ഛപാക് : ജീവിതം പൊള്ളിയടര്‍ന്നുപോയവരുടെ അതിജീവനം ; കയ്യടിപ്പിച്ച്‌ ദീപിക 

ഛപാക് : ജീവിതം പൊള്ളിയടര്‍ന്നുപോയവരുടെ അതിജീവനം  ; കയ്യടിപ്പിച്ച്‌  ദീപിക 

2005 ല്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായം ഉള്ളപ്പോള്‍ 32 വയസുള്ള നയീം ഖാന്‍ എന്നയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഛപാക്. ദീപിക പദുകോണ്‍ ആണ് സ്‌ക്രീനില്‍ ലക്ഷ്മിയായി എത്തുന്നത്. സാമൂഹിക വിഷയങ്ങളില്‍ ലക്ചറെടുക്കുന്ന സിനിമകള്‍ മാത്രം വന്നുകൊണ്ടിരിക്കുമ്പോള്‍, ആ കുരുക്കില്‍ പെടാതെ മാറി നിന്ന് മുറിവുകളുടെ വേദനയറിഞ്ഞ് കഥ പറയുകയാണ് മേഘ്‌ന ഗുല്‍സാര്‍. ആസിഡ് ആക്രമണമെന്നത് മനുഷ്യന് അധപ്പതിക്കാന്‍ കഴിയുന്നതിന്റെ പരമാവധി തലത്തില്‍ ഉടലെടുക്കുന്ന പൈശാചികവും ക്രൂരവുമായ പ്രവൃത്തിയാണ്. മിനറല്‍ വാട്ടറിന്റെ വിലയ്ക്ക് ആസിഡ് ലഭിക്കുന്ന രാജ്യത്ത് അതുകൊണ്ട് മുറിവേല്‍ക്കുന്നവര്‍ അനവധിയാണ്. അവരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഛപാക്.

ക്രൂരമായ ബലാത്സംഗങ്ങളുടെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് ഓരോ ദിനവും ഇന്ത്യ ഉണരുന്നത്. പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണന വാര്‍ത്തകളില്‍ പലപ്പോഴും ആസിഡ് ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് ലഭിക്കാറില്ല എന്ന ആകുലതയോടെയാണ് സിനിമ തുടങ്ങുന്നത്. അത്തരത്തില്‍ സമൂഹ്യ യാഥാര്‍ഥ്യത്തില്‍ കാലുറപ്പിച്ചു നിന്ന് പ്രതിഷേധം അറിയിച്ചു കൊണ്ടാണ് സിനിമയാരംഭിക്കുന്നത്. തുടര്‍ന്ന് അമോലിന്റെ നേതൃത്വത്തിലുള്ള ഛായ എന്ന NGO യുടെ സമരങ്ങളെ പ്രേക്ഷകന് മുന്നിലെത്തിക്കുന്നു. ആസിഡ് ആക്രമണങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന മാല്‍തിയെ നമ്മള്‍ പരിചയപ്പെടുകയാണ്. 'ബ്യൂട്ടി പാര്‍ലറില്‍ വരുന്ന ആളുകള്‍ കുറച്ച് ബ്യൂട്ടി ഒക്കെ പ്രതീക്ഷിക്കും' എന്ന വാചകത്തിലൂടെ മാല്‍തിയുടെ ജീവിതത്തിലെ ദൈനംദിന പ്രതിസന്ധികളിലേക്കും മാനസിക സംഘര്‍ഷങ്ങളിലേക്കും നമ്മള്‍ എത്തുന്നു. പിന്നീട് പല ഇടങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്ന മാല്‍തിക്കു പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ഈ വെല്ലുവിളികള്‍ ചോദ്യങ്ങളുടെയും നോട്ടങ്ങളുടെയും അവഗണനയുടെയും രൂപത്തിലാണ്. ഒടുവില്‍ മാല്‍തി ഛായയിലേക്ക് എത്തിച്ചേരുന്നു. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍, അവിടെ വെച്ച് മാല്‍തി തന്റെ സ്വപ്നങ്ങള്‍ക്ക് മുറിവേറ്റ ആ ദിനത്തെ ഓര്‍ക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആ ഓര്‍ത്തെടുക്കലില്‍ മാല്‍തിയുടെ വേദനയാണ് മേഘ്ന ഗുല്‍സാര്‍ കാണിക്കുന്നത്.

