീടും പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ തൃഷ മെയ്‌ലിക്ക് എതിരെ അക്രമം നടക്കുമ്പോൾ സെൻട്രൽ പാർക്കിൽ ആഫ്രിക്കൻ-അമേരിക്കൻ, ഹിസ്പാനിക് വംശജരായ കുറച്ച് ചെറുപ്പക്കാരുണ്ടായിരുന്നത് കൊണ്ട് വേറെ ഒരു വഴിക്കും അന്വേഷണം നടന്നില്ല. പല മുറികളിൽ ഇരുത്തിയാണ് അഞ്ചു പേരെയും ചോദ്യം ചെയ്‌തത്‌. പിന്നീട് കണ്ടുമുട്ടുമ്പോൾ അവർക്ക് മനസിലാകുന്നു തങ്ങളെ കൊണ്ട് പച്ചക്കള്ളമാണ് പറയിപ്പിച്ചിരിക്കുന്നത് എന്ന്. "അവർ നമ്മളെ കൊണ്ട് അസത്യങ്ങൾ പറയിപ്പിക്കുകയായിരുന്നു അല്ലെ?" എന്ന് യൂസഫ് ചോദിക്കുന്ന രംഗവും, ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ ക്ലയർ മഗ്വയർ -ന്റെ "യൂ ലെഫ്റ്റ് മീ ഇൻ ദി ഫാളിങ് ലീവ്‌സ്" എന്ന പാട്ടു മുഴങ്ങി കേൾക്കുന്ന നിമിഷങ്ങളും ഹൃദയഭേദകമാണ്. സീരിസിന്റെ ആദ്യ ഭാഗത്തിൽ മനുഷ്യത്വമില്ലാത്ത പെരുമാറുന്ന അധികാരികളെയും വിവേചനത്തിന് വിളക്കുപിടിക്കുന്ന വ്യവസ്ഥിതിയെയും നമ്മൾ കാണുമ്പോൾ, രണ്ടാം ഭാഗത്തിൽ അധികാരണശ്രേണിയുടെ താഴെക്കിടയിൽ പെട്ടവർ ആയതു കൊണ്ട് നീതി നിഷേധിക്കപ്പെടുന്ന അഞ്ചു പേരിലൂടെ അമേരിക്കൻ സമൂഹത്തിലെ വർഗ്ഗവിവേചനവും വംശീയതയുടെ ക്രൂരമായ രാഷ്ട്രീയമുഖവും നമ്മൾ വേർതിരിച്ചു അറിയുന്നുണ്ട്.

Atsushi Nishijima/Netflix

പല ജയിലുകളിലായി കോറി അനുഭവിക്കുന്ന ദുരിതങ്ങൾ, മാനസിക വിഭ്രാന്തികൾ, ആന്തരിക സമ്മർദങ്ങൾ എല്ലാം നാലാമത്തെ ഭാഗത്തിൽ അവതരിപ്പിക്കുമ്പോൾ, ജീവിതത്തിലേക്ക് തിരിച്ചു മടങ്ങാൻ കഷ്ടപ്പെടുന്ന റെയ്മണ്ട്, കെവിൻ, യൂസഫ്, ആൻട്രോൺ എന്നിവരെ മൂന്നാം ഭാഗത്തിൽ നമ്മൾ കാണുകയാണ്. കോറിയൊഴികെയുള്ള നാല് പേരും അവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്നു. എന്നാൽ അവരുടെ ഭൂതകാലം അവരെ വേട്ടയാടുകയാണ്. ജയിൽജീവിതാനന്തരം ഒരു ജോലി കിട്ടാനോ, പുതിയ ബന്ധങ്ങൾ തുടങ്ങാനോ ഒക്കെ അവർ കഷ്ടപ്പെടുകയാണ്. കുടുംബ ബന്ധങ്ങളിൽ പോലും അവർ പലപ്പോഴും ഒറ്റപെടലുകൾ അനുഭവിക്കുന്നുണ്ട്. റെയ്മണ്ട് ലഹരിയിലേക്ക് തിരിയേണ്ടി വരുന്നതൊക്കെ നമ്മൾ കാണുന്നുണ്ട്. മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മാറ്റിയസ് റെഎസ് (Matias Reyes) എന്ന 'സീരിയൽ കില്ലർ', താനാണ് സെൻട്രൽ പാർക്കിലെ ആക്രമണത്തിന് പിന്നിൽ എന്ന് കുറ്റസമ്മതം നടത്തുകയും ഡി.എൻ.എ പരിശോധനയിൽ അത് തെളിയുകയും ചെയ്യുന്നു. തുടർന്ന് 2002 -ലാണ് സെൻട്രൽ പാർക്ക് ജോഗർ കേസിൽ ശിക്ഷിക്കപ്പെട്ട അഞ്ചു പേരെയും പൂർണമായും കുറ്റവിമുക്തർ ആക്കുന്നത്. കോറി പുറം ലോകം കാണുന്നത് അപ്പോഴാണ്. പിന്നീട് ഇവർ നാല് പേരും ഒന്നിച്ചു നിൽക്കുന്ന കാഴ്ച്ചയോടെ സീരീസ് അവസാനിക്കുകയാണ്.

