ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ട്: അവസാനമില്ലാത്ത മരണങ്ങൾ, മരണമില്ലാത്ത യുദ്ധങ്ങൾ  

ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ട്: അവസാനമില്ലാത്ത മരണങ്ങൾ, മരണമില്ലാത്ത യുദ്ധങ്ങൾ  
ഒരു ആക്രിക്കടയെ പ്രതീകമാക്കി നിലനിർത്തി ഇന്നത്തെ കാലത്തു നമ്മുടെ സമൂഹത്തിലെ പല തൊഴിലിടങ്ങളിലും നിലനിൽക്കുന്ന ചൂഷണങ്ങളെ കുറിച്ചും സിനിമ പറയുന്നുണ്ട്. സിനിമയിൽ ഒന്ന് രണ്ടു തവണയെങ്കിലും ഫാക്ടറിയുടെ ഉൾഭാഗങ്ങൾ കാണിക്കുന്നുണ്ട്. അവിടത്തെ തൊഴിലാളികളുടെ അവസ്ഥകളും വ്യത്യസ്തമല്ല. സുരക്ഷിതത്വം എന്നത് പ്രതീക്ഷ മാത്രമാണ് പല ഫാക്ടറികളുലും

ചപ്പുചവറുകള്‍, ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍, ആക്രിസാധനങ്ങള്‍, മറ്റ് ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ തുടങ്ങിയവയെല്ലാം അവസാനം എത്തിച്ചേരുന്നത് സ്‌ക്രാപ്പ് യാര്‍ഡ് (scrapyard) എന്ന് വിളിക്കപ്പെടുന്ന ആക്രിക്കടയിലേക്കാണ്. അവിടെ, ആക്രിസാധനകളെ ആശ്രയിച്ചു ജോലി ചെയ്യുന്ന കുറച്ചു മനുഷ്യരുണ്ട്. അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്ന യുദ്ധത്തിന്റെ ഭീകരതയെ പ്രമേയമാക്കി അതിയന്‍ ആതിരൈ (അവേശ്യമി അവേശൃമശ) സംവിധാനം ചെയ്ത സിനിമയാണ് 'ഇരണ്ടാം ഉലകപോരിന്‍ കടൈസി ഗുണ്ട്' (Irandam Ulagaporin Kadaisi Gundu). പാ രഞ്ജിത്ത് -ന്റെ (Pa. Ranjith) നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ് 'ഗുണ്ട്'. ലോറി ഡ്രൈവര്‍ ആയ സെല്‍വം, മുതലാളിത്ത കമ്പനികളുടെ അനീതിക്കെതിരെ നിരന്തരം പോരാടുന്ന ടാന്യ, സ്‌ക്രാപ്പ് യാര്‍ഡ് നടത്തുന്ന ബാഷാ, അവിടെ ജോലി ചെയ്യുന്നവര്‍, ജാതി വെറിയുടെ പേരില്‍ വീട്ടിനുളില്‍ പോലും സുരക്ഷിതത്വമില്ലാത്ത ചിത്ര, ആയുധ വ്യാപാരി, ഉന്നതരുടെ ഒത്താശക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസ്. ഇവരൊക്കെയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സെല്‍വത്തെയും ചിത്രയെയും ടാന്യയെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ത്രില്ലര്‍-റോഡ് മൂവി ആഖ്യാനശൈലിയായാണ് പ്രധാനമായും സിനിമയ്ക്കുള്ളത് എങ്കിലും, സമീപ കാലത്തെ മികച്ച പൊളിറ്റിക്കല്‍ സിനിമകളില്‍ ഒന്നായി ഗുണ്ട് -നെ വിലയിരുത്താം.

എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ലോകം ഞെട്ടലോടെ മാത്രം ഓര്‍ക്കുന്നത് ലോകമഹായുദ്ധ കാലത്തെ കുറിച്ചായിരിക്കും. രണ്ട് ലോകമഹായുദ്ധങ്ങളും, അതിന്റെ ഓര്‍മ്മകളും, മുറിവുകളും ഇന്നും മാഞ്ഞിട്ടില്ല. പല തലമുറകള്‍ കഴിഞ്ഞെങ്കിലും യുദ്ധത്തിന്റെ ഭീകരത ഇപ്പോഴും ലോകത്തിന്റെ തീരാകളങ്കമായി തുടരുന്നു. ലോക മഹായുദ്ധങ്ങളുടെ കാലത്തു നിര്‍മ്മിക്കപ്പെട്ട ആയുധങ്ങള്‍ എത്രയാണെന്ന കണക്ക് ആരുടെയും പക്കലുണ്ടാകില്ല. കൊന്നുതള്ളാനുള്ള ത്വരയില്‍ എണ്ണിയാലൊടുങ്ങാത്ത ആയുധങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി നിര്‍മിച്ചതും ഉപയോഗിക്കപ്പെട്ടതും. ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളില്‍ മണ്ണിനടിയില്‍ നിന്ന് ലോകമഹായുദ്ധ കാലത്തോളം പഴക്കമുള്ള ബോംബുകള്‍ (unexploded ordnance-UXO) ഇപ്പോഴും കണ്ടെടുക്കാറുണ്ട്. യൂറോപ്പ് ആയിരുന്നു ലോക മഹായുദ്ധങ്ങളുടെ പ്രധാന പശ്ചാത്തലമെങ്കിലും അതിന്റെ കെടുതികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിയിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് കോളനി ആയിരുന്ന ഇന്ത്യയിലേക്ക് വന്ന ഒരു കപ്പലില്‍ കുറെ ആയുധങ്ങളും ബോംബുകളും ഉണ്ടായിരുന്നു. അത് പിന്നീട് തിരിച്ചു പോയില്ല. ഒരു അമേരിക്കന്‍ കമ്പനി ആ ബോംബുകള്‍ വാങ്ങിച്ചുവെങ്കിലും, അവരത് ബംഗാള്‍ ഉള്‍ക്കടലില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. പിന്നീട് പല സമയങ്ങളിലായി ഈ ബോംബുകള്‍ (leftover unexploded ordnance) കരക്കടിഞ്ഞു തുടങ്ങി. കരയ്ക്കടിയുന്നത് ബോംബുകളെന്നെന്ന് പോലും തിരിച്ചറിയാതെ കടല്‍ തീരത്തുള്ള മനുഷ്യരോ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരോ അത് എടുത്തു കൊണ്ട് പോകുന്നു. അത് അപകടത്തിലേക്ക് നയിക്കുന്നു. സ്‌ഫോടനത്തില്‍ കുറെയാളുകല്‍ മരിക്കുന്നു. തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയില്‍ അത്തരമൊരു സ്‌ക്രാപ്പ് യാര്‍ഡില്‍ നടക്കുന്ന സ്‌ഫോടനത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആരും ചോദിക്കാന്‍ വരാനില്ലാത്ത, അധികാര ശിഖരത്തില്‍ 'പുഴുക്കളെ' പോലെ അടിച്ചമര്‍ത്തപെടുന്ന മനുഷ്യരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ബോംബ് കരയ്ക്കടിയുന്നു, ഒരു ജര്‍മന്‍ ടൂറിസ്റ്റ് അത് UXO ബോംബ് ആണെന്ന് തിരിച്ചറിയുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്യുന്നു. അവിടെ നിന്ന് അത് ആക്രിക്കടയിലേക്ക് എത്തുന്നു. ഈ ആക്രിക്കടയിലെ ലോറിയാണ് പ്രധാന കഥാപാത്രമായ സെല്‍വന്‍ ഓടിക്കുന്നത്. സെല്‍വത്തിന്റെ അച്ഛനും പണ്ട് അവിടെയാണ് ജോലി ചെയ്തിരുന്നത്. താന്‍ ജോലി ചെയ്യുന്ന ആ ലോറി സ്വന്തമാക്കണമെന്നും അയാള്‍ ആഗ്രഹിക്കുന്നു. തന്റെ നാട്ടിലെ സവര്‍ണ-ഉന്നത ജാതിയില്‍ പെട്ട കുടുംബത്തില്‍ ജനിച്ച ചിത്ര എന്ന സിട്ട് നെയാണ് സെല്‍വന്‍ പ്രണയിക്കുന്നത്. ജാതിവിവേചന ചിന്തകള്‍ ചിത്രയെ ബാധിച്ചിട്ടില്ലെങ്കിലും അവളുടെ സഹോദരനും ഭാര്യക്കും താഴ്ന്ന ജാതിക്കാരനൊപ്പം അവള്‍ പോകുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ്. ജാതി എന്ന പൈശാചിക ചിന്ത ചിത്രയുടെ ജീവിതത്തെയും സ്വപ്നങ്ങളെയും വേട്ടയാടുന്നതോടെ വീട്ടിനുള്ളില്‍ പോലും അവള്‍ സുരക്ഷിതയല്ലാതാകുന്നു.

