പിടിച്ചിരുത്തുന്ന സര്‍വൈവല്‍ ത്രില്ലറായി ഹെലന്‍

പിടിച്ചിരുത്തുന്ന സര്‍വൈവല്‍ ത്രില്ലറായി ഹെലന്‍

കഥയുടെ ഗതി എന്താകും ഏറെക്കുറെ എങ്ങനെ അവസാനിക്കും എന്നെല്ലാം ഊഹിച്ചെടുക്കാന്‍ പാകത്തിനുള്ള ഒന്നായിരുന്നു അന്ന ബെന്‍ കേന്ദ്രകഥാപാത്രമാകുന്ന ഹെലന്റെ ട്രെയിലര്‍. ഒരു ത്രില്ലര്‍ സിനിമയെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ പോരായ്മയായേക്കാവുന്ന ഒന്നാണ് കഥാഗതി പ്രവചിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുക എന്നത്. എന്നാല്‍ ആദ്യദിനത്തിനപ്പുറം ട്വിസ്റ്റുകളും കഥാസന്ദര്‍ഭങ്ങളും സര്‍പ്രൈസല്ലാത്ത സോഷ്യല്‍ മീഡിയ കാലത്ത് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അതിനല്ലൊമുപരിയായി അവതരണത്തിലെ കയ്യടക്കവും വൃത്തിയുമാണ് വേണ്ടതെന്ന് മനസിലാക്കിയാണ് മാത്തുകുട്ടി സേവ്യര്‍ എന്ന സംവിധായകന്‍ തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടങ്ങിക്കഴിഞ്ഞാല്‍ മറ്റ് ചിന്തകള്‍ക്കൊന്നുമിട നല്‍കാത്ത വിധം ഉദ്വേഗജനകമായിരിക്കുന്ന രീതിയിലാണ് സംവിധായകന്‍ ഹെലന് നല്‍കിയിരിക്കുന്ന ട്രീറ്റ്‌മെന്റ്.

മലയാള സിനിമയില്‍ അത്ര പരിചിതമല്ലാത്ത, അധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ അവതരിപ്പിരിക്കുന്ന ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രം തന്നെയാണ് സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ ഐഇഎല്‍ടിഎസ് ക്ലാസില്‍ പങ്കെടുക്കുന്ന വൈകീട്ട് ജോലി ചെയ്യുന്ന പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന കഥാപാത്രം, ഹെലന്റെ അച്ഛനാകട്ടെ 110 രൂപയ്ക്ക് പെട്രോളടിക്കുന്ന, 'നമ്മുടെ കൂട്ടത്തില്‍ കൂട്ടാവുന്ന ആളാണോ' എന്ന് ഇസം പറയുന്ന, ഏജന്റ് ആയതു കൊണ്ട് തന്നെ വീട്ടില്‍ നില്‍ക്കുമ്പോള്‍ എല്‍ഐസിയുടെ ടീ ഷര്‍ട്ട് ഇടുന്ന, വീടു പൂട്ടിയിറങ്ങുമ്പോള്‍ ഗ്യാസ് ഓഫാക്കിയോ എന്നൊക്കെ അന്വേഷിക്കുന്ന നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ പ്രതിനിധി തന്നെയാണ്. ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് പോലെ തന്നെ ഫ്രീസറില്‍ ഹെലന്‍ കുടുങ്ങുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. അത് അമിതമാക്കാതെ, കയ്യടക്കത്തോടെ സംവിധായകന്‍ പറയുന്നു.

ലാലും- അന്നയും കഥാപാത്രങ്ങളെ മികവുറ്റതാക്കിയപ്പോള്‍ അച്ഛന്‍-മകള്‍ റിലേഷന്‍ഷിപ്പുകള്‍ക്കിടയിലുള്ള ക്ലീഷേ കാഴ്ചകള്‍ക്ക് പകരം പുതുമ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു. ഹെലന്‍ എന്ന കഥാപാത്രം തുടക്കം മുതല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കഥാവസാനം അവള്‍ക്കായി കൈയ്യടിക്കുവാന്‍ പ്രേരിപ്പിക്കുന്നതും ക്യാരക്ടര്‍ ഡെവലപ്പ്‌മെന്റില്‍ പുലര്‍ത്തിയ അതേ സ്ഥിരത കൂടിയാണ്. അത്തരത്തില്‍ ഹോം വര്‍ക്ക് ചെയ്ത് രൂപം കൊടുത്തതാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും എന്നത് ഹെലനിലെ കാഴ്ച്ചകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്ഥിരത നിറയുന്ന സ്വഭാവശൈലി എഴുത്തുകാരുടേയും സംവിധായകന്റെയും മിടുക്ക് തന്നെയാണ്.

വിനീത് ശ്രീനിവാസന്‍ നിര്‍മാതാവും അന്ന ബെന്‍ നായികയുമാകുന്ന ഹെലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ പുറത്തു വന്ന എല്ലാ പ്രൊമോഷണല്‍ കണ്ടന്റുകളിലും ഒരു കയ്യടക്കമുണ്ടായിരുന്നു. ഒന്നും അമിതമാകാത്ത, ചേരുവകള്‍ പാകത്തിന് എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പാട്ടും, ട്രെയിലറും, ടീസറുമെല്ലാം തന്നെ. ഇത് കൈവിട്ട് പോകാതെ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. സിനിമയുടെ ആദ്യഭാഗങ്ങള്‍ ഹെലന്റെ ക്യാരക്ടറും ദൈനംദിന ജീവിതവും അച്ഛന്‍ പോളുമായുള്ള ആത്മബന്ധവും പറയുവാനെടുത്തപ്പോള്‍ പിന്നീട് ഫ്രീസറില്‍ അകപ്പെട്ട ഹെലന്റെ സര്‍വൈവലും അവളെ അന്വേഷിച്ച് പായുന്ന അച്ഛന്റെയും സംഘത്തിന്റെയും സംഘര്‍ഷങ്ങളും പാരലലായി മികവോടെ അവതരിപ്പിക്കുന്നു