സെൻട്രൽ പാർക്ക് ജോഗർ കേസും അതിന്റെ കുറ്റവിചാരണയും പൊതുസമൂഹത്തിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമായിരുന്നില്ല. അക്കാലയളവിലെ മറ്റു കേസുകളേക്കാൾ ജനശ്രദ്ധ ഈ കേസിനു ലഭിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഡൊണാൾഡ് ട്രംപ് എന്ന റിയൽ എസ്റ്റേറ്റ് മുതലാളി ആയിരുന്നു. 85,000 യു.എസ് ഡോളർ മുടക്കി ന്യൂയോർക്ക് ടൈംസ്, ഡെയിലി ന്യൂസ് അടക്കമുള്ള ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ പത്രങ്ങളിൽ ട്രംപ് തന്റെ പേരെഴുതി ഒപ്പിട്ട ഒരു പരസ്യം പ്രസിദ്ധീകരിച്ചു. "വധശിക്ഷ തിരിച്ചു കൊണ്ട് വരൂ" (Bring back Death Penalty) എന്നായിരുന്നു ആ കുറിപ്പിന്റെ തലക്കെട്ട്. "ഈ പെൺകുട്ടിയെ ക്രൂരമായി റേപ്പ് ചെയ്‌ത ഇവരെ ഞാൻ അങ്ങേയറ്റം വെറുക്കുന്നു എന്ന് തന്നെ നിങ്ങൾ വിശ്വസിക്കുക" എന്നാണ് ട്രംപ് ആ പരസ്യത്തിൽ എഴുതിയത്. അതുമാത്രമല്ല കുറ്റാരോപിതർ മാത്രമായ ആ അഞ്ചു പേരെ 'വധശിക്ഷയ്ക്ക് വിധിക്കണം' എന്നും ട്രംപ് അഭിപ്രായപ്പെട്ടു. യൂസഫിന്റെ അമ്മയായ ഷാരോണിനോട് ഒരു മാധ്യമപ്രവർത്തക ട്രംപ് പറഞ്ഞതിനെ കുറിച്ച് ചോദിക്കുമ്പോൾ അവർ പൊട്ടിത്തെറിക്കുന്ന ഒരു രംഗം സീരിസിലുണ്ട്. 2002 -ൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട അഞ്ചു പേരെയും കുറ്റവിമുക്‌തരാക്കി വെറുതെ വിട്ടപ്പോൾ ട്രംപ് ടവറിനു മുന്നിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. 2002 -ൽ അഞ്ചു പേരും ചേർന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ന്യൂയോർക് സ്റ്റേറ്റ് -നു എതിരെ കേസ് നൽകിയിരുന്നു. ഒരു ദശാബ്‌ദമെടുത്തു എങ്കിലും സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുതീർപ്പിലൂടെ 41 മില്യൺ ഡോളർ ആണ് നഷ്ടപരിഹാരമായി നൽകപ്പെട്ടത്. ഇതിനെതിരെ ട്രംപ് ന്യൂയോർക്ക് ഡെയിലി ന്യൂസിൽ (New York Daily News) എഴുതിയത്, "ഈ കേസ് അന്വേഷിച്ച പോലീസുകാരോട് സംസാരിക്കുക, അവർ പറയുന്ന വസ്‌തുതകൾ കേട്ട് മനസിലാക്കുക. ഈ യുവാക്കൾക്ക് മാലാഖമാരുടെ ഭൂതകാലം ഒന്നുമല്ല ഉണ്ടായിരുന്നത്". 2016 -ൽ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപ് പറഞ്ഞത്, "സെൻട്രൽ പാർക്ക് ഫൈവ് കുറ്റക്കാരാണ്, അവരെ പൂർണമായും കുറ്റവിമുക്‌തരാക്കാൻ പാടില്ലായിരുന്നു" എന്നാണ്. ഗാർഡിയന് (The Guardian) നൽകിയ അഭിമുഖത്തിൽ യൂസഫ് സലാം ചോദിക്കുന്നുണ്ട്, "ഞങ്ങൾ ഒരുപക്ഷേ വെളുത്ത നിറമുള്ളവർ ആയിരുന്നുവെങ്കിൽ അന്ന് (1989 -ൽ) ട്രംപ് അങ്ങനെ ഒക്കെ പേപ്പറിൽ എഴുത്തുമായിരുന്നോ?". യൂസഫ് പറയുന്നു, "ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി കഴിഞ്ഞാൽ ഈ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? അത് ഭയപ്പെടുത്തുന്ന കാര്യമാണ്. വളരെയധികം ഭയപ്പെടുത്തുന്ന കാര്യമാണ് അത്".

