കയ്യടിയുടെ പുതിയ സീസണ്‍, Ayyappanum Koshiyum Movie Review

കയ്യടിയുടെ പുതിയ സീസണ്‍, Ayyappanum Koshiyum Movie Review
Summary

മനുഷ്യരുടെ ദുര്‍ബലതയെയും വൈകാരികതയെയും അതിവൈകാരികതയെയും സംഘര്‍ഷങ്ങളെയും ആകര്‍ഷകമായ ഒരു നരേറ്റീവിലേക്ക് എത്തിക്കുന്ന സച്ചിയെന്ന തിരക്കഥാകൃത്തിന്റെ വിജയവുമാണ് അയ്യപ്പനും കോശിയും.

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയും. ടൈറ്റില്‍ പോലെ രണ്ട് പേരുകള്‍, രണ്ട് പോരുകള്‍, അതാണ് അയ്യപ്പനും കോശിയും. കമേഴ്‌സ്യല്‍ സിനിമയുടെ സ്ഥിരം ഫോര്‍മുലകളില്‍ നിന്നും ക്ലീഷേകളില്‍ നിന്നും എത്രമാത്രം വിട്ട് സഞ്ചരിക്കാമെന്ന് ചിന്തിക്കുന്നതിന്റെ ഫ്രഷ്‌നസ് സച്ചിയുടെ രചനകളിലുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പോരിന് ഇറങ്ങിയ രണ്ട് പേര്‍, അവരെ പതിവ് നായക പ്രതിനായക ദ്വന്ദ്വങ്ങളില്‍ പ്രതിഷ്ഠിക്കുന്നേയില്ല സംവിധായകന്‍. മംഗലശ്ശേരി നീലകണ്ഠന് മുണ്ടക്കല്‍ ശേഖരന്‍ എന്ന എതിരാളിയെ പോലെ മന്നാടിയാര്‍ക്ക് ഹൈദര്‍ മരയ്ക്കാറെന്ന പോലെ നന്മ-തിന്മയുടെ ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് പേരല്ല കോശിയും അയ്യപ്പനും. എന്നാല്‍ ഇവര്‍ക്കിടയിലെ സംഘര്‍ഷം തന്നെയാണ് സിനിമ.

അനാര്‍ക്കലിയില്‍ ലക്ഷദ്വീപിന്റെ ഭൂമിക കഥാപാത്രമാകുന്നത് പോലെ അയ്യപ്പനും കോശിയില്‍ അട്ടപ്പാടിയും, അന്നാടിന്റെ സാമൂഹിക രാഷ്ട്രീയ സവിശേഷതകളും കഥാപാത്രമാണ്. 18 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന റിട്ടയേഡ് ഹവില്‍ദാര്‍ കോശികുര്യനാണ് പൃഥ്വിരാജ് സുകുമാരന്‍. പേരിലെ നായര്‍ വാല്‍ രാഷ്ട്രീയവും പ്രതിഷേധവുമായി കൊണ്ടുനടക്കുന്ന എസ് ഐ അയ്യപ്പന്‍ നായര്‍ ആണ് ബിജു മേനോന്‍.

അയ്യപ്പനും കോശിയും തമ്മിലാണ് പോര്, ആ പോരിന്, വൈരാഗ്യത്തിന് രണ്ട് പേര്‍ക്കും അവരുടേതായ കാരണമുണ്ട്. അവര്‍ക്കിടിയിലെ സംഘര്‍ഷം രണ്ട് പേരില്‍ നിന്ന് അവരുടെ ചുറ്റുമുള്ളവരിലേക്കും അവര്‍ക്ക് വേണ്ടപ്പെട്ടവരിലേക്കും അവരുടെ ജീവിത പരിസരത്തേക്കും എത്തുന്നു. ആണഹന്തയുടെ പോര്‍വിളിയാണ് ഒരു ഘട്ടത്തില്‍, അത് മുറിവേറ്റ ഈഗോയുടെതാകുന്നുണ്ട്, പിന്നീടത് കുടിയേറ്റത്തിനും കയ്യേറ്റത്തിനും ഇടയിലുള്ള സംഘര്‍ഷവുമാകുന്നുണ്ട്.

