പലായനങ്ങളിലെ മനുഷ്യര്‍

പലായനങ്ങളിലെ മനുഷ്യര്‍

പേരില്ലാത്ത, പേരറിയാത്ത ആ മനുഷ്യന്‍/അഛന്‍/ തൊഴിലാളി/ദളിതന്‍ ആര്‍ക്കു നേരെയായിരിക്കും തോക്കു ചൂണ്ടിയിരിക്കുക...?

ആധാറില്ലാത്തതിനാല്‍ കിടപ്പാടം നിഷേധിച്ചവര്‍ക്കു നേരെ ?

ചെയ്യാത്ത മോഷണക്കുറ്റം തന്റെ മേല്‍ ചാര്‍ത്താന്‍ വെമ്പിയ സ്റ്റേറ്റിനെതിരെ? പോലീസിനെതിരെ? അതോ നമുക്കു തന്നെ നേരെയോ?

നിങ്ങടെ ഭൂമിയില്‍, അസമത്വത്തിന്റെ സൂക്ഷ്മാണുക്കള്‍ പടര്‍ന്ന വേലികള്‍ക്കിടയില്‍ ഞങ്ങള്‍ നട്ടും നനച്ചും വളര്‍ത്തിയ പൂക്കള്‍ ഞങ്ങളുടേതല്ലെന്ന് പറഞ്ഞ അനേകം ജമീന്ദാര്‍മാര്‍ക്കെതിരെയോ?

ഡോ. ബിജുകുമാര്‍ ദാമോദരന്റെ പുതിയ ചിത്രം 'വെയില്‍മരങ്ങള്‍' നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ഷാങ്ങ്ഹായ് ചലച്ചിത്രമേളയില്‍ അടക്കം പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്ത ചിത്രമാണ്. ഒരു വാതിലില്‍ നിന്ന് തിരിച്ചു കയറാന്‍ പറ്റാതെ പുറത്തിറങ്ങി പലായനങ്ങള്‍ തുടരുന്ന മനുഷ്യരുടെ വ്യഥകളാണ് ഡോ. ബിജു ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ജാതിയുടെ പ്രവര്‍ത്തനത്തെ, അത് നിര്‍മ്മിക്കുന്ന അസമത്വത്തെ അടയാളപെടുത്തുന്ന ചിത്രങ്ങള്‍ ഏറെ കുറവാണ്. ഡോ. ബിജു തന്റെ നിലപാടുതറകളില്‍ നിരന്തരം കീഴാളര്‍ നേരിടുന്ന അനീതികള്‍ക്കെതിരെ നിരന്തരമായി സംസാരിക്കുന്നയാളാണ്. സിനിമക്കകത്തും പുറത്തുമുള്ള അസമത്വങ്ങളെക്കുറിച്ച്, പുറത്താക്കലുകളെക്കുറിച്ച് ഭയമേതുമില്ലാതെ തുറന്നെഴുതുകയും പറയുകയും ചെയ്യുന്ന ചലച്ചിത്രകാരനാണ്. ഈ ജാഗ്രത ഏറ്റവും കൂടുതല്‍ ഉള്‍ച്ചേര്‍ത്ത അദ്ദേഹത്തിന്റെ ചിത്രമായിരുന്നു സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'പേരറിയാത്തവര്‍'. ആ ചിത്രത്തിന്റെ യാത്രാ തുടര്‍ച്ച കൂടിയാണ് 'വെയില്‍ മരങ്ങള്‍'..

ജാതിയോ മതമോ ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അങ്ങനെയാവുമ്പോള്‍ തന്നെ, ഒരാളുടെ ഇഛയ്ക്ക് പുറത്ത് സംഭവിക്കുന്ന ഒന്നിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന അനീതിയെ പറ്റി നമ്മള്‍ സംസാരിക്കേണ്ട കാലമാണിത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും പൗരത്വ രജിസ്റ്ററിന്റെയും ഉദ്ദേശ്യലക്ഷ്യം ഒരു 'എത്‌നിക് ക്ലെന്‍സിംഗ്‌' ആണെന്നിരിക്കെ വ്യക്തിയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പിന് പുറത്ത് മതം പോലെ, ജാതി പോലെയുള്ള ഘടകങ്ങള്‍ കൊണ്ട് പുറത്താക്കപ്പെടുന്ന മനുഷ്യരുടെ സംഘര്‍ഷങ്ങളുടെ അളവ് എത്ര വലുതായിരിക്കും!