ഓര്‍ത്തെടുക്കല്‍ എന്നാല്‍ ചിലതൊക്കെ മറക്കുക എന്നത് കൂടിയാണ്. മാല്‍തി തന്റെ വേദനകളെ ഓര്‍ത്തെടുക്കുമ്പോള്‍, അതിന് മുന്നേയുള്ള സംഭവങ്ങളെ മറക്കുകയാണ്. പക്ഷേ പിന്നീട് സിനിമയില്‍ അത് ഓര്‍ത്തെടുക്കേണ്ട സമയത്ത് മാല്‍തി അത് ചെയ്യുന്നുമുണ്ട്. ഓര്‍ക്കുന്നതും മറക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍ക്ക് ഇടയിലാണ സ്മരണകള്‍ നിലനില്‍ക്കാറുള്ളത്. ഛപാക് സിനിമയുടെ ആഖ്യാനശൈലിയും സമാനരീതിയിലാണ്. നോണ്‍-ലീനിയര്‍ എന്ന കഥാ സാങ്കേതികതക്കപ്പുറം, ഓര്‍മ്മകളുടെ വഴികളിലൂടെയാണ് സിനിമയും പോകുന്നത്. കഥ പുരോഗമിക്കുന്ന പല ഘട്ടങ്ങളിലും ഈ ഓര്‍ത്തെടുക്കലാണ് സിനിമയുടെ ആഖ്യാനത്തെ നിര്‍ണയിക്കുന്നത്. മറ്റു സിനിമകളില്‍ നിന്ന് ഛപാകിനെ വ്യത്യസ്തമാകുന്നത് ഓര്‍മ്മകളുടെ ആഖ്യാനമാണ്.

ഛപാക് ഒരവസരത്തിലും മെലോഡ്രാമയായോ അല്ലെങ്കില്‍ ക്ഷുഭിതയാകുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള അവതരണമായോ മാറുന്നില്ല. എപ്പോഴും യാഥാര്‍ഥ്യത്തോടടുത്ത് നിന്നാണ് സിനിമ ജീവിതങ്ങളെ ഒപ്പിയെടുക്കുന്നത്. മലായ് പ്രകാശിന്റെ ക്യാമറയിലൂടെ മാല്‍തിയുടെ ജീവിതത്തിന്റെ നിറങ്ങള്‍ പ്രേക്ഷകനിലേക്കെത്തുന്നു. പക്ഷേ സിനിമ മാല്‍തിയുടെ മാത്രം കഥയല്ല. മാല്‍തിയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുമ്പോഴും, ചുറ്റും നടക്കുന്ന സമാനമായ ആസിഡ് ആക്രമണങ്ങള്‍ എപ്പോഴും സിനിമയുടെ പശ്ചാത്തലത്തിലുണ്ട്. ശസ്ത്രക്രിയകളിലൂടെ കുറച്ചെങ്കിലും മാല്‍തിയുടെ മുഖം മെച്ചപ്പെടുമ്പോള്‍ ആ അവസരം ഇല്ലാത്തവരുടെ ജീവിതത്തിലൂടെയും സിനിമ കടന്നുപോകുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ മാല്‍തിയും സുഹൃത്തും തമ്മിലുള്ള സംഭാഷണ രംഗം ആസിഡ് ആക്രമണങ്ങള്‍ നേരിടുന്നവരുടെ പോരാട്ടത്തിന്റെ വര്‍ഗ്ഗരാഷ്ട്രീയ കാഴ്ചപ്പാടിനെയാണ് അടയാളപ്പെടുത്തുന്നത്. സിനിമയുടെ ഒടുക്കം മാല്‍തിയുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും പുതിയ പ്രണയ വര്‍ണ്ണങ്ങള്‍ നിറയുന്നു. മാല്‍തിയുടെ ജീവിതത്തിന്റെ വെളിയില്‍ ആസിഡ് ആക്രമണങ്ങള്‍ തുടരുന്നു എന്ന യാഥാര്‍ഥ്യം അടിവരയട്ടാണ്് സിനിമ അവസാനിക്കുന്നത്.

NCRB യുടെ കണക്കുകള്‍ പ്രകാരം 2018 - ല്‍ മാത്രം 240 പേര്‍ ആസിഡ് ആക്രമണത്തിന് ഇരയായ ഇന്ത്യയിലാണ് ഛപാക് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയായി മാറുന്നത്. മുഖത്തും ശരീരത്തും വീഴുന്ന ആസിഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് സൗന്ദര്യത്തെയോ സ്വപ്നങ്ങളെയോ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കുള്ള സമൂഹത്തിലെ നിലനില്‍പ്പിനെ തന്നെയാണ്. അക്രമണത്തിനും അതിജീവനത്തിനും ഇടയില്‍ ഒരു ജീവിതമുണ്ട്, അവിടെയാണ് പ്രതീക്ഷകള്‍ പോലും എരിഞ്ഞുകത്തുന്നത്.

