'ചുറ്റും പ്രശ്നങ്ങള്‍, എനിക്ക് നിങ്ങളുടെ കരുതല്‍ വേണം'; പൊട്ടിക്കരഞ്ഞ് ചിമ്പു

'ചുറ്റും പ്രശ്നങ്ങള്‍, എനിക്ക് നിങ്ങളുടെ കരുതല്‍ വേണം'; പൊട്ടിക്കരഞ്ഞ് ചിമ്പു

മാനാടിന്റെ പ്രമോഷന്‍ പരിപാടിയില്‍ പൊട്ടിക്കരഞ്ഞ് നടന്‍ ചിമ്പു. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആരാധകരുടെ സ്‌നേഹവും പിന്തുണയും മാത്രമാണ് തനിക്ക് വേണ്ടതെന്നും ചിമ്പു വേദിയില്‍ പറഞ്ഞു. മാനാടിന്റെ റിലീസ് തീരുമാനിച്ചതിന് പിന്നാലെ ചിമ്പുവിന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. റിലീസ് വൈകിയതും താരത്തിനെ അസ്വസ്തനാക്കിയിരുന്നു. ഇതേ കുറിച്ചായിരിക്കാം ചിമ്പു സംസാരിച്ചതെന്നാണ് ആരാധകരുടെ നിഗമനം.

ചിമ്പു പറഞ്ഞത്:

'വെങ്കട്ട് പ്രഭു ഇത്രയും കാലം എനിക്കൊപ്പം നിന്നു. ഒന്നിച്ച് ഒരു ചിത്രം ചെയ്യണമെന്ന് ഒരുപാട് നാളായി ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണ് അബ്ദുള്‍ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാന്‍ സിനിമ ചെയ്യാമെന്നും പറഞ്ഞു. ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം വളരെ അധികം പ്രയത്‌നിച്ചിട്ടുണ്ട്.

ഞാന്‍ ഇതിന് മുമ്പും പലയിടങ്ങളിലും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയെന്ത് പറയണമെന്ന് എനിക്ക് അറിയില്ല. വല്ലാത്ത വേദന തോന്നുന്നു. കുറച്ച് കാലമായി ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. അതെല്ലാം ഞാന്‍ തന്നെ നേരിടും, പക്ഷെ എനിക്ക് ദയവായി നിങ്ങള്‍ കരുതല്‍ നല്‍കണം.'

നവംബര്‍ 25നാണ് മാനാട് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. എസ്.ജെ സൂര്യയും കേന്ദ്ര കഥാപാത്രമാണ്.

The Cue
www.thecue.in