ഉയിരില്‍ തൊടും ഉയരെ

ഉയിരില്‍ തൊടും ഉയരെ

അസാമാന്യമായ അഭിനയത്തികവോടെ തനിക്കു നേരെ ഉയരുന്ന വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി.

ബോക്‌സ് ഓഫീസിലെ കോടികളുടെ കണക്കുകള്‍ നിരത്തി സിനിമയുടെ മൂല്യത്തെ വിലയിരുത്തുന്ന മലയാള സിനിമയുടെ വര്‍ത്തമാനകാലത്തിലേക്കാണ് നവാഗതനായ മനു അശോകന്റെ 'ഉയരെ' സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശത്തിലേക്ക് ചിറകുവിടര്‍ത്തുന്നത്.

പ്രമേയത്തിലും അവതരണത്തിലും പങ്കുവെക്കുന്ന രാഷ്ട്രീയത്തിലുമെല്ലാം സമീപകാല മലയാള സിനിമകളെക്കാള്‍ ഉയരത്തില്‍ സഞ്ചരിക്കുന്ന സിനിമ 'ഉയരെ' എന്ന ടൈറ്റിലിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നു. അസാമാന്യമായ അഭിനയത്തികവോടെ തനിക്കു നേരെ ഉയരുന്ന വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി തിരുവോത്ത്.

പ്രണയം നിരസിക്കുന്നവരെ അഗ്‌നിക്കും ആസിഡിനും ഇരയാക്കുന്ന, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച് വെര്‍ബല്‍ റേപ്പ് ചെയ്യുന്ന സോഷ്യല്‍ മീഡിയ കാലത്ത് ഉയരെ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന് സമകാലിക പ്രസക്തിയും ഉണ്ട്. ഒരേ ഗണത്തില്‍പ്പെടുന്ന സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന മലയാളത്തില്‍ വ്യത്യസ്ത പ്രമേയങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ധ ക്ഷണിച്ചവരാണ് ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും. പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയും വ്യത്യസ്തയും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചിലപ്പോഴൊക്കെ കൈവിട്ട പരീക്ഷണങ്ങളിലൂടെ നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ബോബി-സഞ്ജയ്മാര്‍. നിര്‍ണ്ണായകം, സ്‌കൂള്‍ ബസ്, കായംകുളം കൊച്ചുണ്ണി എന്നീ സമീപകാല ചിത്രങ്ങളിലൂടെ ഈ സഹോദരന്‍മാര്‍ തെല്ല് നിരാശ സമ്മാനിച്ചിരുന്നു.

ചെറിയ കഥാതന്തുക്കളില്‍ നിന്ന് അതിതീവ്രമായ സിനിമകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ സമര്‍ത്ഥരാണ് ബോബിയും സഞ്ജയും. സ്വന്തം വീട്ടിലെ sibling rivalry യില്‍ നിന്നാണ് എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ കഥ രൂപപ്പെടുന്നത്. ആരാണ് ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് expiry date നിശ്ചയിക്കുന്നതെന്ന സഞ്ജയുടെ പത്‌നി അഞ്ജനയുടെ ചോദ്യമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ പ്രചോദനം. ഓര്‍മയെക്കുറിച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് ആന്റണി മോസസും മുംബൈ പോലീസ് എന്ന സൗഹൃദത്തിന്റെ കഥയുടെയും പിറവി. മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ ഹൃദയം ഉള്‍പ്പടെയുള്ള ആന്തരിക അവയവങ്ങള്‍ ദാനം ചെയ്ത ഡോക്ടര്‍ ദമ്പതിമാരെക്കുറിച്ചുളള പത്രവാര്‍ത്തയില്‍ നിന്നാണ് മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട ട്രാഫിക്കിന്റെ ഉദയം. ഉയരെയിലും ഇതേ ശൈലിയാണ് ഇരുവരും പിന്തുടരുന്നത്.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയെന്ന വണ്‍ ലൈനില്‍ നിന്നും പല്ലവി രവീന്ദ്രന്‍ എന്ന വ്യക്തിത്വമുള്ള പെണ്‍കുട്ടിയിലേക്ക് ഉയരെയെ വിടര്‍ത്തിയെടുക്കുന്നിടത്താണ് തിരക്കഥാകൃത്തുകള്‍ അവരുടെ ക്രാഫിറ്റിനെ അടയാളപ്പെടുത്തുന്നത്. ആസിഡ് ആക്രമണമല്ല, മറിച്ച് പാര്‍വ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രന്‍ തന്നെയാണ് 'ഉയരെ'യുടെ ന്യൂക്ലിയസ്.