രണ്ട് നായകതാരങ്ങളെ ടൈറ്റില്‍ റോളില്‍ അവതരിപ്പിച്ച് മാസ് ഡയലോഗും ഫോര്‍മുലകളും തിരുകാതെ വിശ്വസനീയമായ രംഗങ്ങളും, പൃഥ്വിരാജിലെയും ബിജു മേനോനിലെയും 'താരത്തെ' താല്‍ക്കാലികമായി താഴെ നിര്‍ത്തിയുള്ള കാരക്ടര്‍ സൃഷ്ടിയും സച്ചി എന്ന ക്രാഫ്റ്റ്മാന്റെ മിടുക്കാണ്.

സച്ചിയും രഞ്ജിത്തും അയ്യപ്പനും കോശിയും ലൊക്കേഷനില്‍ 
സച്ചിയും രഞ്ജിത്തും അയ്യപ്പനും കോശിയും ലൊക്കേഷനില്‍ 

എസ് ഐ അയ്യപ്പന്‍ നായരില്‍ നിന്ന് മുണ്ടൂര്‍ മാടന്‍ എന്ന ഒരു ഭൂതകാലത്തേക്ക് തിരിക്കുന്ന രംഗങ്ങളും, പോലീസ് യൂണിഫോം അയ്യപ്പനിലെ അരികുവത്ക്കരിക്കപ്പെട്ട മനുഷ്യന്റെ പ്രതിഷേധം അണപ്പിക്കുന്നതും സ്‌ക്രീനില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ മാസ് എന്റര്‍ടെയിനറുകളിലൂടെയും കനമുള്ള രാഷ്ട്രീയം പറയുകയാണ് സച്ചി.

കട്ടപ്പനയിലെ മാടമ്പിയായ കുര്യന്‍ ജോണിന്റെ മകനായ കോശി കുര്യന്‍ ജന്മിത്വത്തിന്റെ പ്രതീകമാണ്. അയ്യപ്പന്‍നായരുമായുള്ള അയാളുടെ കൊമ്പുകോര്‍ക്കലില്‍ ന്യായവും സത്യവും മറുപക്ഷത്താണെന്നറിഞ്ഞിട്ടും

കീഴ്‌പ്പെടുന്നത് പോലും തന്റെ ആത്മാഭിമാനത്തിന് ഏല്‍ക്കുന്ന മുറിവായിട്ടാണ് അയാള്‍ കാണുന്നത്. ഒരു റിട്ടേഡ് ഹവില്‍ദാര്‍- എസ് ഐ എന്ന തൊഴിലിടം, ജന്മി -കുടിയാന്‍, ഉള്ളവന്‍- ഇല്ലാത്തവന്‍ എന്നിങ്ങനെയുള്ള സാമൂഹിക വലിപ്പചെറുപ്പങ്ങളുടെ പ്രതീകങ്ങള്‍ തമ്മിലുള്ള പോരാട്ടവുമാണ് ചിത്രം. ഇവരുടെ പകയിലും പോര്‍വിളിയിലും ന്യായവും അന്യായവും അന്യോന്യം കീഴ്‌മേല്‍ മറിയുന്നുണ്ട് പല വട്ടം പല പ്രാവശ്യം. പ്രേക്ഷകനും ഇരുവര്‍ക്കും ഇടയില്‍ ചിലപ്പോഴൊക്കെ പക്ഷം ചേര്‍ന്നും, ചിലപ്പോള്‍ സമദൂരം പാലിച്ചും നില്‍ക്കേണ്ടി വരുന്നു. നായക-പ്രതിനായക ദ്വന്ദ്വത്തെ, അതിന്റെ വാര്‍പ്പുകളെ പൊളിച്ചെഴുതുക കൂടിയാണ് എഴുത്തിലും സംവിധാനത്തിലും സച്ചി.

മനുഷ്യരുടെ ദുര്‍ബലതയെയും വൈകാരികതയെയും അതിവൈകാരികതയെയും സംഘര്‍ഷങ്ങളെയും ആകര്‍ഷകമായ ഒരു നരേറ്റീവിലേക്ക് എത്തിക്കുന്ന സച്ചിയെന്ന തിരക്കഥാകൃത്തിന്റെ വിജയവുമാണ് അയ്യപ്പനും കോശിയും.