സെല്‍വം ജോലി ചെയ്യുന്ന ആക്രിക്കട (scrapyard) ചൂഷണത്തിന്റെയും പുറന്തള്ളപെടലിന്റെയും പ്രതീകമാണ്. ആളുകള്‍ വലിച്ചെറിയുന്ന ആക്രികള്‍ വന്നു ചേരുന്ന ഇടത്തേക്ക്, സമൂഹം വലിച്ചെറിഞ്ഞ മനുഷ്യരും വന്നു ചേരുന്നു. തൊഴില്‍ നേടി നഗരങ്ങളിലേക്കു വന്ന ആളുകളാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്. ജീവന്റെ വില നല്‍കിയാണ് അവര്‍ പണിയെടുക്കുന്നത്. ആ തൊഴിലിടത്തില്‍ സുരക്ഷിതത്വമില്ല. എത്ര ഗുരുതരമായ പരുക്കുകള്‍ പറ്റിയാലും അപകടങ്ങള്‍ സംഭവിച്ചാലും ചോദിക്കാനോ പറയാനോ ആരും ഇല്ല. പ്രതികരിക്കുന്നവരെ അപ്പോള്‍ തന്നെ പുറത്താക്കുന്നു, മിക്കപ്പോഴും അടിച്ചു ഓടിച്ചു നാടുകടത്തുന്നു. വെള്ള ഖദറും മുണ്ടും ധരിച്ചു വരുന്ന ഈ സിനിമയിലെ ബാഷയെ പോലെയുള്ള ഏമാന്മാര്‍ ഈ തൊഴിലാളികളുടെ ജീവനും ചോരയും ഊറ്റിയാണ് പണിയെടുപ്പിക്കുന്നത്. ആക്രിക്കടയും ആ തൊഴിലിടവും അരികുവത്കരിക്കപ്പെട്ട, കാലത്തിനു പോലും അനാഥരാകുന്ന മനുഷ്യരെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ അടയാളപ്പെടുത്തുന്നു. സമ്പദ്്വ്യവസ്ഥയും അധികാരകേന്ദ്രങ്ങളും ചേര്‍ന്ന് തീര്‍ക്കുന്ന വര്‍ഗ്ഗശ്രേണിയുടെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരാണവര്‍.

യുദ്ധം, വര്‍ഗ്ഗരാഷ്ട്രീയം, ജാതിവിവേചനം എന്നീ വിഷയങ്ങളെ പോലെ തന്നെ 'മരണവും' സിനിമയുടെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. ഒരു ബോംബ് പൊട്ടി മരിക്കുന്ന സ്‌ക്രാപ്പ് യാര്‍ഡിലെ കുറെ മനുഷ്യരില്‍ തുടങ്ങി, സിനിമ അവസാനിക്കുന്നത് യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും മൂലം ദിനവും മരിക്കുന്ന മനുഷ്യരെ ഓര്‍മിപ്പിച്ചുകൊണ്ടാണ്. ഇതിനിടയില്‍ സെല്‍വത്തിന്റെ അച്ഛന്റെ മരണത്തെ കുറിച്ചു നമ്മള്‍ കേള്‍ക്കുന്നുണ്ട്, ചിത്രയുടെ അച്ഛനമ്മമാരും മരണപ്പെട്ടവര്‍, ചിത്രയുടെ അടുത്ത് വരെ മരണം വരുന്നു, സുബയ്യ (പഞ്ചര്‍) നേരിട്ട് കാണുന്ന അപകടവും അവിടെ മരിക്കാനായി കിടക്കുന്ന ആളുകളും. ടാന്യയുടെ കുടുംബത്തിന്റെ മരണം... അങ്ങനെ നീളുന്നു ആ പട്ടിക. ലോകത്തിന്റെ ഒരു ഭാഗത്ത് എപ്പോഴോ നടന്ന യുദ്ധം അതുമായി ഒരു തരത്തിലും ബന്ധമില്ലാതെ മനുഷ്യരുടെ മരണത്തിന് ഇപ്പോഴും കാരണമാകുന്നു, ആണവ ദുരന്തം സംഭവിച്ചാല്‍ ഉണ്ടാകുന്ന മരണങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രം നാഗസാക്കിയും ഹിരോഷിമയും ഒക്കെ ഓര്‍മ്മപെടുത്തുന്നുമുണ്ട്.

ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ട്: അവസാനമില്ലാത്ത മരണങ്ങൾ, മരണമില്ലാത്ത യുദ്ധങ്ങൾ  
പാരസൈറ്റ്: വര്‍ഗ്ഗവിവേചനവും മാനവികതയുടെ മരണവും 

സ്വാര്‍ത്ഥലാഭങ്ങള്‍ക്കും മൂലധന ചൂഷണത്തിനുമായി വന്‍കിട മുതലാളിമാരുടെ നേതൃത്വത്തിലുള്ള ആയുധ കമ്പനികള്‍ നിര്‍മിച്ചു വ്യാപാരം ചെയ്യുന്ന ആയുധങ്ങള്‍ അവരെ തൊടുന്നില്ല. എന്നാല്‍ ഒന്നും അറിയാതെ ഓരോ ദിനവും ജീവിതയുദ്ധമായി വിധിയോട് പോരാടുന്ന മനുഷ്യരെയാണ് യുദ്ധങ്ങളും കലാപങ്ങളും ബാധിക്കുന്നത്. അധികാരവര്‍ഗവും മുതലാളിവര്‍ഗവും ചേര്‍ന്ന് ലോകത്തിലെ എത്രയോ മനുഷ്യരെ കാലങ്ങളായി ചൂഷണം ചെയ്യുകയാണ്. ഓരോ യുദ്ധവും ജനിക്കുന്നത് ആയുധ കമ്പനികളുടെ ആസ്ഥാനത്തെ ചര്‍ച്ചാമുറികളില്‍ മാത്രം ആണ്. അവരുടെ നിര്‍ദേശമനുസരിച്ചു നമ്മള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ളടക്കം പ്രവര്‍ത്തിക്കുന്നു. യുദ്ധം 'നിര്‍മ്മിക്കപ്പെടുന്നത്' അങ്ങനെയാണ്. പശ്ചിമേഷ്യയിലെ ഓരോ ആഭ്യന്തര യുദ്ധങ്ങളുടെയും കാരണങ്ങള്‍ തേടി പോയാല്‍ ഒരു പരിധിക്കപ്പുറം എല്ലാം മങ്ങിയ കാഴ്ചകള്‍ ആണ്. ആ മങ്ങലിന്റെ പേരാണ് അമേരിക്ക അടക്കം ഉള്ള രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനം ഉള്ള മിലിറ്ററി ഇന്‍ഡസ്ടറി കോംപ്ലക്‌സ്. ഓരോ യുദ്ധങ്ങളുടെയും മറവില്‍ നടക്കുന്നത് കോടികളുടെ ആയുധ കച്ചവടമാണ്. യുദ്ധങ്ങള്‍ നടക്കണം എന്നത് ഈ ആയുധ കമ്പനികള്‍ക്ക് അനിവാര്യതയാണ്. യുദ്ധം നടന്നാലേ ലാഭം ഉണ്ടാകുള്ളൂ എന്ന മുതലാളിത്ത ആശയം. ഇനി യുദ്ധം നടന്നില്ല എങ്കില്‍ കുറഞ്ഞ പക്ഷം അതിന്റെ പ്രതീതി എങ്കിലും സൃഷ്ടിക്കണം. യുദ്ധം നടക്കാന്‍ സാധ്യത ഉണ്ട് എന്ന് വരുത്തി തീര്‍ത്താലും കച്ചവടം പൊടിപൊടിക്കും.