'കഴിവുണ്ട്, ഹൃദയവുമുണ്ട് ഇത് 2019 അല്ലേ അങ്ങനെയും നിര്‍വചിച്ചു തുടങ്ങിക്കൂടെ സൗന്ദര്യത്തെ നമുക്ക്', 'എനിക്ക് എന്നെപ്പോലെയാവണം നിനക്ക് വേണ്ട എന്നെപ്പോലെയല്ല എനിക്ക് വേണ്ട എന്നെ പോലെ', 'Its not yet over' തുടങ്ങി സിനിമയിലെ എത്രയോ സംഭാഷണശകലങ്ങള്‍ കേവലം ആത്മവിശ്വാസം തുളുമ്പുന്ന മോട്ടിവേഷണല്‍ ഉദ്ധരണികളല്ല മറിച്ച് കൃത്യമായ നിലപാടുകള്‍ പേറുന്ന പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്‌സ് തന്നെയാണ്. ആസിഡ് ഒഴിക്കപ്പെടുന്നത് പല്ലവി രവീന്ദ്രന്റെ മുഖത്തല്ല, വ്യക്തിത്വവും നിലപാടുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കഴിയാത്ത, അവരെ ബോഡി ഷെയിമിങിനും വെര്‍ബല്‍ റേപ്പിനും വിധേയമാക്കുന്ന, തേപ്പുകാരിയായി ആഘോഷിക്കുന്ന ആണ്‍കോയ്മയുടെ കരണത്തേക്കാണ്. പല്ലവി രവീന്ദ്രന്റെ ആസിഡ് വീണ് പൊള്ളിയ മുഖത്തിലൂടെ ഒരുപാട് സ്ത്രീകളുടെ മുഖവും ശബ്ദവുമാകുന്നുണ്ട് ഉയരെ.

ബോബി-സഞ്ജയ് ടീമിന്റെ സ്ഥിരം മോട്ടിവേഷണല്‍ ഇമോഷണല്‍ ഡ്രാമ ക്ലീഷേയിലേക്ക് വഴുതി പോകാതെ സിനിമയെ കയ്യടക്കത്തോടെ തിരിച്ചു പിടിക്കുന്നുണ്ട് സംവിധായകന്‍. സിനിമയെ ഏച്ചുകെട്ടലുകളില്ലാത്ത ഒരു ജൈവിക അനുഭവമാക്കി മാറ്റാന്‍ സംവിധായകന് കഴിയുന്നുണ്ട്. അതിവൈകാരിക, നാടകീയ മുഹൂര്‍ത്തങ്ങളിലേക്ക് വീണു പോകാമായിരുന്ന ഒരു സബ്ജക്റ്റിനെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മനു അശോകന്‍ പ്രേക്ഷകരെ സിനിമക്കൊപ്പം നടത്തുന്നു. മലയാളത്തിലെ പ്രതീക്ഷ നല്‍കുന്ന യുവ സംവിധായകരുടെ നിരയിലേക്ക് നീട്ടിവലിച്ച് കസേരയിട്ട് തന്നെ മനു സ്ഥാനം ഉറപ്പിക്കുന്നു. മാസ് മസാല സിനിമകളോടും റിയലസ്റ്റിക് ഡ്രാമ സിനിമകളോടും കൃത്യമായ അകലം പാലിച്ച് സിനിമയെ ബാലന്‍സ് ചെയ്തു നിര്‍ത്താനും ഈ പുതുമുഖ സംവിധായകന് കഴിയുന്നുണ്ട്. ഉയരെ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളക്കുള്ള മനുവിന്റെ ഗുരുദക്ഷിണയായി കൂടി അത് മാറുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാടിന്റെ പേരില്‍, കസബ സിനിമയിലെ സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍, ഡബ്ല്യുസിസിയെന്ന സംഘടനയുടെ രൂപീകരണത്തിന്റെ പേരിലൊക്കെ നിരന്തരം വേട്ടയാടപ്പെടുകയും സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ വെര്‍ബല്‍ റേപ്പിന് വിധേയയാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പാര്‍വ്വതി. അവരുടെ പുതിയ സിനിമയുടെ ട്രെയിലറോ പാട്ടോ പുറത്തുവരുമ്പോള്‍ തന്നെ അതിനെ ഡ്രീഗ്രേഡ് ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളുടെയും പരിഹാസങ്ങളുടെയും വിമര്‍ശനങ്ങളുടെയും മുനയൊടിക്കുകയാണ് അതിശയിപ്പിക്കുന്ന അഭിനയ മികവോടെ പാര്‍വ്വതി ഉയരെയില്‍.