ഈ സംഘര്‍ഷങ്ങളെ കേള്‍ക്കുകയും അത് പ്രേക്ഷകരെ അനുഭവിപ്പിക്കുകയും ചെയ്തിടത്താണ് 'വെയില്‍ മരങ്ങള്‍'ക്ക് ഈ കാലത്ത് പ്രസക്തി എന്ന് കരുതുന്നു.

പേരറിയാത്ത ഒരു അഛന്‍(ഇന്ദ്രന്‍സ്), അമ്മ(സരിത) അവര്‍ അച്ചു (മാസ്റ്റര്‍ ഗോവര്‍ധന്‍) എന്ന് വിളിക്കുന്ന അവരുടെ മകന്‍. അവരുടെ തുടരുന്ന കൂടു വിട്ടു കൂടുമാറലിന്റെ സാമൂഹിക/രാഷ്ട്രീയ പശ്ചാത്തലമാണ് വെയില്‍മരങ്ങള്‍. 'നമ്മളെങ്ങോട്ടു പോവും അഛാ...?' എന്ന മകന്റെ ചോദ്യത്തിന് ദേശാടനക്കിളികളെ പോലൊരു ജീവിതമാണ് നമ്മുടേതെന്ന മറുപടിയിലേക്കത്തുന്ന സാമൂഹ്യ സാഹചര്യത്തിന്റെ വിശകലനമാണ് ഈ ചിത്രം.

പലായനങ്ങളിലെ മനുഷ്യര്‍
ഇന്ദ്രന്‍സ് നായകനായ ഡോ ബിജു ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം, ഷാങ്ഹായ് മേളയില്‍ തിളങ്ങി വെയില്‍മരങ്ങള്‍

നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത മറാത്തി ഹ്രസ്വചിത്രം 'An essay about the Rain' അവസാനിക്കുന്നത് മഴയെക്കുറിച്ച് ഉപന്യാസം എഴുതാന്‍ സാധിക്കാതെ പുറത്തു നിര്‍ത്തപ്പെടുന്ന ഒരു കുട്ടിയിലാണ്. ആ ദൃശ്യം പുറകിലോട്ടു വരുമ്പോള്‍ അവന്‍ പുറത്താക്കപ്പെട്ട ക്ലാസിന്റെ പുറം ചുവരില്‍ സവര്‍ക്കറുടെ ചിത്രം വരച്ചു വെച്ചിരിക്കുന്നു. ദൃശ്യം കൂടുതല്‍ പുറകോട്ടു വരുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഒരു ക്ലാസ് മുറിയുടെ പുറത്ത് ഡോ. ബാബാ സാഹേബ് അംബേദ്കറുടെ ചിത്രവും ഇരിയ്ക്കുന്നു. തലേന്നാള്‍ മുഴുവന്‍ തന്റെ ചോര്‍ന്നൊലിയ്ക്കുന്ന വീടിനെ മഴയില്‍ നിന്ന്, അതുണ്ടാക്കുന്ന വെള്ളക്കെട്ടില്‍ നിന്ന് രക്ഷിക്കാന്‍ പാടു പെട്ടതിനാലാണ്, മഴയുടെ സൗന്ദര്യത്തെ വാഴ്ത്തി പാടിക്കൊണ്ട് തന്റെ കൂട്ടുകാരെഴുതിയ പോലെ ഒരു ഉപന്യാസം അവന് എഴുതാന്‍ സാധിക്കാതെ പോയത്. മഹാരാഷ്ട്രയിലെ വെള്ളം കയറുന്ന ആ പുരയില്‍ നിന്ന് വെയില്‍ മരങ്ങളിലെ, മണ്‍റോ തുരുത്തിലെ ആ വീട്ടിലേക്ക് ഒട്ടും ദൂരമില്ല. ആഞ്ഞു പെയ്യുന്ന ഒരു ഭീകര മഴയുടെ ദൃശ്യം നമുക്ക് പകര്‍ത്തി തരുന്നുണ്ട് ഡോ.ബിജു. അതില്‍ തകര്‍ന്നു പോവുന്ന ജീവിതങ്ങളുടെ വ്യഥയും.

മഴയുടെ സൗന്ദര്യം പകര്‍ത്തി മധ്യവര്‍ഗത്തെ സന്തോഷിപ്പിച്ച് തിയറ്റര്‍ വിടുവിക്കുന്നവരില്‍ നിന്ന് ക്ലാസില്‍ നിന്ന് പുറത്തായ ആ കുട്ടിയാണ് ഡോ. ബിജുവും അദ്ദേഹത്തിന്റെ ഈ ചിത്രവും. ഒരു മധ്യവര്‍ഗ ലാളനകള്‍ക്കും വേണ്ടി സവര്‍ക്കറുടെ രീതിശാസ്ത്രങ്ങള്‍ക്ക് കുട പിടിക്കുകയല്ല, മറിച്ച് ഉപേക്ഷിക്കപ്പെട്ട അംബേദ്കറിനെ വെളിച്ചപെടുത്തുക കൂടിയാണ് സംവിധായകന്‍ ചെയ്യുന്നത്.