1914 -ല്‍ റോസാ ലക്‌സംബര്‍ഗ് ഇത് മുന്നില്‍ കണ്ടാണ് 'അക്യുമുലേഷന്‍ ഓഫ് ക്യാപിറ്റല്‍' (Accumulation of Capital) എന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ മിലിറ്ററിസം എങ്ങനെയാണ് മുതലാളിത്തത്തിന്റെ അഭയം ആകുന്നത് എന്ന് എഴുതിയത്. ഒരു നൂറ്റാണ്ടിനിപ്പുറം കൂടുതല്‍ പ്രത്യക്ഷമായി നമ്മള്‍ അത് കണ്ടറിയുകയാണ്. ഈ ചിന്തകളെയാണ് അതിയന്‍ ആതിരൈ തന്റെ ആദ്യ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. സിനിമയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ താന്യ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് ആണവകരാറിന് എതിരെ പ്രതിഷേധ സമരം നടക്കുന്നിടത്തു വച്ചാണ്. ആയുധ കച്ചവടത്തിനെതിരെയും, യുദ്ധങ്ങള്‍ക്കെതിരെയും നടക്കുന്ന സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ചിലപ്പോഴെങ്കിലും ചരട് വലിക്കുന്നത് ഇതേ അധികാര-മുതലാളിത്ത അച്ചുതണ്ട് തന്നെയാണ് എന്ന് സിനിമയില്‍ കാണിച്ചു തരുന്നുണ്ട്. 'സ്റ്റേറ്റ് ഒരു പുറംചാല് മാത്രമാണെന്നും, അതിന്റെ പുറകില്‍ മുതലാളിത്ത വര്‍ഗം തീര്‍ക്കുന്ന പടുകൂറ്റന്‍ കോട്ടയാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്നത്' എന്ന് ഗ്രാംഷി പറഞ്ഞതും കൂടി ഇവിടെ ചേര്‍ക്കുന്നു. ഈ തിരിച്ചറിവ് പോലും നമ്മളിലെത്താതിരിക്കാന്‍ വേണ്ടി ശ്രമിക്കുന്നവരും ഏറെയാണ്. സിനിമയുടെ ഒടുക്കം ഒരു സമാധാന സെമിനാറില്‍ ജപ്പാന്റെ നോബല്‍ പുരസ്‌കാര ജേതാവ് സഡാക്കോ സസാക്കിയെ കുറിച്ചും അവളുണ്ടാക്കിയ സഡാക്കോ കൊക്കുകളെ കുറിച്ചും, തന്റെ ഹിരോഷിമ-നാഗസാക്കി ഓര്‍മ്മകളെ കുറിച്ചും നമ്മളോട് പറയുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കും ഇപ്പുറം, ആണവായുധങ്ങള്‍ ഇപ്പോഴും നിര്‍മ്മിക്കപ്പെടുന്ന ലോകത്ത്, യുദ്ധങ്ങള്‍ എന്നും പല ഭാംഗങ്ങളായി മനുഷ്യരെ കാര്‍ന്നു തിന്നുന്ന കാലത്ത്, ഈ ഓര്‍മ്മകള്‍ക്കും ഓര്‍മ്മപെടുത്തലുകള്‍ക്കും പ്രാധാന്യമേറെയാണ്.

ഒരു ആക്രിക്കടയെ പ്രതീകമാക്കി ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിലെ പല തൊഴിലിടങ്ങളിലും നിലനില്‍ക്കുന്ന ചൂഷണങ്ങളെ കുറിച്ചും സിനിമ പറയുന്നുണ്ട്. സിനിമയില്‍ ഒന്ന് രണ്ടു തവണയെങ്കിലും ഫാക്ടറിയുടെ ഉള്‍ഭാഗങ്ങള്‍ കാണിക്കുന്നുണ്ട്. അവിടത്തെ തൊഴിലാളികളുടെ അവസ്ഥകളും വ്യത്യസ്തമല്ല. സുരക്ഷിതത്വം എന്നത് പ്രതീക്ഷ മാത്രമാണ് പല ഫാക്ടറികളിലും. അത്രത്തോളം അപകടകരമായ അവസ്ഥകളിലാണ് ആളുകള്‍ ജോലി ചെയ്യുന്നത്. എന്നാലും ലഭിക്കുന്നതോ തുച്ഛമായ പ്രതിഫലവും. അവര്‍ താമസിക്കുന്ന ഇടവും സിനിമയില്‍ ചിത്ര നില്‍ക്കുന്ന താമസസ്ഥലത്തിലൂടെ കാണിക്കുന്നു. ആക്രിക്കടയില്‍ ജോലിചെയ്യുന്നവര്‍ കഴിയുന്നത് അവിടെ കൂട്ടിയിട്ടിരിക്കുന്ന ആക്രിയില്‍ തന്നെയാണ്. പല രാത്രികളും ഉറക്കമില്ലാതെ വണ്ടി ഓടിക്കേണ്ടി വരുന്ന സെല്‍വത്തെയും, കാലില്‍ ഇരുമ്പു വീണു വേദന കൊണ്ട് പുളയുന്ന വേലിനെ ആശുപത്രിയില്‍ കൊണ്ട് പോകുമ്പോള്‍ കാലു രണ്ടായി ഒന്നും പോയില്ലലോ എന്ന് ചോദിക്കുന്ന ഏമാനും. അങ്ങനെ പല കാഴ്ചകള്‍ സിനിമയില്‍ ഉണ്ട്. ഈ സാധാരണ മനുഷ്യരെ എങ്ങനെയാണ് പോലീസ് അടക്കമുള്ളവര്‍ കൈകാര്യം ചെയ്യുന്നത് എന്നത് അങ്ങേയറ്റം ക്രൂരമാണ്. മന്ത്രിയെ മന്ത്രി എന്ന് വിളിക്കാതെ എന്നാല്‍ ഡ്രൈവറിനെ ഡ്രൈവര്‍ എന്ന് താഴ്ത്തികെട്ടി വിളിക്കുന്ന ലോകത്തോട് കലഹിക്കുകയാണ് സെല്‍വം. ഒരു അവസരത്തില്‍ മനുഷ്യപറ്റില്ലാതെ പെരുമാറുന്ന മുതലാളിക്ക് എതിരെ പൊട്ടിത്തെറിക്കുന്ന സെല്‍വം തൊഴിലാളികളുടെ രോഷത്തെ ഒന്നാകെ പ്രതിനിധാനം ചെയ്യുന്നുണ്ട്.

ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ട്: അവസാനമില്ലാത്ത മരണങ്ങൾ, മരണമില്ലാത്ത യുദ്ധങ്ങൾ  
കെട്ട്യോളാണെന്റെ മാലാഖ, കാണേണ്ട ‘കുടുംബ’ സിനിമ

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പല തലങ്ങളില്‍ നിന്നുള്ള വീക്ഷണങ്ങള്‍ ഈ സിനിമയില്‍ സാധ്യമാണ്. ജാതിവിവേചനവും, തൊഴിലാളി ചൂഷണവും, യുദ്ധത്തിന്റെ ഭീകരതയും പല അടുക്കുകളായി ചേര്‍ത്ത് വച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നും ഉള്‍നാടുകളില്‍ നിന്നുമൊക്കെ വലിയ നഗരങ്ങളിലേക്കു ജോലി തേടി വരുന്ന കുടിയേറ്റക്കാരില്‍ നിന്ന് സിനിമ തുടങ്ങുമ്പോള്‍ ആഭ്യന്തര കലാപങ്ങളെയും അടിച്ചമര്‍ത്തലിനേം തുടര്‍ന്ന് അഭയാര്‍ഥികളാകുന്നവരുടെ ചിത്രങ്ങള്‍ ടൈറ്റിലിലില്‍ കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. കടല്‍ക്കരയില്‍ അടിയുന്ന ബോംബ് പോലെ കടല്‍ക്കരയില്‍ അടിഞ്ഞ അയ്ലന്‍ കുര്‍ദി എന്ന സിറിയന്‍ അഭയാര്‍ത്ഥി ബാലന്റെ ചിത്രവും കാണിക്കുന്നുണ്ട്. ഹിരോഷിമ-നാഗസാക്കി അനുഭവങ്ങളെ സൂചിപ്പിക്കുന്ന അനിമേഷന്‍ ചിത്രവും അണുബോംബ് സ്‌ഫോടനം ഉണ്ടായാല്‍ സംഭവിക്കുന്ന ആപത്തുമെല്ലാം പ്രേക്ഷകര്‍ കണ്ടറിയുന്നു. തീര്‍ത്തും സാധാരണമായ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളെ അസാധാരണമായ തലങ്ങളിലേക്ക് ബന്ധിപ്പിക്കുകയാണ് സിനിമ.

ആരോ സൃഷ്ടിക്കുന്ന ആയുധങ്ങള്‍ മറ്റാരെയൊക്കെയോ കൊല്ലുന്നു, ആരോ നിര്‍മ്മിച്ച ജാതിവ്യവസ്ഥിതി ഇന്നും പല മനുഷ്യരെയും വേട്ടയാടുന്നു, ഏതൊക്കെയോ മുതലാളിമാരുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി എത്രയോ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇതൊന്നുമറിയാതെ കുറെ മനുഷ്യര്‍ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ചു കഴിയുന്നു. വേറെ കുറെ ആളുകള്‍ തങ്ങളുടെ മാത്രം ജീവിതത്തിന്റെ ഉന്നമനത്തിനായി മറ്റുള്ളവരെ ചവിട്ടിമെതിച്ചു കടന്നു പോകുന്നു.

