'സംവിധാനം അടുത്ത വര്‍ഷം'; തിരക്കഥ പൂര്‍ത്തിയായെന്ന് ഇന്ദ്രജിത്ത്

'സംവിധാനം അടുത്ത വര്‍ഷം'; തിരക്കഥ പൂര്‍ത്തിയായെന്ന് ഇന്ദ്രജിത്ത്

പൃഥ്വിരാജ് സുകുമാരന് പിന്നാലെ ഇന്ദ്രജിത്ത് സുകുമാരനും സംവിധായകനാവുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷത്തോടെ സിനിമ സംവിധാനം ചെയ്യുമെന്നും ഇന്ദ്രജിത്ത് സുകുമാരന്‍ ദ ക്യുവിനോട് പറഞ്ഞു. നിലവിലെ തിരക്കുകള്‍ മൂലമാണ് സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്താത്തത്. അതെല്ലാം കഴിഞ്ഞെ തന്റെ സിനിമയില്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവു എന്നും ഇന്ദ്രജിത്ത്.

ഇന്ദ്രജിത്ത് പറഞ്ഞത്:

'ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നത് പ്രഖ്യാപിക്കാത്തത് ഉടനെ അത് സംഭവിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. കാരണം എപ്പോള്‍ സിനിമ തുടങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് പോലും അറിയില്ല. ഒരു വര്‍ഷം കൂടി എന്തായാലും വേണം. സിനിമ വീണ്ടും തുടങ്ങിയതിന് ശേഷം തിരക്കുകള്‍ കൂടുതലാണ്. കുറച്ച് കൂടി സിനിമകള്‍ തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞിട്ട് വേണം എന്റെ സിനിമയില്‍ ഫോക്കസ് ചെയ്യാന്‍.

പക്ഷെ അതിന്റെ സ്‌ക്രിപ്പ്റ്റിങ്ങ് പരിപാട് കഴിഞ്ഞ ഒരു ആറ് മാസമായി ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി കുറച്ച് മിനിക്കുപണികള്‍ കൂടി ബാക്കിയുണ്ട്. ഇപ്പോഴത്തെ സിനിമ തിരക്കുകള്‍ കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തിട്ട് വേണം അതിലേക്ക് ഇരിക്കാന്‍. പിന്നെ ആ സിനിമയ്ക്ക് ആവശ്യമായ ഒരു വലിപ്പം അതിന് ഉണ്ട്. അതാണ് എന്റെ മനസിലുള്ള പ്ലാന്‍. ഉടനെയുണ്ടാവില്ല. എന്നാലും ഒരു വര്‍ഷത്തിനുള്ളിലൊക്കെ പ്രതീക്ഷിക്കാം.'

അതേസമയം ഇന്ദ്രജിത്ത് നായകനായ ആഹാ നവംബര്‍ 19ന് തിയേറ്ററില്‍ റിലീസ് ചെയ്തു. വടം വലി പ്രമേയമാക്കി ബിബിന്‍ പോള്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഹ നീലൂര്‍ എന്ന വടംവലി ടീമിന്റെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

The Cue
www.thecue.in