ട്രംപ് ഭരണകൂടം നാല് വർഷം പിന്നിടുമ്പോഴേക്കും അമേരിക്ക അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വംശീയ വിദ്വേഷവും വെറുപ്പും അസഹിഷ്‌ണുതയും അക്രമങ്ങളും അമേരിക്കൻ സമൂഹത്തിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുന്നു.

'വെൻ ദേ സീ അസ്' -ന്റെ മികവുകളിൽ എടുത്തു പറയേണ്ടത് സ്‌പെൻസർ ആവെറിക്കിന്റെ (Spencer Averick) എഡിറ്റിംഗ് -നെ കുറിച്ചാണ്. കുറ്റവിചാരണയുടെ തീവ്രതയെയും, കോറിയുടെ ആന്തരിക സംഘർഷങ്ങളെയും സീരിസിന്റെ രണ്ടാമത്തെയും നാലാമത്തെയും ഭാഗങ്ങളിൽ മികച്ച രീതിയിൽ ആവെറിക്ക് സമന്വയിപ്പിച്ചിട്ടുണ്ട്. 'ഗ്രീൻ ബുക്ക്' (Green Book) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്രിസ് ബൊവെർസിന്റെ (Kris Bowers) പശ്ചാത്തല സംഗീതവും മികച്ച അനുഭവമായിരുന്നു. 'സെൽമ' (Selma), 'അറൈവൽ' (Arrival) എന്നീ സിനിമകളുടെ ക്യാമെറയ്ക്ക് പിന്നിലുണ്ടായിരുന്ന ബ്രാഡ്‌ഫോർഡ് യങ്ങ് (Bradford Young) എന്ന ഛായാഗ്രാഹകൻ 'ലോ ലൈറ്റ്' -ൽ (low-light) എൺപതുകളിലെയും തൊണ്ണൂറുകളിലെയും ന്യൂയോർക്കിനെ പുനരാവിഷ്കരിക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. 'വെൻ ദേ സീ അസ്' -ലെ നിറങ്ങൾ എല്ലാം നിരാശകളുടെയും പ്രതീക്ഷകളുടെയും ഇടയിലൂടെ പലപ്പോഴായി ഒഴുകി നടക്കുന്നുണ്ട്. അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ പതിയുന്നുണ്ട്. മുൻപ് 'മൂൺലൈറ്റ്' എന്ന സിനിമയിൽ കെവിന്റെ കൗമാരകാലം അവതരിപ്പിച്ച ജറേൽ ജെറോം (Jharrel Jerome), കോറി വൈസ് എന്ന കഥാപാത്രമായി അവിസ്‌മരണീയ പ്രകടനമാണ് നടത്തുന്നത്. കുറ്റവിചാരണ സമയത്ത് ഒരു കൗമാരക്കാരന്റെ കണ്ണുകളിൽ തെളിയുന്ന നിസ്സഹായതയും അമർഷവും ജെറോം ഗംഭീരമായി അവതരിപ്പിക്കുന്നുണ്ട്. പിന്നീട് 'മാർസി' മരിച്ച വാർത്ത അറിയുമ്പോഴും, കുറ്റവിമുക്തനാക്കാൻ പോകുന്നു എന്നറിയുമ്പോഴും ജെറോം സ്വാഭാവികമായ ഭാവങ്ങളിലൂടെ അത്ഭുതപെടുത്തുന്നുണ്ട്. ഈ മികവിനാണ് ലിമിറ്റഡ് സീരീസ്/മൂവീസ് വിഭാഗത്തിൽ മികച്ച നടനുള്ള എമ്മി പുരസ്‌കാരം ജെറോമിനെ തേടിയെത്തിയത്.