ബാംഗ്ലൂര്‍ ഡേയ്‌സിലെയും ചാര്‍ളിയിലെയും ന്യൂജനറേഷന്‍ നായികയില്‍ നിന്ന് കഞ്ചാനമാലയായും സമീറയായും അനായാസം വേഷപ്പകര്‍ച്ച നടത്തുന്ന പാര്‍വ്വതി,പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുന്നു. ഒരര്‍ത്ഥത്തില്‍ ഇത് പല്ലവി രവീന്ദ്രന്റെ മാത്രമല്ല പാര്‍വ്വതിയെന്ന അഭിനേത്രിയുടെ കൂടി അതിജീവനത്തിന്റെ കഥയാണ്. ഇന്ത്യന്‍ സിനിമയില്‍ ഒറ്റനായിക വിജയം അവകാശപ്പെടാന്‍ കഴിയുന്ന അപൂര്‍വ്വം അഭിനേതാക്കളുടെ ഗണത്തിലേക്ക് ഒരിക്കല്‍ കൂടി പാര്‍വ്വതി ടേക്ക് ഓഫ് നടത്തുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നയന്‍താരക്കൊപ്പം പാര്‍വ്വതി തന്റേയിടം കണ്ടെത്തുന്നു.

ഒന്നിലേറെ അടരുകളുള്ള കഥാപാത്രത്തെ പതിവുപോലെ പാര്‍വ്വതി തന്റേതാക്കി മാറ്റുന്നു. പാടിയും ആടിയും ആഘോഷിച്ചും

നടക്കുന്ന കൗമരകാരിയുടെ കലാലയകാല പ്രണയത്തിന്റെ ഫ്‌ളാഷ് ബാക്കില്‍ തുടങ്ങി അതിജീവനത്തിനു വേണ്ടി പൊരുതുന്ന വര്‍ത്തമാനകാലത്തെ സ്ത്രീയിലേക്കു വരെയുള്ള പ്രയാണത്തിന്റെ ഓരോ ഘട്ടത്തിലും പല്ലവിയെ തീവ്രത നഷ്ടമാകാതെ സ്‌ക്രീനിലേക്ക് പകര്‍ത്തുന്നുണ്ട് പാര്‍വ്വതി. ആസിഫ് അലി, സിദ്ധിഖ്, ടൊവിനോ തോമസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം സ്‌ക്രീനില്‍ മാന്ത്രികമായ കെമിസ്ട്രി അനുഭവപ്പെടുത്താനും പാര്‍വ്വതിക്ക് കഴിയുന്നുണ്ട്.