ഈ രണ്ട് കഥാപാത്രങ്ങള്‍ മാത്രമല്ല ,കോശിയെ നിഴല്‍ പോലെ പിന്‍തുടരുന്ന, ഒരു ഡ്രൈവര്‍ക്കപ്പുറം ആത്മബന്ധത്തിന്റെ വിധേയത്വം കാട്ടുന്ന കഥാപാത്രം. കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിക്കുന്ന, രാഷ്ട്രീയം പറയുന്ന തന്റേടിയായ കണ്ണമ്മ. ഗംഭീരമാക്കിയിട്ടുണ്ട് ഗൗരി നന്ദ. വെട്ടിപ്പിടിച്ചും ചവിട്ടി താഴ്ത്തിയും കയ്യൂക്ക് കാട്ടിയും നിവര്‍ന്നുനില്‍ക്കുന്നിടത്താണ് ആണത്തമെന്ന് കരുതുന്ന രഞ്ജിത്തിന്റെ കുര്യന്‍ ജോണ്‍ എന്ന കഥാപാത്രം. സൗഹൃദത്തിന്റെയും നിയമപാലനത്തിന്റെയും മധ്യത്തിലൂടെ കയറിയിങ്ങി കടന്നു പോകുന്ന അനില്‍ നെടുമങ്ങാടിന്റെ കഥാപാത്രം. അയ്യപ്പന്‍ നായരുടെ പക്ഷം ചേരുന്ന കോണ്‍സ്റ്റബിള്‍ കഥാപാത്രം എന്തിന് ക്വട്ടേഷന്‍ എടുക്കാന്‍ വരുന്ന അങ്കമാലി ടീംസ് അടക്കം കഥാപാത്ര സൃഷ്ടിയില്‍ നേടുന്ന കയ്യടി ചെറുതല്ല. ഒരു കഥാപാത്രത്തെയും പേരിന് സൃഷ്ടിച്ചതല്ല സച്ചി.

കയ്യടിയുടെ പുതിയ സീസണ്‍, Ayyappanum Koshiyum Movie Review
വെളുത്ത് സുന്ദരനായ നടന്‍ പറ്റില്ലായിരുന്നു, അയ്യപ്പനും കോശിയും കാസ്റ്റിംഗിനെക്കുറിച്ച് സച്ചി

അട്ടപ്പാടി എന്ന ഭൂപ്രദേശം തന്നെ ഒരു കഥാപാത്രമാണ്. നഞ്ചമ്മുടെ ശബ്ദം നാടിന്റെ ഹൃദയതാളമാക്കി ജേക്‌സ് ബിജൊയ്. ഗാനങ്ങളിലും ബാക്ക് ഗ്രൗണ്ട് സ്‌കോറിലും സംഗീതോപകരണങ്ങളുടെ തെരഞ്ഞെടുപ്പിലടക്കം ഗോത്രതാളത്തെ പുനസൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ജേക്സ്. അട്ടപ്പാടിയുടെ അടരുകളിലാണ്, രാഷ്ട്രീയത്തിലാണ് കണ്ണമ്മയെയും അയ്യപ്പനെയും സിനിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ഭൂപ്രദേശത്തിന്റെ പരപ്പും ഇരു കഥാപാത്രങ്ങളുടെ വ്യാപ്തിയും ഒരേ പോലെ അടയാളപ്പെടുത്തുന്നു സുദീപ് ഇളമണ്ണിന്റെ ക്യാമറ. മത്സരിച്ചുള്ള അഭിനയം എന്ന് കണ്ടിരിക്കുന്ന ഒരോരുത്തര്‍ക്കും തോന്നത്തക്കവിധം അയ്യപ്പനയും കോശിയെയും ഇതിലും മികച്ചതാക്കാന്‍ ഇനിയില്ല എന്ന് അടിവരയിടുന്ന പ്രകടനം കാഴ്ച്ച വച്ച ബിജു മേനോനും പൃത്ഥിരാജും. അരാഷ്ട്രീയത ആവര്‍ത്തിക്കുന്ന മാസ് ജോണറുകള്‍ക്ക് തിരുത്താണ് അയ്യപ്പനും കോശിയും.

Related Stories

No stories found.