അതി ശക്തമായ മഴയില്‍ തകര്‍ന്ന, വെള്ളത്തിനടിയിലായ വീട്ടില്‍ നിന്ന് ക്യാമ്പിലെത്തുമ്പോള്‍ പേരറിയാത്ത നായകന്‍ കേള്‍ക്കുന്നത് ആധാര്‍ കാര്‍ഡില്ലെങ്കില്‍ വീട് കിട്ടില്ല എന്നാണ്. അധ്വാനിച്ച് ജീവിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ സമൂഹം അവനെ മോഷ്ടാവാക്കുന്നു. ദളിതരെ കുറ്റാരോപിതരാക്കാന്‍ അധീശ വര്‍ഗത്തിന് എന്നും വലിയ ഉത്സാഹമാണല്ലോ. പൂതനും തിറയും എണ്ണത്തില്‍ കൂടുന്നത് അത് കെട്ടുന്നവര്‍ തങ്ങളുടെ ജാതി സ്വത്വം വെളിപെടുത്താനാണ് എന്നൊക്കെ സൈദ്ധാന്തികമായി കുറ്റപ്പെടുത്തുന്നവര്‍ക്കിടയില്‍, ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരുവനെ കള്ളനാക്കാന്‍ കിട്ടുന്ന ഒരവസരവും നമ്മുടേത് പോലൊരു സമൂഹം പാഴാക്കുകയില്ലല്ലോ. ബസില്‍ വച്ച് ഒരാളുടെ പേഴ്‌സ് കാണാതാവുന്നത്, അത് പിന്നില്‍ നില്‍ക്കുന്ന ദളിതനായ ഒരാള്‍ എടുത്തു എന്ന് ഒരാള്‍ക്കൂട്ടം കരുതുന്നത്, അതിന്റെ പേരിലയാളെ മര്‍ദ്ദിക്കുന്നത്, അംബേദ്കറിന്റെ ഛായാചിത്രത്തിനു മുന്നില്‍ മേശയിലേക്കു കാല്‍ നീട്ടി ഇരിക്കുന്ന സുരേന്ദ്രന്‍ പിള്ള എന്ന സ്റ്റേറ്റ്( പോലീസ്) അയാളെ കുറ്റക്കാരനെന്നു വിധിക്കുന്നത്. ഇത്രയും സംഭവങ്ങളില്‍ നമുക്ക് അനീതിയുടെ ജാതി തിരിവുകള്‍ കാണാന്‍ സാധിക്കും. അതനുഭവിക്കുന്ന ഒരാള്‍ക്ക് ആ ഇടം തന്റേതല്ലെന്ന് കരുതി ഓടി പോവുകയല്ലാതെ മറ്റെന്ത് മാര്‍ഗം. ജാതി പോലെ പലായനവും ഒരു തിരഞ്ഞെടുപ്പല്ലാതാവുന്നു. എന്നാല്‍ അവ തമ്മിലുള്ള ബന്ധം പ്രത്യക്ഷവുമാണ്.