നമ്മളുടെ വാതിലില്‍ വന്നു മുട്ടുന്നതുവരെ ഒന്നും സംഭവിച്ചിട്ടേയില്ല എന്ന മട്ടില്‍ കഴിയുന്നവരാണ് ആധുനിക കാലത്തെ ഭൂരിഭാഗം മനുഷ്യരും. പക്ഷേ അപ്പോഴേയ്ക്കും എല്ലാം വൈകിപോയിരിക്കും എന്നതാണ് യാഥാര്‍ഥ്യം. സിനിമയില്‍ ഒരു ഒരിടത്ത് ടാന്യ സെല്‍വത്തിനോട് പറയുന്നുണ്ട്, 'നിങ്ങളെ ബാധിക്കുമ്പോള്‍ മാത്രമാണോ നിങ്ങള്‍ ഒരു വിഷയത്തില്‍ ഇടപെടുന്നത്, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സഹായിക്കണം എന്ന് തോന്നാത്തത് എന്ത് കൊണ്ടാണ്..? മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക എന്നതിനപ്പുറം, മറ്റുള്ളവരും നമ്മളും ഒന്നാണെന്നും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നുമുള്ള യാഥാര്‍ഥ്യം തിരിച്ചറിയുകയെന്നത് ഇപ്പോഴും വിളിപ്പാടകലെ മാത്രമാണ്.

ദ ന്യൂസ് മിനിറ്റ് -നു (The News Minute) നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ യുദ്ധത്തെ കുറിച്ചും ഈ സിനിമയെ കുറിച്ചും പറയുന്നത് ഇങ്ങനെ, 'ഒരാള്‍ പെട്ടന്ന് ഒരു ദിവസം ബോംബ് എടുത്തു എറിഞ്ഞു ഉണ്ടാകുന്നത് അല്ല യുദ്ധം. നൂറ്റാണ്ടുകളോളം ഒരു രാജ്യത്തെ ബാധിക്കുന്ന വിപത്താണ് യുദ്ധങ്ങള്‍. യുദ്ധങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെ തന്നെ മാറ്റുന്നു. സഹാനുഭൂതിയോ സ്‌നേഹമോ ഇല്ലാതെ മനുഷ്യര്‍ പണത്തിന്റെ കുറിച്ച് മാത്രം ചിന്തിക്കുന്നവരായി മാറുന്നു. എങ്ങനെയാണ് യുദ്ധത്തിന്റെ സമയത്തുണ്ടാകുന്ന മാനസികാവസ്ഥകള്‍ മനുഷ്യരെ പല തലമുറകള്‍ക്കിപ്പുറവും ബാധിക്കുന്നത് എന്ന അന്വേഷണമാണ് എന്റെ സിനിമ.'കോടികണക്കിനാളുകള്‍ പട്ടിണി കിടന്നു മരിക്കുന്ന രാജ്യത്തു കോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങി കൂട്ടി തന്നെ സുരക്ഷിതത്വം ഉറപ്പാക്കണം എന്ന് വാദിക്കുന്ന രാഷ്ട്രീയ-മുതലാളിത്ത സിദ്ധാന്തങ്ങളുടെ മുഖമൂടി അഴിച്ചു മാറ്റുക തന്നെ വേണം.

അതിയന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഈ സിനിമ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ആത്മകഥാംശങ്ങള്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. സിനിമാ സംവിധായകനാകുന്നതിനു മുന്‍പ് അതിയന്‍ ജോലി ചെയ്തിരുന്നത് ഇത്തരത്തില്‍ ഒരു ആക്രിക്കടയില്‍ ആയിരുന്നു. അയാളുടെ സഹോദരന്‍ ഒരു ലോറി ഡ്രൈവറായി ആണ് ജോലി ചെയ്യുന്നത്. 'ആക്രിക്കടയില്‍ ജോലിചെയ്യുന്നവര്‍ എല്ലാരാലും പുറന്തള്ളപ്പെട്ടവരാണ്. ഓരോ ദിവസവും പതിനാലും പതിനഞ്ചും മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുകയാണ്. അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ യൂണിയനുകളോ സംഘടനകളോ ഇല്ല. ജോലി ചെയ്യുമ്പോള്‍ അവര്‍ക്കു വിരലുകളും കൈകളും കാലുകളും ഒക്കെ നഷ്ടപ്പെടുന്നു. ഇങ്ങനെ ഉള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യക്ഷമായും അല്ലാതെയും അഞ്ചു ലക്ഷത്തില്‍ അധികമാണ്. എന്റെ സിനിമയിലൂടെ അവരുടെ ജീവിതത്തെ സിനിമയുടെ പ്രധാനപ്രമേയവുമായി ബന്ധിപ്പിക്കണം എന്ന് തോന്നിയത് അവരെ അടുത്തറിയാവുന്നത് കൊണ്ടാണ്,' സംവിധായകന്‍ പറയുന്നു. ഒരുപക്ഷേ ഒരു ഉപദേശ സിനിമയോ മെസ്സേജ് സിനിമയോ ആയി തീരുമായിരുന്ന കഥയെ, സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട് സംവിധായകന്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയുള്ള ഒരു തുടക്കകാരന്‍ തന്നെയാണ് അതിയന്‍ ആതിരൈ. ചിലയിടങ്ങളില്‍ ചില താളപ്പിഴകള്‍ സംഭവിക്കുമ്പോഴും സിനിമ കാണികളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. ആഖ്യാനശൈലിയും ഗംഭീരമാണ്. മൂന്ന് പേരുടെ ജീവിതത്തിലെ പല സംഭവങ്ങളെ മുഖ്യ പ്രമേയങ്ങളിലേക്കു കൂട്ടിച്ചേര്‍ക്കുന്നത് സ്വാഭാവികമായി തന്നെയാണ്.