പാര്‍വ്വതിക്കൊപ്പമോ മുകളിലോ നില്‍ക്കുന്ന പ്രകടനമാണ് സിദ്ധിഖ് പുറത്തെടുക്കുന്നത്. അമ്മയില്ലാത്ത രണ്ടു പെണ്‍മക്കളുടെ അച്ഛന്റെ ഉള്‍പ്പെരുക്കങ്ങളുണ്ട് സിദ്ധിഖിന്റെ രവീന്ദ്രന്‍ എന്ന കഥാപാത്രത്തിന്. അതേ സമയം തന്റെ പെണ്‍മക്കള്‍ക്ക് അവര്‍ക്കു ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം നല്‍കുന്നുണ്ട്. മകളുടെ പ്രണയത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലുംഅവളുടെ ഇഷ്ടത്തിന് അയാള്‍ എതിര് നില്‍ക്കുന്നില്ല. പല്ലവിയുടെ പ്രതിസന്ധി ഘട്ടങ്ങളിലും അവളെ ചേര്‍ത്തുപിടിക്കുന്ന അച്ഛനാകുന്നു അയാള്‍. ഇത്തരത്തില്‍ ഒട്ടെറെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ അതേ തരംഗദൈര്‍ഘ്യത്തോടെ സിദ്ധിഖ് ഏറ്റുവാങ്ങുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്‍മാരുടെ പട്ടികയിലേക്ക് ഒരിക്കല്‍ കൂടി സിദ്ധിഖ് തന്റെ പേര് എഴുതി ചേര്‍ക്കുന്നു.

കരിയറിന്റെ തുടക്കം മുതല്‍ ഇന്നേ വരെ തന്നിലെ നടനെ പുതുക്കി പണിയാത്ത, നവീകരിക്കാത്ത ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്നായി മാറുന്നു ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രം. നെഗറ്റീവ് ടച്ചുള്ള ശരാശരി മലയാളി പുരുഷന്റെ പരിഛേദമായ ഗോവിന്ദിനെ ആസിഫ് മികവുറ്റതാക്കുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ പലപ്പോഴും മനസ്സുകൊണ്ട് ഗോവിന്ദിനെ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നുണ്ട്. അത് ആസിഫ് അലിയെന്ന നടന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി തന്നെ കണക്കാക്കാം.

സമീപകാല ആക്ഷന്‍ ഹീറോ റോളുകളില്‍ നിന്ന് ടൊവീനോയെ മോചിപ്പിക്കുന്നുണ്ട് വിശാല്‍ എന്ന കഥാപാത്രം. ആണ്‍ ധാര്‍ഷ്ട്യത്തിന്റെ പുരുഷ ശരീരഭാഷ അയാളില്‍ ഇല്ല. സര്‍വ്വഗുണ സമ്പന്നനായ നായകനല്ല വിശാല്‍. ഫൗണ്ട് ലവിങും സഹാനുഭൂതിയുമുള്ള അല്‍പ്പസ്വല്‍പ്പം മണ്ടത്തരങ്ങളൊക്കെയുള്ള പുരോഗമന ചിന്താഗതികാരനായ കഥാപാത്രത്തെ ടൊവീനോ വേറിട്ടതാക്കുന്നു. ആനന്ദത്തിലെ ദര്‍ശനയില്‍ നിന്നും ഉയരെയിലെ സരിതാ ഡി കോസ്റ്റയില്‍ എത്തി നില്‍ക്കുമ്പോള്‍ അനാര്‍ക്കലി മരിക്കാര്‍ അഭിനേത്രി എന്ന നിലയില്‍ തന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുന്നു. പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ച പെണ്‍കുട്ടിയും ഏറെ മികച്ചു നിന്നു.

ഗോപിസുന്ദര്‍, മഹേഷ് നാരായണന്‍, മുകേഷ് മുരളീധരന്‍ എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഉയരെയുടെ വിജയം.