മാർട്ടിൻ ലൂതർ കിംഗ് ജൂനിയറുടെ ജീവിതത്തെ അടിസ്ഥാമാക്കി പുറത്തു വന്ന 'സെൽമ' (Selma) എന്ന സിനിമയിലൂടെയാണ് ഏവ ഡുവെർണെ (Ava DuVernay) ശ്രദ്ധിക്കപ്പെടുന്ന സംവിധായകരിൽ ഒരാളായി മാറുന്നത്. 'ഐ വിൽ ഫോള്ളോ' (I Will Follow), 'മിഡിൽ ഓഫ് നോവെയർ' (Middle of Nowhere) എന്നീ സിനിമകൾ അതിനു മുൻപ് ചെയ്‌തിരുന്നു. സമൂഹത്തിൽ ഇന്നും മുറിച്ചുമാറ്റപ്പെട്ടിട്ടില്ലാത്ത അടിമത്വത്തിന്റെ വേരുകൾ തിരയുന്ന '13th' എന്ന ഡോക്യുമെന്ററി ചിത്രം ഒരുപാട് ചർച്ചചെയ്യപ്പടുകയും ഓസ്‌കാർ നാമനിർദേശം നേടുകയും ചെയ്‌തിരുന്നു. 'ക്വീൻ ഷുഗർ' (Queen Sugar), 'ചെരിഷ് ദി ഡേ' (Cherish the Day) എന്നീ സീരീസുകളുടെ പിന്നിലും ഡുവെർണെ ആയിരുന്നു. 'വെൻ ദേ സീ അസ്' -ൽ എത്തിനിൽക്കുമ്പോൾ ഏവ ഡുവെർണെ ഒരു ജനതയുടെ പ്രതീക്ഷയായി മാറുകയാണ്. സെൻട്രൽ പാർക്ക് ജോഗർ കേസിനെ അടിസ്ഥാനമാക്കി കെൻ ബൺസും സാറ ബൺസും സംവിധാനം ചെയ്‌ത 'ദി സെൻട്രൽ പാർക്ക് ഫൈവ്' എന്ന ഡോക്യുമെന്ററി ചിതം 2012 -ൽ പുറത്തു വന്നിരുന്നു. എന്തുകൊണ്ട് 'സെൻട്രൽ പാർക്ക് ഫൈവ്' (Central Park Five) എന്ന പേര് സ്വീകരിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ ഓപ്ര വിൻഫ്രി ചോദിക്കുമ്പോൾ, "കെവിൻ, ആൻട്രോൺ, യൂസഫ്, കോറി, റെയ്മണ്ട് എന്ന് പറയാൻ ആണ് ഇഷ്‌ടം എന്നും, സെൻട്രൽ പാർക്ക് ഫൈവ് എന്ന് പറയുമ്പോൾ അവരുടെ മനുഷ്യൻ എന്ന അടയാളം നഷ്ടപെടുകയാണെന്നും അവരുടെ സ്വതം ഇല്ലാതാകുകയാണെന്നും" ഏവ മറുപടി പറഞ്ഞു. അത്രക്കും വ്യക്തമാണ് അവരുടെ രാഷ്ട്രീയം. 'വെൻ ദേ സീ അസ്' -ലൂടെ ഏവ പറയുന്നത് ആ അഞ്ചു പേരുടെയും അവരുടെ കുടുംബത്തിന്റെ സ്വകാര്യ അനുഭവങ്ങളും, പോരാട്ടങ്ങളും, ഓർമ്മകളുമാണ്. അവരുടെ വേദനകളാണ് നമ്മൾ അനുഭവിച്ചറിയുന്നത്. അത് അങ്ങനെ തന്നെ വേണം എന്ന് ഏവക്ക് നിർബന്ധം ഉണ്ടായിരുന്നു. കാഴ്ച്ചക്കാരെ വൈകാരികമായി സ്പർശിക്കുന്നത് മനുഷ്യരിലൂന്നിയുള്ള ഈ കഥാഖ്യാനരീതി തന്നെയാണ്. മുപ്പതു വർഷത്തിനിപ്പുറം യാഥാർഥ്യങ്ങൾ കൂടുതൽ ഭയപെടുത്തുകയാണ്, അങ്ങനെ ഒരു കാലഘട്ടത്തിൽ 'വെൻ ദേ സീ അസ്' എന്ന ഓർമ്മപെടുത്തലിനു ഏവ കയ്യടി അർഹിക്കുന്നുണ്ട്. പ്രൈംടൈം എമ്മി പുരസ്‌കാരങ്ങളിൽ 16 നാമനിർദേശങ്ങളും, മികച്ച ലിമിറ്റഡ് സീരിസിനുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും 'വെൻ ദേ സീ അസ്' -നെ തേടിയെത്തി.