ആസിഡ് അക്രമണങ്ങളേറെയും നടക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട ജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നേരെയും സ്വപ്നങ്ങളിലേക്ക് പറന്നുകയറാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരെയുമാണെന്ന് സിനിമ പറയുമ്പോള്‍ ഉയര്‍ത്തുന്നത് ശക്തമായ രാഷ്ട്രീയ നിലപാടുമാണ്. സമൂഹത്തില്‍ ഇപ്പോഴും ശക്തമായി നിലനില്ക്കുന്ന ജാതി-ലിംഗ വിവേചനത്തിന്റെ പ്രതിഫലനമാണ് ഓരോ ആസിഡ് അക്രമണവും. എല്ലാ മനുഷ്യരിലും തിന്മയുണ്ട്, പക്ഷേ ഇത്ര ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കുന്നത് എന്താണെന്ന് സിനിമയില്‍ ഒരിടത്ത് അമോല്‍ ചോദിക്കുന്നുണ്ട്. ഈ വിവേചന വ്യവസ്ഥയെന്നതാണ് അതിന്റെ പല ഉത്തരങ്ങളില്‍ ഒന്ന്.

ദീപിക പദുകോണ്‍ മാല്‍തി എന്ന കഥാപാത്രമായി ജീവസ്സുറ്റ പ്രകടനമാണ് നടത്തുന്നത്. മാല്‍തിയുടെ ആന്തരിക സംഘര്‍ഷങ്ങളെ ദീപിക മനസ്സു കൊണ്ട് തൊട്ടറിയുന്നുണ്ട്. അമോലായി വിക്രന്തും ജീവിച്ചു. രണ്ട് പേരും അവരുടെ പോരാട്ടങ്ങള്‍ക്കിടയില്‍ നിശബ്ദമായി പ്രണയിക്കുന്നതൊക്കെ സ്വാഭാവികമായി അവതരിപ്പിക്കുന്നുണ്ട് സിനിമയില്‍. അതികാ ചോഹാനും മേഘ്ന ഗുല്‍സാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പറയാന്‍ ശ്രമിക്കുന്ന കഥയുടെ രാഷ്ട്രീയത്തെ ഒരു സംഭവത്തില്‍ മാത്രം ഒതുക്കാതെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള എഴുത്ത് പ്രശംസയര്‍ഹിക്കുന്നു. ഗുല്‍സാറിന്റെ എഴുത്തില്‍ ശങ്കര്‍-എഹ്സാന്‍-ലോയി എന്നിവരുടെ സംഗീതത്തില്‍ അര്‍ജിത്ത് സിംഗ് പാടിയ ടൈറ്റില്‍ ഗാനം, ഉള്ളില്‍ തട്ടുന്നതാണ്. സിനിമയില്‍ രണ്ടിടത്തായി ആ ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. ഈ രണ്ട് നിമിഷങ്ങളുടെയും തീവ്രതയെ അടയാളപ്പെടുത്താന്‍ ആ പാട്ടിന് സാധിക്കുന്നു. മറ്റ് കഥാപാത്രങ്ങളായി സിനിമയില്‍ വന്നവരൊക്കെയും ഏറെക്കുറെ പുതിയ മുഖങ്ങളാണ്. അതും വിശ്വസനീയമായി കഥ പറയാന്‍ സഹായിക്കുന്നു. തല്‍വാറിനും റാസിക്കും ശേഷം മേഘ്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഛപാക്. ഓരോ സിനിമയിലും സമൂഹത്തെ പല കോണില്‍ നിന്ന് വീക്ഷിക്കുകയാണ് മേഘ്ന. തന്റേതായ ശൈലിയില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുക്കുന്ന സിനിമകളില്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയം വ്യക്തമായി തന്നെ മേഘ്ന പറഞ്ഞുപോകാറുണ്ട്. ഈ സിനിമയ്ക്കും തീര്‍ച്ചയായും കയ്യടിയര്‍ഹിക്കുന്നുണ്ട്.

മിലന്‍ കുന്ദേര 'The Book of Laughter and Forgetting' -ല്‍ എഴുതിയിരിക്കുന്നു: 'അധികാരശ്രേണിക്കെതിരെയുള്ള മനുഷ്യന്റെ പോരാട്ടം, മറന്നു പോകുന്നതിനെതിരെയുള്ള ഓര്‍മ്മകളുടെ പോരാട്ടം ആണ്''. ഈ സിനിമയും അത് പറയുന്ന കഥയും പോരാട്ടമാണ്, ഓര്‍മ്മകളെ ഓര്‍ത്തെടുത്തുകൊണ്ടുള്ള പോരാട്ടം. ഇക്കാലത്ത്, അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പ്രതിരോധമായിട്ടാണ് ഓര്‍മ്മകളെ നിലനിര്‍ത്തേണ്ടത്.

No stories found.
The Cue
www.thecue.in