സിനിമയെ ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുത്താന്‍ ഇവര്‍ മൂന്നുപേരും എടുത്തിട്ടുള്ള ശ്രമങ്ങള്‍ എടുത്തു പറയേണ്ടതാണ്. പതിഞ്ഞ താളത്തിലാണ് ഉയരെയുടെ സഞ്ചാരം. പശ്ചാത്തല സംഗീതത്തില്‍ ഒരിക്കല്‍ കൂടി ഗോപി കയ്യൊപ്പ് ചാര്‍ത്തുന്നു. ഉയരെ ഉയരെ എന്നു തുടങ്ങുന്ന പീസ് പശ്ചാത്തലത്തില്‍ നിറയുമ്പോള്‍ അതൊരു പ്രതീക്ഷയുടെ സാന്ത്വന താളമായി മാറുന്നു. വിജയ് യേശുദാസും സിതാരയും ചേര്‍ന്ന് ആലപിച്ച നീ മുകിലോ എന്ന് തുടങ്ങുന്ന ഗാനം ഏറെ ഹൃദ്യമാണ്. കുമ്പളങ്ങിയിലെ ചിരാതുകള്‍ എന്ന ഗാനത്തിനു ശേഷം സിതാര ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ ഉള്ളുപൊള്ളിക്കുന്ന ഈണമായി നിറയുന്നു. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ശക്തിശ്രീ ഗോപാല്‍ ആലപിച്ച കാറ്റില്‍ വീഴാ മെഴുതിരി നാളം എന്ന ഗാനവും ഹൃദ്യമാണ്. പതിനേഴ് വയസ്സില് എന്നു തുടങ്ങുന്ന ഗാനം കഥാസന്ദര്‍ഭത്തോട് ചേരാതെ നില്‍ക്കുന്നുമുണ്ട്.

മുകേഷ് മുരളീധരന്‍ എന്ന ഛായാഗ്രാഹകന്‍ മലയാള സിനിമയുടെ പുതിയ പ്രതീക്ഷയാണ്. ഉയരെയുടെ മൂഡിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നു മുകേഷിന്റെ ഓരോ ഫ്രെയിമുകളും. തിരക്കഥ ആവശ്യപ്പെടുന്ന മിതത്വം സിനിമയിലൂടനീളം നിലനിര്‍ത്താന്‍ മുകേഷിന് കഴിയുന്നുണ്ട്. പല്ലവിയുടെ പ്രണയകാലത്തെ ഹൃദ്യമായി പകര്‍ത്തുന്ന ക്യാമറാമാന്‍ രണ്ടാം പകുതിയില്‍ കഥാപാത്രങ്ങളുടെ വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങളെ തന്മയത്വത്തോടെ സ്‌ക്രീനിലേക്ക് പകര്‍ത്തിവെക്കുന്നു. തന്റെ ഛായാഗ്രഹണ വൈദഗ്ധ്യം പുറത്തെടുക്കാനുള്ള വേദിയാക്കി മാറ്റാതെ ഉയരെയുടെ ആത്മാവിനൊപ്പം നടക്കാന്‍ കഴിഞ്ഞു എന്നതാണ് മുകേഷിന്റെ വിജയം. ടേക്ക് ഓഫിലൂടെ സമീറയെ സമ്മാനിച്ച മഹേഷ് നാരായണന്റെ എഡിറ്റിങ് ടേബിളില്‍ സിനിമ പൂര്‍ണ്ണത കണ്ടെത്തുന്നു.

നിങ്ങള്‍ക്ക് വിയോജിക്കാം തിരസ്‌ക്കരിക്കാം പക്ഷേ പാര്‍വ്വതിയെന്ന അഭിനേത്രിയെ നിഷേധിക്കാന്‍ കഴിയില്ല. ഇന്ന് അവര്‍ക്കെതിരെ ഉയരുന്ന എതിര്‍ സ്വരങ്ങളെ നാളെ കരഘോഷങ്ങളാക്കി മാറ്റാന്‍ കഴിവുള്ള അസമാന്യമായ പ്രതിഭയും കരുത്തും അവരിലുണ്ടെന്ന് അടിവരയിടുന്നു പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം. കാലത്തിന്റെ കാവ്യനീതിയായി ഉയരെ പുതിയ ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in