ആ കുടുംബം അങ്ങനെ ചേക്കേറുന്നത് ഹിമാചല്‍ പ്രദേശിലേക്കാണ്. ഒരു ജമീന്ദാറിന്റെ ആപ്പിള്‍ തോട്ടത്തില്‍ കാവല്‍ ജോലിക്ക്. കൗതുകമുള്ളൊരു ഉള്‍പെടുത്തല്‍ നടത്തിയിട്ടുണ്ട് ഇവിടെ സംവിധായകന്‍. ടൂറിസം മാപ്പില്‍ കേരളത്തിന്റെ പ്രത്യേകത മഴയും കായലുമാണ്. അതാസ്വദിക്കാനാണ് സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. ഹിമാചലിലാവട്ടെ മഞ്ഞാണ് ആകര്‍ഷക ഘടകം. ഇതൊക്കെ ഒരു മധ്യവര്‍ഗ ആസ്വാദനമാണെന്നിരിക്കെ മഴയും മഞ്ഞും അടിസ്ഥാന മനുഷ്യന്റെ ജീവിതത്തെ എവ്വിധം ദുസ്സഹമാക്കുന്നെന്ന് പറയുക കൂടിയാണ് സംവിധായകന്‍. മഴയും മഞ്ഞും അതിന്റെ ദൃശ്യ സൗന്ദര്യത്തിനപ്പുറത്ത്, ആ പശ്ചാത്തലത്തില്‍ അതിജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ സംഘര്‍ഷഭരിതമായ ജീവിതങ്ങളിലേക്കും സംവിധായകന്‍ ചെല്ലുന്നു. ഒരു പരിസരത്തിനെ കഥയോടിത്ര മേല്‍ ഇണക്കുന്ന ആഖ്യാന ശൈലി സമീപകാലത്ത് വന്നിട്ടില്ലെന്ന് തന്നെ പറയാം. ദുസ്സഹമായ സാഹചര്യത്തോട് മല്ലിടുമ്പോഴും, ആ ഇടവും അവരുടേതല്ലാതാവുന്നു. തങ്ങള്‍ നോക്കി വളര്‍ത്തിയ ആട്ടിന്‍കുട്ടി പോലും തട്ടിപറിച്ചെടുക്കുന്ന ജമീന്ദാര്‍ അവരെ അവിടെ നിന്നും ഇറക്കിവിടുന്നു. പലായനത്തിന്റെ പുതിയ ഒരു വാതില്‍ കൂടി അവര്‍ക്കു മുന്നില്‍ തുറക്കുന്നു. ഇതിനൊരവസാനമില്ലെന്ന് അടിവരയിട്ടു കൊണ്ടു തന്നെ.

നിലപാടുകള്‍ കൊണ്ട്, തന്റെ ചലച്ചിത്ര ഇടപെടല്‍ കൊണ്ട് മലയാള സിനിമയെ അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ച സംവിധായകനാണ് ഡോ. ബിജു. ഈ ചിത്രം ഏറ്റെടുക്കുക എന്നത് ഒരു തരത്തിലൊരു ധാര്‍മികത കൂടിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ ആദ്യ പേരിലൊന്ന് വെയില്‍ മരങ്ങളുടേതു തന്നെയാണ്. ഇന്ദ്രന്‍സ് എന്ന അതുല്യനായ പ്രതിഭയുടെ കയ്യടക്കമുള്ള പ്രകടനത്തിന്റേതു കൂടിയാണ് വെയില്‍ മരങ്ങള്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏതൊരു നടനോടും കിടപിടിക്കുന്ന ശൈലിയാണ് ഇന്ദ്രന്‍സിന്റേത്. കാലങ്ങളായി മലയാളി മധ്യവര്‍ഗം ബോഡി ഷെയിം ചെയ്യുന്ന ഈ നടന്‍ നമുക്ക് അഭിമാനമാണ്.

പലായനങ്ങളിലെ മനുഷ്യര്‍
ഡോ ബിജു അഭിമുഖം : ഇവിടെ പുരസ്‌കാരങ്ങളുടെ മൂല്യത്തിനല്ല, ആര്‍ക്ക് ലഭിച്ചു എന്നതിനാണ് പ്രാധാന്യം  

ഇങ്ങ്മര്‍ ബെര്‍ഗ്മാന് സ്വെന്‍ നിക്വിസ്റ്റ് എന്ന പോലെയാണ് ഡോ. ബിജുവിന് എം.ജെ രാധാകൃഷ്ണന്‍. ഫ്രെയിമുകള്‍ കൊണ്ട് തന്റെ അവസാന ചിത്രത്തില്‍ മാജിക് അവശേഷിപ്പിച്ചാണ് എം.ജെ യാത്രയായത്. ആ തരത്തില്‍ കൂടെ അടയാളപെടുത്തേണ്ട ചിത്രമാണ് വെയില്‍ മരങ്ങള്‍. പശ്ചാത്തല സംഗീതം മികച്ചതായി തോന്നിയില്ല. പലപ്പോഴും ചിത്രത്തിന്റെ മൂഡിനെ താഴ്ത്തുന്ന തരത്തിലുള്ളതുമായിരുന്നു. അമ്മയായി അഭിനയിച്ച സരിത, മകനായ ഗോവര്‍ധന്‍ എന്നിവരുടെയും അശോക് കുമാറിന്റെയും പ്രകടനം മികച്ചു നിന്നു. അന്താരാഷ്ട്ര വേദികളില്‍

അംഗീകരിക്കപ്പെട്ട ഈ ചിത്രത്തിനെ സ്വന്തം നാടു കൂടി ഏറ്റെടുക്കേണ്ടതുണ്ട്.

No stories found.
The Cue
www.thecue.in