എങ്ങനെയാകുമെന്നറിയാവുന്ന ഒരു കഥയെ ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട ഒരു സര്‍വൈവല്‍ ത്രില്ലറാക്കി അതിസമര്‍ത്ഥമായി സംവിധായകന്‍ മെനഞ്ഞെടുത്തിരിക്കുന്നു. ഹെലന്റെ മുഖം മരവിക്കുമ്പോള്‍ അത് കണ്ടിരിക്കുന്നവരേയും മരവിപ്പിക്കുന്ന തരത്തിലേക്ക് ഇമോഷണലി കണക്റ്റ് ചെയ്യിക്കാനും സംവിധായകന് കഴിയുന്നു. മാത്തുക്കുട്ടി സേവ്യര്‍ എന്ന സംവിധായകന്‍ ഈ വര്‍ഷത്തെ മറ്റൊരു നേട്ടമാണെന്നും ചിത്രം ഉറപ്പിക്കുന്നു.സിനിമയുടെ മൂഡനുസരിച്ച് ഫ്രെയിം സെറ്റ് ചെയ്തിരിക്കുന്ന ആനന്ദ് സി ചന്ദ്രന്‍ എന്ന ഛായാഗ്രഹകന്റെ മിടുക്കും ഷാന്‍ റഹ്മാന്റെ സംഗീതവും ഷമീര്‍ മുഹമ്മദ് എന്ന ചിത്രസംയോജകന്റെ കയ്യടക്കവും ഒരു ത്രില്ലര്‍ എന്ന നിലയില്‍ ഹെലന് കിട്ടുന്ന ബോണസ് പോയിന്റുകളാണ്. രജ്ഞിത്ത് അമ്പാടി, മേക്കപ്പ് എന്ന ആര്‍ട്ടിനെ അടയാളപ്പെടുത്തുന്ന കാഴ്ച്ച കൂടിയാണ് ചിത്രം വിനീത് ശ്രീനിവാസന്‍ എന്ന പേര് ഗ്യാരന്റിയുടെ ബ്രാന്‍ഡ് നെയിം ആകുന്ന മറ്റൊരു സിനിമാനുഭവം കൂടിയാകുന്നു.

പിടിച്ചിരുത്തുന്ന സര്‍വൈവല്‍ ത്രില്ലറായി ഹെലന്‍
മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 

പ്രകടനമികവില്‍ കുമ്പളങ്ങിയിലെ ബേബിമോളില്‍ നിന്നും അതിശയിപ്പിക്കുന്ന കൈയ്യൊതുക്കത്തോടെ ഹെലനായി മാറിയിട്ടുണ്ട് അന്ന ബെന്‍. മകളായും കാമുകിയായും മരവിപ്പിക്കുന്ന തണുപ്പിന്റെ ഇരയായും ഒക്കെ അന്ന ബെന്‍ എന്ന അഭിനേത്രി നടത്തുന്ന അസാമാന്യ പ്രകടനം കണ്ടറിയേണ്ടതാണ്. ലാല്‍ അച്ഛന്‍ കഥാപാത്രം അതിഗംഭീരമാക്കിയപ്പോള്‍ അജു വര്‍ഗീസ് പൊലീസ് യൂണിഫോമില്‍ പുത്തന്‍ അഭിനയ സാധ്യതകളിലേക്ക് അഭിനന്ദനാര്‍ഹമായി ചുവടുറപ്പിക്കുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് മാറി ക്യാരക്ടര്‍ റോളുകള്‍ക്കായി അജുവിനെ മലയാള സിനിമ പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നും ചിത്രം ഓര്‍മിപ്പിക്കുന്നു. ചിത്രത്തിന്റെ രചയിതാവില്‍ ഒരാള്‍ കൂടിയായ നോബിള്‍ ക്ഷമിക്കാവുന്ന പോരായ്മകളില്‍ അസ്ഹര്‍ എന്ന കഥാപാത്രവും നന്നായി അവതരിപ്പിച്ചിരിക്കുന്നു.

പിടിച്ചിരുത്തുന്ന സര്‍വൈവല്‍ ത്രില്ലറായി ഹെലന്‍
അമ്പരപ്പിക്കുന്ന സുരാജ്, ഫീല്‍ ഗുഡ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

കഥാഗതിയില്‍ ക്രമേണ എന്ത് നടക്കും എന്ന് അറിയാമായിരുന്നിട്ടു കൂടി 120 മിനിറ്റോളം ആകാംക്ഷാഭരിതരായി പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ഭംഗിയായി എഴുതി വച്ചൊരു തിരക്കഥയുടെ ഏറ്റവും ഭംഗിയുള്ള ആഖ്യാനശൈലി തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരു വേഫര്‍ തിന്‍ പ്ലോട്ടില്‍ കഥാപാത്രങ്ങളിലും കഥാസന്ദര്‍ഭങ്ങളിലും സൂക്ഷ്മത പുലര്‍ത്തി തയ്യാറാക്കിയ കൈയ്യൊതുക്കമുള്ള ഒരു തിരക്കഥയെ അതിഗംഭീരമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ഉദ്വേഗജനകമായ, മികച്ചൊരു തീയറ്റര്‍ എക്‌സ്പീരിയന്‍സാണ് ഹെലന്‍.

Related Stories

No stories found.
logo
The Cue
www.thecue.in