കാസ്റ്റ്‌ലെസ്സ് കളക്ടീവിലൂടെ (Casteless Collective) ശ്രദ്ധേയനായ തെന്മ - യാണ് (Tenma) സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഓരോ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് നല്‍കുന്ന താളവും ഉണര്‍വും ചെറുതൊന്നുമല്ല. ഓരോ ഗാനവും സിനിമയോളം തന്നെ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. 'നിലമെല്ലാം' എന്ന ആദ്യത്തെ ഗാനം സിനിമ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ ആദ്യ സൂചനയാണ്. 'തെരുക്കൂത്ത്' എന്ന കലയ്ക്ക് അതിന്റെ 'പൗരാണിക കലര്‍പ്' ഊരിമാറ്റി ജനകീയ സ്വഭാവം നല്‍കി സിനിമയുടെ പ്രധാന നിമിഷങ്ങളില്‍ ചേര്‍ക്കുന്നുണ്ട്. സിനിമ പലപ്പോഴും യാഥാര്‍ഥ്യങ്ങളിലൂടേയും, എന്നാല്‍ നമ്മള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാഴ്ചകളിലൂടെയും കടന്നു പോകുന്നുണ്ട്. ഈ കാഴ്ചകള്‍ക്കെല്ലാം ഛായാഗ്രാഹകനായ കിഷോര്‍ കുമാര്‍ (Kishore Kumar) നല്‍കുന്ന നിറങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ആര്‍ കെ സെല്‍വയുടെ (R K Selva) എഡിറ്റിങ്ങും മികച്ചു നില്‍ക്കുന്നു. അട്ടകത്തി, വിസാരണൈ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയനായ ദിനേശിന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് സെല്‍വ എന്ന കഥാപാത്രം. അത്രത്തോളം ആ കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ ദിനേശിന് കഴിഞ്ഞിട്ടുണ്ട് സിനിമ ഒരുപക്ഷേ കൈവിട്ടു പോകാമായിരുന്ന പലയിടത്തും ദിനേശിന്റെ സെല്‍വ കത്തിക്കയറുന്നുണ്ട്. മറ്റ് അഭിനേതാക്കളും മികച്ച രീതിയില്‍ അവരുടെ റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു.

'ഇരണ്ടാം ഉലകപോരിന്‍ കടൈസി ഗുണ്ട്' എന്ന സിനിമ മികച്ചതാകുന്നത് പല സിനിമകളും പറയാന്‍ മടികാണിക്കുന്ന രാഷ്ട്രീയം വ്യക്തമായി സംസാരിക്കാന്‍ കാണിച്ച ധൈര്യം കൊണ്ട് തന്നെയാണ്. വിവേചനകളെ ആഘോഷമാക്കുന്ന, തമാശയാക്കുന്ന മുഖ്യധാരാ സിനിമകളുടെ ഇടയില്‍ നിന്നാണ് അതിയന്‍ ആതിരൈയുടെ ഈ സിനിമ കാണേണ്ട സിനിമയായി മാറുന്നത്. തികച്ചും സാധാരണം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ നിന്ന് പോലും പറയാന്‍ എത്രയോ കഥകള്‍ ഇനിയും ബാക്കിയുണ്ട് എന്ന തിരിച്ചറിവ് ഈ സിനിമ നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച തമിഴ് സിനിമകളില്‍ ഒന്നായി 'ഗുണ്ട്' എന്ന സിനിമയുടെ പേരും ഉണ്ടാകും. സിനിമ പറയുന്ന രാഷ്ട്രീയം അതിന്റെ പ്രാധാന്യത്തോടെ വായിക്കപ്പെടട്ടെ, ചര്‍ച്ചചെയ്യപ്പെടട്ടെ..!

No stories found.
The Cue
www.thecue.in