ട്രംപ് ഭരണകൂടം നാല് വർഷം പിന്നിടുമ്പോഴേക്കും അമേരിക്ക അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വംശീയ വിദ്വേഷവും വെറുപ്പും അസഹിഷ്‌ണുതയും അക്രമങ്ങളും അമേരിക്കൻ സമൂഹത്തിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുന്നു. ഷാർലട്സ്വില്ലിൽ (Charlottesville) ആദ്യം മുഴങ്ങിയ അപായമണികൾ ഇപ്പോൾ മിനിയപോളിസ് (Minneapolis) -ലെ ആളിക്കത്തുന്ന പ്രക്ഷോഭങ്ങൾ വരെ എത്തിനിൽക്കുകയാണ്. "എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല" എന്ന ജോർജ് ഫ്‌ലോയിഡിന്റെ വാക്കുകൾ തലമുറകളായി ഒരു മനുഷ്യ സമൂഹം അനുഭവിക്കുന്ന അടിച്ചമർത്തലിന്റെ ശബ്‌ദമാണ്. ജോർജിയയിൽ വെടിയേറ്റ അഹ്മൂദ് അർബെറിയും, സെൻട്രൽ പാർക്കിൽ ക്രിസ്റ്റിയൻ കൂപ്പർക്ക് നേരിടേണ്ടി വന്ന ദുരനുഭവവും സമൂഹത്തിന്റെ മുന്നിൽ തന്നെയുണ്ട്. വിവേചനങ്ങളുടെയും വിദ്വേഷത്തിന്റെയും കാലത്ത് കലയും, സംഗീതവും, സിനിമയും സാഹിത്യവും പ്രതിരോധം തീർക്കും. 'വെൻ ദേ സീ അസ്' ചെയ്യുന്നത് അത് തന്നെയാണ്. ഒരു വിഭാഗം മനുഷ്യർക്ക് അവരുടെ ജീവിതത്തിലും ചരിത്രത്തിലും നിഷേധിക്കപ്പെട്ട ശബ്‌ദത്തിന്റെ വീണ്ടെടുപ്പാണ് ഈ പുനരാഖ്യാനങ്ങൾ. അങ്ങനെ നോക്കുമ്പോൾ, ഇത്തരത്തിലുള്ള സിനിമകൾ, സീരീസുകൾ ഒക്കെ ഇനിയും ഉണ്ടാകണം. നമ്മൾ കേൾക്കാത്ത, അറിയാത്ത, നമ്മളിലേക്കെത്താത്ത ഒരുപാട് മനുഷ്യരുടെ ജീവിതവും കഥകളും ലോകം കണ്ടറിയണം.

ജെയിംസ് ബാൾഡ്വിൻ ഒരിക്കൽ എഴുതിയത് ഇങ്ങനെ, "It is certain, in any case, that ignorance, allied with power, is the most ferocious enemy justice can have". ഭൂമിയിലെ ശത്രുക്കളെ പേടിച്ച് നീതി ഇപ്പോഴും അന്യഗ്രഹത്തിൽ വാടകയ്ക്ക് കഴിയുകയാണ് എന്ന് മാത്രം...!

No stories found.
The Cue
www.thecue.in